---
title: "പിഞ്ചു സഹോദരങ്ങളുടെ ചികിത്സക്കായി കൈകോര്‍ത്ത് മാട്ടനോട് ഗ്രാമം: മനസ് നിറച്ച് ബിരിയാണി ചലഞ്ച് "
english_title: "cunducting biriyani challenge Village to Mattanode hand in hand for the treatment of younger siblings: "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27857/cunducting-biriyani-challenge-village-to-mattanode-hand-in-hand-for-the-treatment-of-younger-siblings"
published_at: "2022-02-22T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215157bc7a78_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പിഞ്ചു സഹോദരങ്ങളുടെ ചികിത്സക്കായി കൈകോര്‍ത്ത് മാട്ടനോട് ഗ്രാമം: മനസ് നിറച്ച് ബിരിയാണി ചലഞ്ച് 

> **Lead Summary:** പേരാമ്പ്ര: ഒരു നാടൊരുമിച്ച് ഒത്തൊരുമയോടെ കൈകോര്‍ത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ചികിത്സാ ചെലവ് കണ്ടെത്തി മാതൃകയാവുകയാണ് പേരാമ്പ്ര കായണ്ണയിലെ ഒരു ഗ്രാമം.

## Article Content

പേരാമ്പ്ര: ഒരു നാടൊരുമിച്ച് ഒത്തൊരുമയോടെ കൈകോര്‍ത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ചികിത്സാ ചെലവ് കണ്ടെത്തി മാതൃകയാവുകയാണ് പേരാമ്പ്ര കായണ്ണയിലെ ഒരു ഗ്രാമം.

ജാതിമത-രാഷ്ട്രീയ വേര്‍തിരിവുകളില്ലാതെ ബിരിയാണി ചലഞ്ചിലൂടെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുകയാണ് സന്മനസ്സുള്ള ഈ നാട്ടുകാര്‍.

തലാസീമിയ രോഗം ബാധിച്ച് ചികിത്സ തേടുന്ന മാട്ടനോട് കോറോത്ത് ഷമീറിന്റെ മക്കളായ മുഹമ്മദ് ഷഹല്‍ഷ, അനുജത്തി ആയിഷ തന്‍ഹയുടെയും ചികിത്സക്കാണ് ഒരു നാട് കൈകോര്‍ക്കുന്നത്.

കഴിഞ്ഞ ദിവസം കായണ്ണയിലെ ദോസ്ത് വാര്‍ട്‌സ് അപ്പ് കൂട്ടായ്മയായിരുന്നു ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഒറ്റ ദിവസം കൊണ്ട് 15000 ബിരിയാണിയാണ് ചിലവായത്. അഫ്‌സല്‍ ആക്കണ്ടിയുടെയും ടി.കെ രമേശന്റെയും ലിനീഷിന്റെയും നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.

കോഴിക്കട നടത്തുന്ന പിതാവിന് ആറ് വര്‍ഷത്തോളമായി നടത്തുന്ന ചികിത്സ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ചികിത്സക്കായി പണം കണ്ടെത്താന്‍ തുടങ്ങിയത്.

മജ്ജ മാറ്റി വെക്കാന്‍ മാത്രം 80 ലക്ഷം രൂപയും തുടര്‍ ചികിത്സക്ക് 20 ലക്ഷത്തിലേറെയും ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍. കായണ്ണയിലെ ഓട്ടോ തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയ നിരവധി പേരും ചികിത്സക്കായി പണം കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27857/cunducting-biriyani-challenge-village-to-mattanode-hand-in-hand-for-the-treatment-of-younger-siblings)