---
title: "മലയോര ഹൈവേയുടെ അലൈന്‍മെന്റ് മാറ്റുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റി പേരാമ്പ്ര പിഡബ്ല്യുഡി ഓഫീസ് മാര്‍ച്ച് നടത്തി "
english_title: "Action Committee Perambra PWD office marches against change in alignment of hilly highway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27971/action-committee-perambra-pwd-office-marches-against-change-in-alignment-of-hilly-highway"
published_at: "2022-02-23T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215f771b2d5b_0000 WATERMARK.jpg"
keywords: []
---

# മലയോര ഹൈവേയുടെ അലൈന്‍മെന്റ് മാറ്റുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റി പേരാമ്പ്ര പിഡബ്ല്യുഡി ഓഫീസ് മാര്‍ച്ച് നടത്തി 

> **Lead Summary:** ** പേരാമ്പ്ര : **നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ അലൈന്‍മെന്റ് മാറ്റുന്നതിനെതിരെ മലയോര ഹൈവേ ആക്ഷന്‍ കമ്മിറ്റി ചെമ്പനോട പൂഴിത്തോട് മേഖല കമ്മിറ്റി പേരാമ്പ്ര പിഡബ്ല്യുഡി ഓഫീസ് മാര്‍ച്ച് നടത്തി. പേരാമ്പ്ര ചെമ്പ്ര റോഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഈ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടച്ചുകൊണ്ട് തൊഴിലുറപ്പ് അടക്കമുള്ള തൊഴില്‍ മേഖലകള്‍ സ്തംഭിപ്പിച്ചുകൊണ്ട് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ ബഹുജനങ്ങളും മേഖലയിലെ വ്യാപാരികളും തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെട്ട മാര്‍ച്ച് വന്‍ പ്രതിഷേധത്തിന്റെ അലയൊലിയായി മാറി.

## Article Content

** പേരാമ്പ്ര : **നിര്‍ദ്ദിഷ്ട മലയോര ഹൈവേയുടെ അലൈന്‍മെന്റ് മാറ്റുന്നതിനെതിരെ മലയോര ഹൈവേ ആക്ഷന്‍ കമ്മിറ്റി ചെമ്പനോട പൂഴിത്തോട് മേഖല കമ്മിറ്റി പേരാമ്പ്ര പിഡബ്ല്യുഡി ഓഫീസ് മാര്‍ച്ച് നടത്തി. പേരാമ്പ്ര ചെമ്പ്ര റോഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഈ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടച്ചുകൊണ്ട് തൊഴിലുറപ്പ് അടക്കമുള്ള തൊഴില്‍ മേഖലകള്‍ സ്തംഭിപ്പിച്ചുകൊണ്ട് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ ബഹുജനങ്ങളും മേഖലയിലെ വ്യാപാരികളും തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെട്ട മാര്‍ച്ച് വന്‍ പ്രതിഷേധത്തിന്റെ അലയൊലിയായി മാറി.

ചെമ്പനോട പൂഴിത്തോട്, മുതുകാട് പ്രദേശങ്ങളുടെ വികസനത്തിന് വളരെ ഗുണകരമായി തീരുമെന്ന് പ്രതീക്ഷിച്ച മലയോര ഹൈവേയുടെ റൂട്ട് മുള്ളന്‍കുന്ന്, ചെമ്പനോട്, പെരുവണ്ണാമുഴി എന്നുള്ളത് മാറ്റുവാന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നതായി മാര്‍ച്ചില്‍ പ്രതിഷേധമുയര്‍ന്നു. മലയോര ജനതയുടെ ചിരകാല അഭിലാഷമായിരുന്ന പൂഴിത്തോട്, പടിഞ്ഞാറത്തറ, വയനാട് ബദല്‍ റോഡും ഇതേ രീതിയില്‍ അട്ടിമറിക്കപ്പെട്ടു പോയതാണെന്നും കാര്‍ഷിക മേഖലകളായ ചെമ്പനോട, പൂഴിത്തോട്, പന്നിക്കോട്ടൂര്‍, മുതുകാട് എന്നിവിടങ്ങളിലെ ജനങ്ങള്‍ കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും വന്യമൃഗ ശല്യവും മൂലം പൊറുതിമുട്ടി അതിജീവനത്തിനായി ബുദ്ധിമുട്ടുന്ന അവസ്ഥയിലാണെന്നും ആരോപണമുയര്‍ന്നു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കെ. സുനില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

വയനാട് ബദല്‍ റോഡിനായി ഇതേ റൂട്ടില്‍ 12 മീറ്ററിലധികം വീതിയില്‍ നിലവില്‍ വനംവകുപ്പ് വിട്ടു കൊടുത്തിട്ടുള്ളതാണെന്നും മലയോര ഹൈവേക്ക് വനത്തില്‍ കൂടി വനംവകുപ്പ് അനുമതി നല്‍കില്ല എന്ന് കുപ്രചരണം മറയാക്കി ചെമ്പനോട വഴിയുള്ള നിര്‍ദിഷ്ട റൂട്ട് അട്ടിമറിക്കുവാന്‍ തല്‍പരകക്ഷികള്‍ ശ്രമം നടത്തുന്നതായി അദ്ദേഹം പറഞ്ഞു.

സ്വകാര്യ ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില സ്വകാര്യ വ്യക്തികളുടെ താല്പര്യം സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ജന പ്രതിനിധികള്‍ പോലും അറിയാതെ നടത്തിയ അലൈന്‍മെന്റ് മാറ്റത്തിനെതിരെ മലയോര മക്കള്‍ ശക്തമായി രംഗത്ത് ഉണ്ടാവുമെന്നും കെ. സുനില്‍ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശി അധ്യക്ഷത വഹിച്ചു.

പി.സി. സുരാജന്‍, ആവള ഹമീദ്, രാജീവ് തോമസ്, കെ.കെ. രജീഷ്, ബേബി കാപ്പുകാട്ടില്‍, ബോസ് തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ലൈസ ജോര്‍ജ്, എം.എം. പ്രദീപന്‍, രാജേഷ് തറവട്ടത്ത് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.എ. ജോസു കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് പി.സി. ഷാജു നന്ദിയും പറഞ്ഞു. മാര്‍ച്ചിന് ഷൈല ജെയിംസ്, ടോമി വള്ളിക്കാട്ടില്‍, അബൂബക്കര്‍, മാത്യു വാഴാപ്ലാക്കല്‍, സബിന്‍ ആണ്ടൂര്‍, ടോമി മണ്ണൂര്‍, ജെയ്‌സണ്‍ വെട്ടിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27971/action-committee-perambra-pwd-office-marches-against-change-in-alignment-of-hilly-highway)