---
title: "സ്വകാര്യ ബസ് പണിമുടക്കിനെതിരെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് "
english_title: "Youth student organizations protest against private bus strike perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28584/youth-student-organizations-protest-against-private-bus-strike-perambra"
published_at: "2022-02-26T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a008275eac_0000 WATERMARK.jpg"
keywords: []
---

# സ്വകാര്യ ബസ് പണിമുടക്കിനെതിരെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് 

> **Lead Summary:** **പേരാമ്പ്ര : **കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നിരന്തരമായി ഉണ്ടാവുന്ന സ്വകാര്യ ബസ് പണിമുടക്കിനെതിരെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്. കെഎസ്‌യു എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പേരാമ്പ്ര ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെത്തി. ഇതേ സമയം ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഉപരോധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി.

## Article Content

**പേരാമ്പ്ര : **കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നിരന്തരമായി ഉണ്ടാവുന്ന സ്വകാര്യ ബസ് പണിമുടക്കിനെതിരെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത്. കെഎസ്‌യു എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പേരാമ്പ്ര ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെത്തി. ഇതേ സമയം ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഉപരോധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി.

പരീക്ഷാ സമയത്ത് നടത്തുന്ന ബസ് പണിമുടക്കില്‍ വിദ്യാര്‍ത്ഥികള്‍ ദുരിതമനുഭവിക്കുകയാണെന്നും ബസ് തൊഴിലാളികള്‍ സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന സമരത്തില്‍ അധികൃതര്‍ നിസംഗത പാലിക്കുകയുമാണെന്ന് ആരോപിച്ച് പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കാന്‍ ആര്‍ടിഒ ഇടപെടണമെന്നാവശ്യപ്പെട്ട് പരാതിയുമായി യുഡിഎസ്എഫ് നേതാക്കള്‍ ആര്‍ടി ഓഫീസിലെത്തിയത്. ആര്‍ടിഒ യുടെ അഭാവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ വി. സുനീഷും പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ എ. ഹബീബുള്ളയുമായും ഇവര്‍ ചര്‍ച്ച നടത്തി.

ചര്‍ച്ചക്ക് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, ജില്ലാ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്, എംഎസ്എഫ് ജില്ല വൈസ് പ്രസിഡന്റ് നിയാസ് കക്കാട്, പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആര്‍.കെ. മുഹമ്മദ,് കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട, അനുരഞ്ജു വട്ടക്കണ്ടി, ജിത്തു വൈശാഖ്, അജ്‌നാസ് കാരയില്‍ , അന്‍സില്‍ കീഴരിയൂര്‍, ആസിഫ് മുയിപ്പോത്ത് , ഫസലുറഹ്മാന്‍ മേപ്പയ്യൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നതില്‍ അധികൃതര്‍ നിസംഗത പാലിക്കുന്നു എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഉപരോധം നടത്തിയത്. യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ജീവനക്കാര്‍ നടത്തുന്ന മിന്നല്‍ പണിമുടക്കിനെതിരെയും നാലുദിവസമായി റൂട്ടില്‍ ബസ് സമരം നടത്തിയിട്ടും അനിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ഓഫീസ് കവാടത്തില്‍ കുത്തിയിരിപ്പ് നടത്തിയ പ്രവര്‍ത്തകരുമായി അധികൃതര്‍ ചര്‍ച്ച നടത്തി.

ബസ് തൊഴിലാളി യൂണിയനുമായും ഉടമാ പ്രതിനിധികളും ട്രേഡ് യൂണിയന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ്, അര്‍ജുന്‍ കറ്റയാട്ട്, ജിത്തു വൈശാഖ്, കെ.സി. പേരാമ്പ്ര, കെ.കെ. വിപിന്‍ രാജ് എന്നിവരാണ് ഉപരോധ സമരം നടത്തിയത്. യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28584/youth-student-organizations-protest-against-private-bus-strike-perambra)