---
title: "പുറക്കാമല ഖനനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്"
english_title: "High Court orders suspension of Purakamala mining at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/276135/high-court-orders-suspension-of-purakamala-mining-at-perambra"
published_at: "2025-03-12T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d1711f4827e_purakkamala.jpg"
keywords: []
---

# പുറക്കാമല ഖനനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

> **Lead Summary:** **മേപ്പയ്യൂര്‍: **പുറക്കാമല ഖനനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പുറക്കാമല ഖനനം നടത്താന്‍ ക്വാറി ഉടമസ്ഥര്‍ ഉണ്ടാക്കിയ രേഖകള്‍ വ്യാജ രേഖകളാണെന്ന് ഹൈക്കോടതിക്ക് മുമ്പില്‍ തെളിഞ്ഞതോടെയാണ് ഖനനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

## Article Content

**മേപ്പയ്യൂര്‍: **പുറക്കാമല ഖനനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പുറക്കാമല ഖനനം നടത്താന്‍ ക്വാറി ഉടമസ്ഥര്‍ ഉണ്ടാക്കിയ രേഖകള്‍ വ്യാജ രേഖകളാണെന്ന് ഹൈക്കോടതിക്ക് മുമ്പില്‍ തെളിഞ്ഞതോടെയാണ് ഖനനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ കുറെ നാളുകളായി പുറക്കാമലയില്‍ ക്വാറി മാഫിയകളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. ഇരുട്ടിന്റെ മറവില്‍ തൊഴിലാളികള്‍ ക്വാറി പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി എത്തുകയും ഇതറിഞ്ഞ നാട്ടുകാര്‍ തൊഴിലാളികളെ തടയുകയും ചെയ്തു. പണി നിര്‍ത്തി തിരിച്ച് പോകണമെന്നും അല്ലാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകുമെന്നും സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ രംഗത്ത് വന്നത്. പ്രദേശത്ത് വന്‍ കയ്യാങ്കളിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കോടതി ഇടപെട്ടത്. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ വെറും കള്ളരേഖകള്‍ വെച്ച് മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് കണ്ടെത്തിയ കോടതി ഇക്കാര്യത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളോടും കോഴിക്കോട് ജില്ലാ കലക്ടറോടും മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്.

ജില്ലാ ജിയോളജിസ്റ്റിന്റെ സാനിദ്ധ്യത്തിലേ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഖനനം നടത്താവൂ എന്ന രണ്ട് മാസം മുമ്പുള്ള ഹൈക്കോടതി വിധിക്ക് വില കല്പിക്കാതെ ക്വാറി ഉടമകളും അവര്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘവും നടത്തുന്ന അക്രമങ്ങള്‍ക്ക് കൂട്ട് നിന്ന് നടപടികളുമായി മുന്നോട്ട് പോയ മേപ്പയ്യൂര്‍ പൊലീസിനും താക്കീതാണ് ഈ സ്റ്റേ എന്ന് സമരക്കാര്‍ പറഞ്ഞു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം,സംസ്ഥാന സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ പരിസ്ഥിതി ഘാത പഠന അതോറിറ്റി, കോഴിക്കോട് ജില്ലാ കലക്ടര്‍, ജില്ലാ ജിയോളജിസ്റ്റ്, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കും എതിര്‍ കക്ഷി ക്വാറി ഉടമ ബാലന്‍ എന്നിവര്‍ക്കും നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/276135/high-court-orders-suspension-of-purakamala-mining-at-perambra)