---
title: "പുറക്കാമല സമരം; വിദ്യാര്‍ത്ഥിയെ പൊലീസ് മര്‍ദിച്ചതായി പരാതി"
english_title: "Purakamala protest; Complaint alleging police beating of student"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274709/purakamala-protest-complaint-alleging-police-beating-of-student"
published_at: "2025-03-05T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c874146dfe9_ayu.JPG"
keywords: []
---

# പുറക്കാമല സമരം; വിദ്യാര്‍ത്ഥിയെ പൊലീസ് മര്‍ദിച്ചതായി പരാതി

> **Lead Summary:** **പേരാമ്പ്ര: **പുറക്കാമലയില്‍ നടന്ന സമരത്തില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയെ പൊലീസ് മര്‍ദിച്ചതായി പരാതി. വിദ്യാര്‍ഥിയായ വാളിയില്‍ മിസ്ഹബ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ശരീരത്തില്‍ സാരമായ പരുക്ക് ഉള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

## Article Content

**പേരാമ്പ്ര: **പുറക്കാമലയില്‍ നടന്ന സമരത്തില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയെ പൊലീസ് മര്‍ദിച്ചതായി പരാതി. വിദ്യാര്‍ഥിയായ വാളിയില്‍ മിസ്ഹബ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ശരീരത്തില്‍ സാരമായ പരുക്ക് ഉള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

തലയിലും നെഞ്ചിലും കൈക്കും മറ്റും പരുക്ക് പറ്റിയിട്ടുണ്ട്. പുറക്കാമലയുടെ താഴ്‌വരയിലെ താമസക്കാരാണ് കുട്ടിയുടെ കുടുംബം. കുട്ടിയുടെ പിതാവ് നൗഷാദ് സമര സമിതിയുമായി സഹകരിക്കുന്ന വ്യക്തിയാണെന്നും കഴിഞ്ഞ ദിവസം പരീക്ഷ ഇല്ലാതിരുന്നതിനാല്‍ കുട്ടി സമരം കാണാന്‍ എത്തിയതായിരുന്നു എന്നും സംഘര്‍ഷത്തിനിടയില്‍ മേപ്പയൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഉള്ള ഒരു കൂട്ടം പൊലീസുകാര്‍ കുട്ടിയെ മര്‍ദിച്ച് അവശനാക്കിയതായും നാട്ടുകാര്‍ പറയുന്നു.

പതിനഞ്ചോളം വരുന്ന പൊലീസുകാരാണ് വിദ്യാര്‍ഥിയെ വളഞ്ഞിട്ട് ആക്രമിച്ചതെന്നും സ്ത്രീകള്‍ അടക്കമുള്ളവര്‍ കുട്ടിയെ മര്‍ദിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും എസ്പിയുടെ നിര്‍ദേശമാണെന്നായിരുന്നു പൊലീസ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. അവശനായ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ ഇടപെടലില്‍ രാത്രിയില്‍ വിട്ടയച്ചു.

എസ്എസ്എസ്സി പരീക്ഷ ആയതിനാല്‍ കുട്ടിയെ കുടുംബം സ്‌കൂളില്‍ എത്തിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞപ്പോഴേക്കും കുട്ടി തളര്‍ന്ന് വീഴുകയായിരുന്നുവെന്നും പരീക്ഷ സമയത്ത് സ്‌കൂളില്‍ കാത്തു നിന്ന പിതാവ് കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദ്യാര്‍ഥിക്ക് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും നാളെ നടക്കുന്ന പരീക്ഷ എഴുതാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് കുടുംബം.

പുറക്കാമല സംരക്ഷണ സമിതി നടത്തിയ സമരം കാണാന്‍ എത്തിയ വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ച് അവശനാക്കിയ നടപടിയില്‍ പുറക്കാമല സംരക്ഷണ സമിതി പ്രതിഷേധിച്ചു. കെ. ലോഹ്യ, എം.കെ. മുരളീധരന്‍, എം.എം. പ്രജീഷ്, വി.പി. മോഹനന്‍, ഇല്ല്യാസ് ഇല്ലത്ത്, എടയിലാട്ട് ഉണ്ണിക്കൃഷ്ണന്‍, വി.എ. ബാലകൃഷ്ണന്‍, മധു പുഴയരികത്ത്, കരിം കോച്ചേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274709/purakamala-protest-complaint-alleging-police-beating-of-student)