---
title: "ശസ്ത്രക്രിയയെ തുടര്‍ന്ന് സ്ത്രീ മരണപ്പെട്ടു; ചികിത്സാ പിഴവെന്ന് ആരോപണം "
english_title: "Woman dies after surgery; medical malpractice alleged at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276117/woman-dies-after-surgery-medical-malpractice-alleged-at-kozhikkod"
published_at: "2025-03-12T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d161f768ed6_vilasini.jpg"
keywords: []
---

# ശസ്ത്രക്രിയയെ തുടര്‍ന്ന് സ്ത്രീ മരണപ്പെട്ടു; ചികിത്സാ പിഴവെന്ന് ആരോപണം 

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം സ്ത്രീ മരിച്ചു. കിഴക്കന്‍ പേരാമ്പ്ര കെടി റോഡ് വാഴയില്‍ വിലാസിനി യാണ് മരണപ്പെട്ടത്. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് മരണത്തിന് കാരണമെന്ന് കരുതുന്നു.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം സ്ത്രീ മരിച്ചു. കിഴക്കന്‍ പേരാമ്പ്ര കെടി റോഡ് വാഴയില്‍ വിലാസിനി യാണ് മരണപ്പെട്ടത്. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് മരണത്തിന് കാരണമെന്ന് കരുതുന്നു.

മാര്‍ച്ച് നാലിനാണ് വിലാസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഏഴിന് ശസ്ത്രക്രിയ നടന്നു. ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് നടന്നത്. ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നിട്ടതായും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.

വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്‍കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെന്നും ഗ്യാസ്ട്രബിളിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മരുന്ന് നല്‍കിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

ഉച്ചക്ക് വേദന കഠിനമായതോടെ മറ്റൊരു മരുന്നു നല്‍കിയെന്നും വൈകുന്നേരം വിലാസിനിയെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു എന്നും അവര്‍ പറഞ്ഞു. അണുബാധ ഉള്ളതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. വൈകുന്നേരം ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയണമെന്നാണ് പിന്നീട് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.

ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ വിലാസിനി മരണത്തിന് കീഴടങ്ങി. കുടലിന് പറ്റിയ മുറിവ് കൃത്യമായി ചികിത്സിക്കാത്തതാണ് രോഗിയുടെ ആരോഗ്യസ്ഥിതി മോശമാകാനും മരണം സംഭവിക്കാനും കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഭര്‍ത്താവ് രാജന്‍ (റിട്ട: എക്‌സ് ഗള്‍ഫ്). മക്കള്‍ രജീഷ് (ബഹറിന്‍), രസിത, സജിന (മിംസ് ആശുപത്രി കോഴിക്കോട്). മരുമക്കള്‍ ഷൈലേഷ് (പുളിയോട്ട് മുക്ക്), പ്രിന്‍സ് (ചെമ്പനോട). പിതാവ് കരുണാകരന്‍. മാതാവ് ദേവി. സഹോദരങ്ങള്‍ പ്രകാശന്‍, വത്സല. കോഴിക്കോട് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃദദേഹം നാളെ കാലത്ത് 7 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276117/woman-dies-after-surgery-medical-malpractice-alleged-at-kozhikkod)