---
title: "ചെങ്ങോടുമല സംരക്ഷിക്കണം; കോണ്‍ഗ്രസ് കോട്ടൂര്‍ പഞ്ചായത്തോഫീസ് മാര്‍ച്ച് നടത്തി"
english_title: "Chengodumala should be protected; Congress Kottur panchayat office held a march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28274/chengodumala-should-be-protected-congress-kottur-panchayat-office-held-a-march"
published_at: "2022-02-25T00:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6217d2d184615_0000 WATERMARK.jpg"
keywords: []
---

# ചെങ്ങോടുമല സംരക്ഷിക്കണം; കോണ്‍ഗ്രസ് കോട്ടൂര്‍ പഞ്ചായത്തോഫീസ് മാര്‍ച്ച് നടത്തി

> **Lead Summary:**  **കൂട്ടാലിട :** ചെങ്ങോടുമല സംരക്ഷിക്കണം; കോണ്‍ഗ്രസ് കോട്ടൂര്‍ പഞ്ചായത്തോഫീസ് മാര്‍ച്ച് നടത്തി. ഖനന മാഫിയയില്‍ നിന്നും ചെങ്ങോടുമലയെ ശാശ്വതമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഡി.ഡി.സി. പ്രസിഡന്റ് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

## Article Content

 **കൂട്ടാലിട :** ചെങ്ങോടുമല സംരക്ഷിക്കണം; കോണ്‍ഗ്രസ് കോട്ടൂര്‍ പഞ്ചായത്തോഫീസ് മാര്‍ച്ച് നടത്തി. ഖനന മാഫിയയില്‍ നിന്നും ചെങ്ങോടുമലയെ ശാശ്വതമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഡി.ഡി.സി. പ്രസിഡന്റ് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

ചെങ്ങോടുമലയുടെ കാര്യത്തില്‍ മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നയമാണ് സി.പി.എമ്മും പഞ്ചായത്ത് ഭരണ സമിതിയും സ്വീകരിക്കുന്നതെന്ന് പ്രവീണ്‍ കുമാര്‍ ആരോപിച്ചു. ചെങ്ങോടുമലയില്‍ ക്വാറി മാഫിയ പൊളിച്ച കുടിവെളള ടാങ്ക് നിര്‍മ്മിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് മൂന്ന് വര്‍ഷത്തോളമായിട്ടും പഞ്ചായത്ത് നടപ്പിലാക്കിയിട്ടില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുമെന്നും പ്രവീണ്‍ പറഞ്ഞു.

ചെങ്ങോടുമലയില്‍ പുതിയ കുടിവെളള പദ്ധതിക്ക് വേണ്ടിയുള്ള ഭൂമിയുടെ അക്വിസിഷന്‍ നടപടി നിലച്ചിരിക്കുകയാണെന്നും ഇത് ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ചെങ്ങോടു മലയെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന സംസ്ഥാന വിദഗ്ധ സംഘത്തിന്റെ ശുപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്തിന് നിവേദനവും നല്‍കി.

ധര്‍ണ്ണയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കാവില്‍.പി. മാധവന്‍, സി.എച്ച്. സുരേന്ദ്രന്‍, വി.പി. ഗോവിന്ദന്‍കുട്ടി, ഭരണ സമിതിയിലെ പ്രതിപക്ഷ നേതാവ് ഇ. അരവിന്ദാക്ഷന്‍, എന്‍.കെ. മധുസൂദനന്‍, ടി.കെ. ചന്ദ്രന്‍, രജീഷ് കൂട്ടാലിട, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീത. കെ. ഉണ്ണി, ടി.പി. ഉഷ, കെ.പി. മനോഹരന്‍, കൃഷ്ണന്‍ മണിലായില്‍, കെ. അതുല്യ എന്നിവര്‍ സംസാരിച്ചു. ക്വാറി ഉടമ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തില്‍ പാരിസ്ഥിതികാനുമതിക്ക് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് സമരം നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28274/chengodumala-should-be-protected-congress-kottur-panchayat-office-held-a-march)