---
title: "സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്നു: കെ. മുരളീധരന്‍"
english_title: "Critics of the government are silenced: K. Muraleedharan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28060/critics-of-the-government-are-silenced-k-muraleedharan"
published_at: "2022-02-23T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621669989a907_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്നു: കെ. മുരളീധരന്‍

> **Lead Summary:** ** പേരാമ്പ്ര:** കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കെ. മുരളീധരന്‍ എം. പി പറഞ്ഞു. മീഡിയവണ്‍ നിരോധനത്തിനെതിരെ പേരാമ്പ്രയില്‍ നടന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

** പേരാമ്പ്ര:** കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കെ. മുരളീധരന്‍ എം. പി പറഞ്ഞു. മീഡിയവണ്‍ നിരോധനത്തിനെതിരെ പേരാമ്പ്രയില്‍ നടന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മീഡിയ വണ്‍ ചെയ്ത തെറ്റെന്താണെന്ന് അവര്‍ക്കും പൊതു സമൂഹത്തിനും അറിയാന്‍ അവകാശമുണ്ട്. അത് അറിയിക്കാന്‍ സര്‍ക്കാരിനും കോടതിക്കും ബാധ്യതയുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, അത് ഒരു ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങളുടേയും പ്രതിപക്ഷത്തിന്റെയും ഉത്തരവാദിത്വമാണ്.

ആര്‍.എസ്.എസിന്റെ ഒളി അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മുത്തലാക്ക് നിരോധനം, പൗരത്വ നിയമ ഭേദഗതി, ഹിജാബ് നിരോധനം, കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത് തുടങ്ങി ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ജുഡീഷറിയില്‍ മോശമായ പ്രവണതകള്‍ കണ്ടുവരുന്നത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും എം.പി പറഞ്ഞു. പാര്‍ലമെന്റിലും അവകാശങ്ങള്‍ നിഷേധിക്കുകയാണ്.

അവതരിപ്പിക്കുന്ന ബില്ലില്‍ ഭേദഗതി നിര്‍ദ്ദേശിക്കാനോ വിയോജിപ്പ് രേഖപ്പെടുത്താനോ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം അജണ്ട നടപ്പിലാക്കാന്‍ എന്ത് ഹീനമാര്‍ഗങ്ങളും സ്വീകരിക്കാന്‍ മടിയില്ലാത്തവര്‍ ആണ് രാജ്യം ഭരിക്കുന്നത്.

ഒന്നിച്ച് പോരാടിയില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും രാജ്യം നേരിടുകയെന്നും എം.പി ഓര്‍മിപ്പിച്ചു. മീഡിയ വണ്‍ ബഹുജന പ്രതിഷേധ കൂട്ടായ്മ വൈസ് ചെയര്‍മാന്‍ എം.എം. മുഹിയിദ്ദീന്‍ അധ്യക്ഷനായി.

ബ്ലോക്ക് മെംബര്‍ സി.കെ. സജീവന്‍, ഗ്രാമ പഞ്ചായത്തംഗം പി.കെ. രാഗേഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി.ടി. അഷ്‌റഫ്, ജിജോയ് ആവള, കെ.പി. ആലിക്കുട്ടി, ടി.കെ. മാധവന്‍, നടന്‍ മുഹമ്മദ് പേരാമ്പ്ര, വി.എ. ബാലകൃഷ്ണന്‍, പേരാമ്പ്ര പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍.കെ. കുഞ്ഞി മുഹമ്മദ്, സിദ്ദീഖ് മാഹിരി, നൗഷാദ് കരുവണ്ണൂര്‍, ടി.പി. അബ്ദുല്‍ അസീസ്, പി.എം. അബ്ദുല്ല, ആദില്‍ കട്ടയാട്ട്, വി. ഇസ്മാഈല്‍ എന്നിവര്‍ സംസാരിച്ചു.

കണ്‍വീനര്‍ എന്‍.പി.എ. കബീര്‍ സ്വാഗതവും, ജോയിന്റ് കണ്‍വീനര്‍ യു. ഇസ്മാഈല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28060/critics-of-the-government-are-silenced-k-muraleedharan)