---
title: "പേരാമ്പ്രയില്‍ ഇനി ഭവന നിര്‍മ്മാണ പദ്ധതികള്‍ പാതി വഴിയില്‍ മുടങ്ങുന്നത് തടയാന്‍ കൈത്താങ്ങായി സന്നദ്ധസേന എത്തുന്നു"
english_title: "Volunteers arrive in Perambra to help stop housing projects halfway "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28348/volunteers-arrive-in-perambra-to-help-stop-housing-projects-halfway"
published_at: "2022-02-25T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62188a63adc48_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്രയില്‍ ഇനി ഭവന നിര്‍മ്മാണ പദ്ധതികള്‍ പാതി വഴിയില്‍ മുടങ്ങുന്നത് തടയാന്‍ കൈത്താങ്ങായി സന്നദ്ധസേന എത്തുന്നു

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്രയില്‍ ഇനി ഭവന നിര്‍മ്മാണ പദ്ധതികള്‍ പാതി വഴിയില്‍ മുടങ്ങുന്നത് തടയാന്‍ സന്നദ്ധസേന വരുന്നു. ഗുണഭോക്താക്കള്‍ക്ക് കൈത്താങ്ങാവുന്ന തീരുമാനവുമായി എത്തുന്നത് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്താണ്. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സന്നദ്ധസേന പ്രവര്‍ത്തനമാരംഭിക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര : **പേരാമ്പ്രയില്‍ ഇനി ഭവന നിര്‍മ്മാണ പദ്ധതികള്‍ പാതി വഴിയില്‍ മുടങ്ങുന്നത് തടയാന്‍ സന്നദ്ധസേന വരുന്നു. ഗുണഭോക്താക്കള്‍ക്ക് കൈത്താങ്ങാവുന്ന തീരുമാനവുമായി എത്തുന്നത് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്താണ്. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സന്നദ്ധസേന പ്രവര്‍ത്തനമാരംഭിക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സാമ്പത്തിക സഹായം അനുവദിച്ചിട്ടും ഒരു വിഭാഗത്തിന് വീട് പണി പൂര്‍ത്തീകരിക്കാതെ വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സന്നദ്ധസേനയുടെ സഹായം ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്നും ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭവന പദ്ധതിക്കുള്ള ആനുകൂല്യം നല്‍കുന്ന പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ സമയബന്ധിതമായി എല്ലാ വീടിന്റേയും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഗുണഭോക്താക്കളുടെ സാമ്പത്തിക പരാധീനതകളാണ് വീട് നിര്‍മ്മാണം ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയാകാന്‍ തടസ്സമാകുന്നത്.

മാസത്തില്‍ നാല് ദിവസം സന്നദ്ധപ്രവര്‍ത്തനം നടത്തി ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുക എന്നതാണ് ലക്ഷ്യം. ചുമരുകെട്ട്, തേപ്പ്, വയറിംഗ്, പ്ലംബിംഗ് ജോലികളാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ചെയ്യുക. ഇതിനായി സൗജന്യമായി സേവനം നല്‍കാന്‍ തയ്യാറുള്ള, ഭവന നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പാനല്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കുന്നുണ്ട്.

ആവാസ് പ്ലസ് പദ്ധിയില്‍ ധനസഹായം അനുവദിക്കുന്ന 106 ഗുണഭോക്താക്കള്‍ക്കും നേരത്തെ പി.എം.എ.വൈ. പദ്ധതിയില്‍ അനുവദിച്ചിട്ടുള്ള നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത 50 ഓളം വീടുകളുടെ പ്രവര്‍ത്തിയും ഇത്തരത്തില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

സന്നദ്ധസേനയില്‍ അംഗമാവാന്‍ താല്‍പര്യമുള്ളവര്‍ ഈ മാസം 26-നകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പേര് നല്‍കണം. ഇവരുടെ യോഗം 28-ന് വിളിച്ച് ചേര്‍ത്ത് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ നല്‍കും. യൂണിഫോമടക്കമുള്ള കാര്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി.ബേബി, സ്ഥിരം സമിതി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28348/volunteers-arrive-in-perambra-to-help-stop-housing-projects-halfway)