---
title: "അനധികൃത കെട്ടിടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ അസുരക്ഷിത താമസം; വ്യാപാരികളും നാട്ടുകാരും ആശങ്കയില്‍"
english_title: "Unsafe accommodation of foreign workers in illegal building; Traders and locals are worried"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274085/unsafe-accommodation-of-foreign-workers-in-illegal-building-traders-and-locals-are-worried"
published_at: "2025-03-03T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c541c74f646_apo.JPG"
keywords: []
---

# അനധികൃത കെട്ടിടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ അസുരക്ഷിത താമസം; വ്യാപാരികളും നാട്ടുകാരും ആശങ്കയില്‍

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് അമ്പലനടയില്‍ ഒരു സ്വകാര്യ കെട്ടിടത്തിനുമുകളില്‍ അനുമതിയില്ലാതെ നിര്‍മിച്ച ഷെഡ്ഡില്‍ നാല്‍പ്പത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് വലിയ ആശങ്കയാകുകയാണ്. ഇവര്‍ക്കു പര്യാപ്തമായ വെള്ളവും ശൗചാലയ സൗകര്യങ്ങളും ഇല്ലാത്തതിനെതിരെ നാട്ടുകാര്‍ കടുത്ത പ്രതിഷേധം അറിയിക്കുന്നു. ചൂടുകാലമായതിനാല്‍ താല്‍ക്കാലിക ഷീറ്റിട്ടാണ് നിര്‍മാണം. വൈദ്യുതി ബന്ധം അനധികൃതമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് അമ്പലനടയില്‍ ഒരു സ്വകാര്യ കെട്ടിടത്തിനുമുകളില്‍ അനുമതിയില്ലാതെ നിര്‍മിച്ച ഷെഡ്ഡില്‍ നാല്‍പ്പത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് വലിയ ആശങ്കയാകുകയാണ്. ഇവര്‍ക്കു പര്യാപ്തമായ വെള്ളവും ശൗചാലയ സൗകര്യങ്ങളും ഇല്ലാത്തതിനെതിരെ നാട്ടുകാര്‍ കടുത്ത പ്രതിഷേധം അറിയിക്കുന്നു. ചൂടുകാലമായതിനാല്‍ താല്‍ക്കാലിക ഷീറ്റിട്ടാണ് നിര്‍മാണം. വൈദ്യുതി ബന്ധം അനധികൃതമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ഇവിടെയുള്ള ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്ക് വ്യക്തമായ രേഖകളില്ല, ജോലിക്കായി ഇവിടെ എത്തുമ്പോള്‍ നിയമപരമായ രേഖകളൊന്നും ശേഖരിക്കപ്പെടുന്നില്ല. സമീപത്തായി പിഎസ്‌സി കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നതായാണ് പരാതി. ഇതുകൊണ്ട് സ്ത്രീകളും കുട്ടികളുമാണ് ഏറെ പ്രയാസമനുഭവിക്കുന്നത്.

തൊഴിലാളികള്‍ക്ക് അനുമതിയില്ലാത്ത രീതിയില്‍ കെട്ടിടം കൂലിക്ക് നല്‍കിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. എന്നാല്‍ ദിവസേന വലിയ തുക ഈടാക്കുന്ന കെട്ടിട ഉടമ ഇവര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകുന്നില്ല. കുളിക്കാനോ ശുചിമുറികള്‍ ഉപയോഗിക്കാനോ പോലും മതിയായ സൗകര്യങ്ങളില്ല. ഇതോടെ പരിസരവാസികള്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും അതീവ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണ്.

പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി കെട്ടിടങ്ങളുടെ മുകളില്‍ താല്‍ക്കാലിക ഷെഡ്ഡുകള്‍ ഉയര്‍ത്തി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുവെന്നും ഇതില്‍ ചിലര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നിയമവിരുദ്ധമായ സാഹചര്യത്തില്‍ ഇവര്‍ താമസിക്കുന്നതും പരിശോധനയില്ലാത്തതും നാട്ടുകാര്‍ക്ക് വലിയ ആശങ്കയാകുന്നു. പൊലീസിനും പഞ്ചായത്ത് അധികൃതര്‍ക്കും ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടും നടപടി സ്വീകരിക്കാതിരിക്കുന്നതില്‍ പ്രതിഷേധം ഉയരുകയാണ്.

തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്. ചിലയിടങ്ങളില്‍ ഇവരെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ശാരീരികമായി പ്രതികരിച്ച സംഭവങ്ങളുമുണ്ട്. പ്രദേശത്ത് നേരത്തെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വ്യാപാരികളും നാട്ടുകാരും പറയുന്നു.

ഇതോടെ പ്രദേശത്തെ വ്യാപാരികള്‍ക്കും ദൈനംദിന ജീവിതത്തിനും വലിയ പ്രതിസന്ധി നേരിടേണ്ടിവരികയാണ്. വ്യാപാര രംഗം നേരത്തെ തന്നെ സാമ്പത്തികമായി പ്രതിസന്ധിയിലായിരിക്കെയാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത്. കൃത്യമായി വാടക അടയ്ക്കാനോ വൈദ്യുതി ചാര്‍ജ് നല്‍കാനോ പോലും കഴിയാത്ത അവസ്ഥയിലൂടെയാണ് വ്യാപാരികള്‍ കടന്നുപോകുന്നത്. എന്നാല്‍ അനധികൃതമായി താമസിക്കുന്ന തൊഴിലാളികള്‍ക്കും കെട്ടിട ഉടമയ്ക്കും ഇതൊന്നും ബാധിക്കുന്നില്ല എന്നതാണ് വ്യാപാരികളുടെ പ്രധാന പരാതി.

നാട്ടുകാര്‍ പലവട്ടം ബന്ധപ്പെട്ട അധികാരികളോട് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അനധികൃത നിര്‍മാണം, അനിയന്ത്രിതമായ താമസം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയേക്കുറിച്ച് അടിയന്തരമായ അന്വേഷണം നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. പൊലീസ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സംയുക്തമായി പരിശോധന നടത്തുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് മേധലികാരികള്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് അധികാരികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274085/unsafe-accommodation-of-foreign-workers-in-illegal-building-traders-and-locals-are-worried)