---
title: "മലയോര ഹൈവേ ആക്ഷന്‍ കമ്മിറ്റി ചെമ്പനോട മേഖല പേരാമ്പ്ര പിഡബ്ല്യുഡി ഓഫീസ് ധര്‍ണ്ണ"
english_title: "Hill Highway Action Committee Chembanoda Region Perambra PWD Office Dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27609/hill-highway-action-committee-chembanoda-region-perambra-pwd-office-dharna"
published_at: "2022-02-21T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62138422d2cf7_0000 WATERMARK.jpg"
keywords: []
---

# മലയോര ഹൈവേ ആക്ഷന്‍ കമ്മിറ്റി ചെമ്പനോട മേഖല പേരാമ്പ്ര പിഡബ്ല്യുഡി ഓഫീസ് ധര്‍ണ്ണ

> **Lead Summary:** ** പേരാമ്പ്ര : **മലയോര ഹൈവേ ആക്ഷന്‍ കമ്മിറ്റി ചെമ്പനോട മേഖല പേരാമ്പ്ര പിഡബ്ല്യുഡി ഓഫീസ് ധര്‍ണ്ണ നടത്തും. ചെമ്പനോട പൂഴിത്തോട്, മുതുകാട് പ്രദേശങ്ങളുടെ വികസനത്തിന് വളരെ ഗുണകരമായി തീരുമെന്ന് പ്രതീക്ഷിച്ച മലയോര ഹൈവേയുടെ റൂട്ട് മുള്ളന്‍കുന്ന്, ചെമ്പനോട്, പെരുവണ്ണാമുഴി എന്നുള്ളത് മാറ്റുവാന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര : **മലയോര ഹൈവേ ആക്ഷന്‍ കമ്മിറ്റി ചെമ്പനോട മേഖല പേരാമ്പ്ര പിഡബ്ല്യുഡി ഓഫീസ് ധര്‍ണ്ണ നടത്തും. ചെമ്പനോട പൂഴിത്തോട്, മുതുകാട് പ്രദേശങ്ങളുടെ വികസനത്തിന് വളരെ ഗുണകരമായി തീരുമെന്ന് പ്രതീക്ഷിച്ച മലയോര ഹൈവേയുടെ റൂട്ട് മുള്ളന്‍കുന്ന്, ചെമ്പനോട്, പെരുവണ്ണാമുഴി എന്നുള്ളത് മാറ്റുവാന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതിനെതിരെ ഈ മാസം 23 ന് മലയോര ഹൈവേ ആക്ഷന്‍ കമ്മിറ്റി ചെമ്പനോട മേഖല പേരാമ്പ്ര പിഡബ്ല്യുഡി ഓഫീസ് ധര്‍ണ്ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മലയോര ജനതയുടെ ചിരകാല അഭിലാഷമായിരുന്ന പൂഴിത്തോട്, പടിഞ്ഞാറത്തറ, വയനാട് ബദല്‍ റോഡും ഇതേ രീതിയില്‍ അട്ടിമറിക്കപ്പെട്ടു പോയതാണെന്നും കാര്‍ഷിക മേഖലകളായ ചെമ്പനോട, പൂഴിത്തോട്, പന്നിക്കോട്ടൂര്‍, മുതുകാട് എന്നിവിടങ്ങളിലെ ജനങ്ങള്‍ കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും വന്യമൃഗ ശല്യവും മൂലം പൊറുതിമുട്ടി അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന അവസ്ഥയിലാണെന്നും അവര്‍ പറഞ്ഞു.

പരിസ്ഥിതി ലോല പ്രദേശങ്ങള്‍ എന്ന ഭീഷണിയും ഈ പ്രദേശങ്ങളുടെ വികസനത്തിന് തടസ്സമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സ്ഥിതി വിശേഷങ്ങള്‍ ആകെ മാറ്റിമറിക്കുവാന്‍ പോന്നതായിരുന്നു ചെമ്പനോട വില്ലേജില്‍ കൂടി കടന്നു പോകുന്ന ഏഴു കിലോമീറ്റര്‍ ദൂരം വരുന്ന മലയോര ഹൈവേ.

വയനാട് ബദല്‍ റോഡിനായി ഇതേ റൂട്ടില്‍ 12 മീറ്ററിലധികം വീതിയില്‍ നിലവില്‍ വനംവകുപ്പ് വിട്ടു കൊടുത്തിട്ടുള്ളത് അറിയാമായിരുന്നിട്ടും മലയോര ഹൈവേക്ക് വനത്തില്‍ കൂടി വനംവകുപ്പ് അനുമതി നല്‍കില്ല എന്ന് കുപ്രചരണം മറയാക്കി ചെമ്പനോട വഴിയുള്ള നിര്‍ദിഷ്ട റൂട്ട് അട്ടിമറിക്കുവാന്‍ തല്‍പരകക്ഷികള്‍ ശ്രമം നടത്തുന്നതായി കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാമ്പ്ര പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ മലയോര ഹൈവേ ആക്ഷന്‍ കമ്മിറ്റി ചെമ്പനോട മേഖല തീരുമാനമെടുത്തിരിക്കുന്നതെന്നും അതോടൊപ്പം തന്നെ നിയമനടപടികള്‍ സ്വീകരിക്കാനും ഈ റൂട്ട് അട്ടിമറിക്കപ്പെട്ടാല്‍ സുപ്രീംകോടതിയില്‍ വരെ പോയിട്ടായാലും നീതി നേടിയയെടുക്കാനും ആക്ഷന്‍ കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇരുപത്തിമൂന്നാം തീയതി ഈ മേഖലകളിലെ വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടച്ചുകൊണ്ട് തൊഴിലുറപ്പ് അടക്കമുള്ള തൊഴില്‍ മേഖലകള്‍ സ്തംഭിപ്പിച്ചുകൊണ്ട് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ ബഹുജനങ്ങളും അന്നത്തെ പിഡബ്ല്യൂഡി ഓഫീസ് ധര്‍ണയില്‍ അണിനിരക്കുമെന്നും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കെ. സുനില്‍ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്യുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ചെയര്‍മാന്‍ സി.കെ. ശശി, കണ്‍വീനര്‍ കെ.എ. ജോസു കുട്ടി, ആവള ഹമീദ്, രാജീവ് തോമസ്, ലൈസ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27609/hill-highway-action-committee-chembanoda-region-perambra-pwd-office-dharna)