---
title: "ഗഥകാലസ്മരണ പുതുക്കി നായാട്ടു വരവും കരടി വരവും "
english_title: "The arrival of the hunter and the arrival of the bear, renewing the memory of the past at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/274964/the-arrival-of-the-hunter-and-the-arrival-of-the-bear-renewing-the-memory-of-the-past-at-perambra"
published_at: "2025-03-07T01:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c9f905d2164_varas.JPG"
keywords: []
---

# ഗഥകാലസ്മരണ പുതുക്കി നായാട്ടു വരവും കരടി വരവും 

> **Lead Summary:** പേരാമ്പ്ര: വിജയത്തിന്റെയും പരാജയത്തിന്റെയും ഗഥകാലസ്മരണ പുതുക്കി നായാട്ടു വരവും കരടി വരവും. ആറാട്ടു മഹോത്സവത്തിലെ ഏഴാം നാളായ ഇന്നാണ് പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലെ നായാട്ടു വരവും കരടി വരവും നടക്കുന്നത്. എളമാരന്‍ കുളങ്ങര ഭഗവതി അമ്മ പരിവാര സമേതം നായാട്ടിനായ് പോയതിന്റെ ഓര്‍മ്മ പുതുക്കലാണ് നായാട്ടു വരവിലൂടെയും കരടി വരവിലൂടെ ഉദ്ദേശിക്കുന്നത്.

## Article Content

പേരാമ്പ്ര: വിജയത്തിന്റെയും പരാജയത്തിന്റെയും ഗഥകാലസ്മരണ പുതുക്കി നായാട്ടു വരവും കരടി വരവും. ആറാട്ടു മഹോത്സവത്തിലെ ഏഴാം നാളായ ഇന്നാണ് പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലെ നായാട്ടു വരവും കരടി വരവും നടക്കുന്നത്. എളമാരന്‍ കുളങ്ങര ഭഗവതി അമ്മ പരിവാര സമേതം നായാട്ടിനായ് പോയതിന്റെ ഓര്‍മ്മ പുതുക്കലാണ് നായാട്ടു വരവിലൂടെയും കരടി വരവിലൂടെ ഉദ്ദേശിക്കുന്നത്.

ക്ഷേത്രത്തില്‍ നിന്നും കുറച്ചകലെയുള്ള കൈതാവ് പാറയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് നായാട്ടു വരവ്. ഭഗവതി അമ്മ പരിവാര സമേതം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ രാവിലെ തന്നെ കൈതാവ് പാറയിലേക്ക് പുറപ്പെടുന്നതോടെയാണ് നായാട്ടു വരവിന്റെ ചടങ്ങുകള്‍ ആരംഭിക്കുക.

ഒരു ദിവസം മുഴുവന്‍ കാട്ടില്‍ വേട്ടയാടി കിട്ടിയ വേട്ട മൃഗങ്ങളെയും കൊണ്ട് വിജയശ്രീലാളിതയായി ഭഗവതി അമ്മ വരുന്നതാണ് നായാട്ട് വരവ്. ആനപ്പുറമേറി വാദ്യഘോഷങ്ങളും പരിവാരങ്ങളും വേട്ട നായയും തോക്കും കുന്തവുമായിട്ടാണ് നായാട്ടു യാത്ര ആരംഭിക്കുക. മടക്കയാത്ര ആചാരാനുഷ്ഠാനങ്ങളോടെ ക്ഷേത്രത്തില്‍ പ്രവേശിക്കും.വേട്ട മൃഗത്തെയും കൊണ്ട് വിജയഭേരി മുഴക്കിയാണ് നായാട്ടു വരവ് കടന്നു വരിക.

