---
title: "കേന്ദ്ര അവഗണനക്കെതിരെ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു."
english_title: "ldf perambra The post office organized a march and dharna against central neglect."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/277056/ldf-perambra-the-post-office-organized-a-march-and-dharna-against-central-neglect"
published_at: "2025-03-17T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d7da2657bb6_POSTTOFICE.JPG"
keywords: []
---

# കേന്ദ്ര അവഗണനക്കെതിരെ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

> **Lead Summary:** **പേരാമ്പ്ര:** കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ എല്‍ഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ എല്‍ഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റില്‍ കേരളമെന്ന പേരു പോലും പരാമര്‍ശിക്കാതെ സംസ്ഥാനത്തിന്റെ അര്‍ഹതപ്പെട്ട വിഹിതം തടഞ്ഞുവെക്കുന്നതിലും കേരളത്തോട് കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് 'കേരളം ഇന്ത്യയിലല്ലേ ' എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തിയത്.

ധര്‍ണ്ണ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കേരളം ഭരിക്കുന്ന സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് തുള്ളുന്നവരല്ലാത്തത് കൊണ്ടാണ് കേരളത്തോട് കേന്ദ്രം ക്രൂരത കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ വിനാശകരമായ കോര്‍പ്പറേറ്റ് അനുകൂല നടപടികള്‍ മൂലം രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരും തൊഴിലാളികളും ദുരിതമനുഭവിക്കുകയാണന്നും ഈ നയത്തിനെതിരെ ജനപക്ഷ ബദലാണ് ഇടതുപക്ഷമെന്നും പി.മോഹനന്‍ കൂട്ടിചേര്‍ത്തു.

എസ്.കെ. സജീഷ് അധ്യക്ഷത വഹിച്ചു. എ.കെ ചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.കെ പത്മനാഭന്‍, കെ. കുഞ്ഞമ്മത്, എന്‍.കെ വത്സന്‍, പി.കെ.എം ബാലകൃഷ്ണന്‍, ആര്‍.ശശി, ബേബി കാപ്പുകാട്ടില്‍, കെ.പി ആലികുട്ടി, വി.കെ ബിജു എന്നിവര്‍ സംസാരിച്ചു.

മാര്‍ച്ചിന് എന്‍.പി ബാബു, എം കുഞ്ഞമ്മത്, കെ.കെ ഭാസ്‌കരന്‍, പി. മോനിഷ, കെ. ലോഹ്യ, വി.കെ പ്രമോദ്, സുരേന്ദ്രന്‍ പാലേരി, സഫ മജീദ്, അനിത കുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/277056/ldf-perambra-the-post-office-organized-a-march-and-dharna-against-central-neglect)