---
title: "പ്രകൃതിയെ സ്‌നേഹത്താല്‍ ചേര്‍ത്ത് പിടിച്ച് നന്മ സ്വയം സഹായ സംഘം "
english_title: "Self-help group for goodness, embracing nature with love at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/275892/self-help-group-for-goodness-embracing-nature-with-love-at-perambra"
published_at: "2025-03-11T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfea911e74e_presoon.jpg"
keywords: []
---

# പ്രകൃതിയെ സ്‌നേഹത്താല്‍ ചേര്‍ത്ത് പിടിച്ച് നന്മ സ്വയം സഹായ സംഘം 

> **Lead Summary:** **പേരാമ്പ്ര : **കല്ലോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നന്മ സ്വയം സഹായ സംഘം പ്രകൃതി ജീവികള്‍ക്ക് കരുതലായി മാറുന്നു. മാറി മാറി വരുന്ന കാലാവസ്ഥാ വ്യത്യാസങ്ങള്‍ കാരണം വൃത്തിഹീനമായ വെള്ളം കുടിക്കേണ്ട സാഹചര്യമുള്ള സഹജീവികള്‍ക്ക് ഒരു തുള്ളി ശുദ്ധജലം നല്‍കാന്‍ ഉദ്ദേശിച്ചാണ് സംഘം 'കരുതി വയ്ക്കാം കനിവിന്റെ നീര്‍കുടം' എന്ന പദ്ധതി ആരംഭിച്ചത്.

## Article Content

**പേരാമ്പ്ര : **കല്ലോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നന്മ സ്വയം സഹായ സംഘം പ്രകൃതി ജീവികള്‍ക്ക് കരുതലായി മാറുന്നു. മാറി മാറി വരുന്ന കാലാവസ്ഥാ വ്യത്യാസങ്ങള്‍ കാരണം വൃത്തിഹീനമായ വെള്ളം കുടിക്കേണ്ട സാഹചര്യമുള്ള സഹജീവികള്‍ക്ക് ഒരു തുള്ളി ശുദ്ധജലം നല്‍കാന്‍ ഉദ്ദേശിച്ചാണ് സംഘം 'കരുതി വയ്ക്കാം കനിവിന്റെ നീര്‍കുടം' എന്ന പദ്ധതി ആരംഭിച്ചത്.

സഹജീവികളുടെ ദാഹത്തിന് ഒരു തുള്ളി കരുണയുമായി നന്മ സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ വീടുകളിലും പൊതു സ്ഥലങ്ങളിലും പക്ഷിമൃഗാദികള്‍ക്ക് കുടിക്കാനും കുളിക്കാനും പാകമായ ജലസംഭരണികള്‍ സ്ഥാപിച്ചു.

വേനല്‍ക്കാലത്ത് ജലക്ഷാമം കാരണം തെരുവുനായകള്‍, പശുക്കള്‍, കാക്കകള്‍, കുരുവികള്‍ തുടങ്ങിയ ജീവികള്‍ കുടിക്കാന്‍ വെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്ന കാഴ്ച പതിവാണ്. ഇതിന്റെ പരിഹാരമായി ഓരോ അംഗവും തങ്ങളുടെ വീടിന്റെ പരിസരത്തും മറ്റുമായി ജലസംഭരണികള്‍ ഒരുക്കി അതില്‍ ശുദ്ധജലവും ഭക്ഷണവും നിറയ്ക്കുകയാണ്.

പരിസ്ഥിതി ചൂഷണം ചെയ്യുന്ന ഇന്നത്തെ സമൂഹത്തില്‍, സഹജീവികള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നുള്ള തിരിച്ചറിവാണ് ഈ പദ്ധതിയിലൂടെ അവര്‍ ജനങ്ങളില്‍ എത്തിക്കുന്നത്. പ്രകൃതിയെ മനസ്സിലാക്കാനും, അത് സംരക്ഷിക്കാനും നമുക്ക് ബാധ്യതയുണ്ടെന്ന ബോധം ഈ പദ്ധതിയിലൂടെ ജനങ്ങളില്‍ ശക്തിപ്പെടുകയും ചെയ്യുന്നു.

ഈ മാതൃകകണ്ട് പ്രചോദനം ലഭിച്ച് നിരവധി ആളുകള്‍ തങ്ങളുടെ വീടുകളിലും കടകളിലും ജലസംഭരണികള്‍ ഒരുക്കാന്‍ തുടങ്ങിയിട്ടുണ്ട്. അനുഭവിച്ചറിയുന്നവര്‍ക്കാണ് നന്മയുടെ മൂല്യം മനസ്സിലാവുക. സഹജീവികള്‍ക്കും ജീവിതാവശ്യങ്ങള്‍ ഉണ്ട്, അവര്‍ക്കും ദാഹിക്കാം, അവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ആവശ്യമുണ്ട്. അതിനായി ചിറകു വിടര്‍ത്തുന്ന ഒരു കൂട്ടായ്മയാകാന്‍ നന്മ സ്വയം സഹായ സംഘം ശ്രമിക്കുന്നു.

പ്രസൂണ്‍ കല്ലോട്, അഖില്‍ രാജ്, ശ്യാം, ടി.കെ അരുണ്‍, ബബീഷ് എന്നിവര്‍ നന്മ സ്വയം സഹായ സംഘത്തിന്റെ ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ഇവര്‍ മുമ്പ് നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നാടിന് മാതൃകയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/275892/self-help-group-for-goodness-embracing-nature-with-love-at-perambra)