---
title: "പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സ്‌പെഷ്യല്‍ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി "
english_title: "Special Badge of Honor awarded to Perambra Station officials"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/281773/special-badge-of-honor-awarded-to-perambra-station-officials"
published_at: "2025-04-06T23:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f2c8db2bcab_qwet.jpg"
keywords: []
---

# പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സ്‌പെഷ്യല്‍ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി 

> **Lead Summary:** **പേരാമ്പ്ര:** വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്തുത്യര്‍ഹ സേവനം കാഴ്ച വെച്ചതിന് ഡയറക്ടര്‍ ജനറലിന്റെ 'സ്‌പെഷ്യല്‍ ബാഡ്ജ് ഓഫ് ഓണര്‍' ബഹുമതിക്ക് അര്‍ഹരായി പേരാമ്പ്ര നിലയത്തിലെ 6 ഉദ്യോഗസ്ഥര്‍.

## Article Content

**പേരാമ്പ്ര:** വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സ്തുത്യര്‍ഹ സേവനം കാഴ്ച വെച്ചതിന് ഡയറക്ടര്‍ ജനറലിന്റെ 'സ്‌പെഷ്യല്‍ ബാഡ്ജ് ഓഫ് ഓണര്‍' ബഹുമതിക്ക് അര്‍ഹരായി പേരാമ്പ്ര നിലയത്തിലെ 6 ഉദ്യോഗസ്ഥര്‍.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍, ഫയര്‍ ഓഫീസര്‍മാരായ പി. ആര്‍ സത്യനാഥ്, ടി ബബീഷ്, ടി വിജീഷ്, എസ് ഹൃതിന്‍, പി.പി രജീഷ് എന്നിവരാണ് 'സ്‌പെഷ്യല്‍ ബാഡ്ജ് ഓഫ് ഓണര്‍ 'ബഹുമതിക്ക് അര്‍ഹരായത്.

2024 ജൂലൈ 30 ന് പുലര്‍ച്ചയായിരുന്നു കേരളത്തെ നടുക്കിയ ആ വന്‍ദുരന്തം ഉണ്ടായത്. വയനാട് ജില്ലക്ക് പുറത്തുനിന്നും ദുരന്തഭൂമിയിലേക്ക് വളരെ പെട്ടെന്ന് കുതിച്ചെത്തിയ രക്ഷാസേനകളില്‍ ഒന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഒരു യൂണിറ്റ് ആയിരുന്നു.

ചൂരല്‍മലപാലം തകര്‍ന്നു പോയ ഭാഗത്ത് ഈ ടീമിന്റെ ഫയര്‍ എന്‍ജിനിലുള്ള എക്സ്റ്റന്‍ഷന്‍ ലാഡും റോപ്പും ഉപയോഗിച്ചുകൊണ്ട് പുഴക്ക് കുറുകെ താല്‍ക്കാലിക പാലമിട്ടു കൊണ്ടാണ് അക്കരെ കുടുങ്ങിപ്പോയ രോഗികളെയും ഗര്‍ഭിണികളെയും കുട്ടികളെയുമടക്കം 300 ഓളം പേരെ സേന വളരെപെട്ടെന്ന് രക്ഷപ്പെടുത്തിയത്.

മികച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരങ്ങള്‍ വീണ്ടും വന്നെത്തിയതിന്റെ സന്തോഷത്തിലാണ് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/281773/special-badge-of-honor-awarded-to-perambra-station-officials)