---
title: "ശിവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും "
english_title: "Shivratri celebrations will begin today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28578/shivratri-celebrations-will-begin-today"
published_at: "2022-02-26T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219fbd76ff22_0000 WATERMARK.jpg"
keywords: []
---

# ശിവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും 

> **Lead Summary:**  **കോഴിക്കോട് :** മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് കോഴിക്കോട് തളി മഹാക്ഷേത്രത്തില്‍ ഇന്ന് തുടക്കം കുറിക്കും.

## Article Content

 **കോഴിക്കോട് :** മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് കോഴിക്കോട് തളി മഹാക്ഷേത്രത്തില്‍ ഇന്ന് തുടക്കം കുറിക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശിവരാത്രി മഹോത്സവ ആഘോഷങ്ങള്‍ ഒന്നാം ദിവസമായ ഇന്ന് സമൂതിരി രാജ വിളക്ക്, നാളെ തന്ത്രി വിളക്ക്, ശിവരാത്രി ദിനത്തില്‍ ദേവസ്വം വിളക്ക് എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്.

ശിവരാത്രിയോട് അനുബന്ധിച്ച് ഭക്തര്‍ക്കായി വിശേഷാല്‍ പൂജകളും വഴിപാടുകളും ഒരുക്കിയിട്ടുണ്ട്.

കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള ആഘോഷപരിപാടികള്‍ക്കായി നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്ഷേത്രാടിയന്തിര ചടങ്ങുകളുടെ ഭാഗമായി വിശേഷപ്പെട്ട കലാപരിപാടികള്‍ നടക്കുന്നതാണ്. ഒന്നാം ദിവസമായ ഇന്ന് വൈകിട്ട് 7മണിക്ക് പ്രസിദ്ധ സോപാന സംഗീത കലാകാരന്‍ ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതം നടക്കും.

രണ്ടാം ദിനത്തില്‍ വൈകിട്ട് ജയന്‍ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന വില്ലിന്മേല്‍ തായമ്പക അരങ്ങേറും.

മഹാ ശിവരാത്രി ദിനമായ മാര്‍ച്ച് 1 ന് വൈകിട്ട് 7മണിക്ക് താളവാദ്യ കുലപതി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ ചേര്‍ന്നുള്ള ട്രിപ്പിള്‍ തായമ്പക ഉണ്ടായിരിക്കുന്നതാണ്.

കോവിഡ് മൂന്നാം തരംഗത്തിന് ശേഷം നടക്കുന്ന ശിവരാത്രി മഹോത്സവത്തിന് എത്തുന്ന ഭക്തരും ജനങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും ക്രമീകരണങ്ങളും മൂന്ന് ദിവസങ്ങളിലും അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്ന് തളി ദേവസ്വം അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെ നടക്കുന്ന കാഴ്ചശീവേലിയോടെ തുടക്കം കുറിക്കുന്ന ശിവരാത്രി മഹോത്സവചടങ്ങുകള്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.

ശിവരാത്രി ദിനത്തില്‍ രാത്രിയിലെ വിളക്കെഴുന്നള്ളിപ്പോടെയാണ് ആഘോഷങ്ങള്‍ അവസാനിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28578/shivratri-celebrations-will-begin-today)