---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2025- 26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിച്ചു"
english_title: "Perambra Block Panchayat presented the budget for the financial year 2025-26"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274716/perambra-block-panchayat-presented-the-budget-for-the-financial-year-2025-26"
published_at: "2025-03-05T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c8774d7f2f4_pathu.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2025- 26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2025- 26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയുമായ സി.കെ. പാത്തുമ്മ ബജറ്റ് അവതരണം നടത്തി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2025- 26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയുമായ സി.കെ. പാത്തുമ്മ ബജറ്റ് അവതരണം നടത്തി.

ദാരിദ്ര ലഘൂകരണ പദ്ധതികള്‍, അതി ദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, മാലിന്യ മുക്ത നവകേരളം, ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സമഗ്ര കാര്‍ഷിക പദ്ധതികള്‍ക്കും സങ്കേതങ്ങളുടെയും ഉന്നതികളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതാണ് ഈ വര്‍ഷത്തെ ബജറ്റ്.

തൊഴിലും വരുമാനവും ഉറപ്പു വരുത്തലും സ്ത്രീ ശാക്തീകരണ പദ്ധതികളും വൃദ്ധരുടെയും കുട്ടികളുടെയും ഭിന്ന ശേഷി വിഭാഗങ്ങളുടെ ഉന്നമനവും ബജറ്റ് ലക്ഷ്യമിടുന്നു. കാര്‍ഷിക മേഖലയുടെ വികസനത്തിനായി മേഖലയില്‍ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിക്കുന്നതിനുള്ള പദ്ധതികളും തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്കും ബജറ്റ് പ്രാമുഖ്യം നല്‍കുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും. പട്ടിക ജാതി പട്ടിക വര്‍ഗ മേഖലകളുടെ ഉന്നമനത്തിനായി ഉന്നതികളുടെ നവീകരണം നടപ്പിലാക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നടപ്പു വര്‍ഷം 16,54,996 തൊഴില്‍ ദിനങ്ങള്‍ ലക്ഷ്യമിടുന്നു.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിട നിര്‍മാണ പൂര്‍ത്തീകരണം, എബിസി സെന്റര്‍, ആര്‍ആര്‍എഫ് പൂര്‍ത്തീകരണം, താലൂക്ക് ആശുപതിയില്‍ ഡയാലിസിസ് സെന്റര്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയ പദ്ധതികള്‍ പൂര്‍ണീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ആഗ്രഹിക്കുന്നതായും ബജറ്റില്‍ പറയുന്നു. 26, 60, 80, 297 രൂപ പ്രതീക്ഷിത വരവും 26,56, 34, 309 പ്രതീക്ഷിത ചെലവും 5,45,988 രൂപ നീക്കി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ അവതരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274716/perambra-block-panchayat-presented-the-budget-for-the-financial-year-2025-26)