ആദ്യകാലങ്ങളില്‍ രാവിലെ മുതല്‍ നടന്നു പോന്നിരുന്ന ഈ വരവ് ഇപ്പോള്‍ വൈകുന്നേരമാണ് നടക്കുന്നത്. സന്ധ്യ യോടെ ക്ഷേത്രത്തില്‍ നിന്നും പരിവാര സമേതം പുറപ്പെട്ട് പഴയ നായാട്ടിനെ അനുസ്മരിപ്പിച്ച് മല്ലിശ്ശേരി താഴെ എത്തി അവിടത്തെ ചടങ്ങിനു ശേഷം തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. ഗഥ കാല സ്മരണകളുണര്‍ത്തി വാദ്യങ്ങളുടെയും പരിവാരങ്ങളുടെയും ആര്‍പ്പുവിളികളൊടെയും തന്റെ വിജയത്തിന്റെ ഗമയില്‍ ആനപ്പുറത്ത് എഴുന്നള്ളി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെ നായാട്ടു വരവിന് സമാപനമാവുന്നു.

ഭഗവതി അമ്മയുടെ വിജയത്തെ ആഘോഷിക്കുന്ന വരവാണ് നായാട്ടു വരവെങ്കില്‍ പരാജയവുമായി ബന്ധപ്പെട്ടതാണ് കരടി വരവ്. പതിവ് പോലെ എള മാരന്‍കുളങ്ങര ഭഗവതി അമ്മ ഒരു ആണ്ടില്‍ നായാട്ടിനായ് പരിവാര സമേതം പോയി. അമ്മയും പരിവാരങ്ങളുംഒരു ദിവസം മുഴുവനും കാട്ടില്‍ ചിലവഴിച്ചിട്ടും ഒരു മൃഗത്തെ പോലും കാണാന്‍ കഴിഞ്ഞില്ല. സമയം കഴിഞ്ഞതോടെ വ്യസനത്തോടെ തിരിച്ചു പോരേണ്ടി വന്നു. ഇതിനു മുന്‍പ് ഒരിക്കല്‍ പോലും ഇങ്ങനെ വെറും കൈയ്യുമായി മടങ്ങേണ്ടി വന്നിട്ടില്ല.

മാലോകരാല്‍ അപമാനിതയാവുമെന്ന ചിന്ത ഭഗവതി അമ്മയെ വല്ലാതെ അലട്ടി. അമ്മവെറും കൈയോടെ തിരിച്ചു വരുന്നതു കണ്ട ഞാണിയത്ത് തെരുവിലെ ഗണപതി ഭഗവാന്‍ തെല്ലു പരിഹാസത്തോടെ അമ്മയെ സഹായിക്കാനൊരുങ്ങി. വേട്ട മൃഗമില്ലാതെ ഭഗവതി അമ്മ തിരിച്ചു ചെല്ലുന്നത് മറ്റു ദേവതകള്‍ക്കും മോശമാണെന്നതിനാല്‍ ജീവനോടെ ഒരു കരടി മൃഗത്തെ അമ്മക്ക് നല്‍കി. അങ്ങനെ പരാജയഭാരമായി തലകുനിച്ചു വന്ന ഭഗവതി അമ്മക്ക് എളമാരന്‍ കുളങ്ങരയിലേക്ക് തലയുയര്‍ത്തി വരാനുള്ള അവസരം തൊട്ടടുത്തുള്ള ഞാണിയത്ത് തെരു ക്ഷേത്രത്തിലെ ഗണപതി ഭഗവാന്‍ ഒരുക്കി കൊടുത്തു എന്ന ഐതിഹ്യത്തിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന വരവാണ് കരടി വരവ്.

ഗണപതിയുടെ തിരുമുമ്പില്‍ നിന്നാരംഭിച്ച് ആനയും വാദ്യഘോഷങ്ങളും വേഷം കെട്ടിയ കരടിയും പരിചാരകരുമായി പേരാമ്പ്ര നഗരത്തിലൂടെ പ്രദിക്ഷണം നടത്തി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നതോടെയാണ് കരടിവരവ് സമാപിക്കുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രധാനക്ഷേത്രങ്ങളിലൊന്നായ എളമാരന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ടുമഹോത്സവം നാളെ സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/274964/the-arrival-of-the-hunter-and-the-arrival-of-the-bear-renewing-the-memory-of-the-past-at-perambra)