---
title: "പ്രകൃതിഭംഗി മനം കുളിര്‍ക്കെ ആസ്വദിച്ച് പെരുവണ്ണാമൂഴിയിലൂടെ ബോട്ട് യാത്ര "
english_title: "Boat ride through Peruvannamoozhi to enjoy the natural beauty"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28652/boat-ride-through-peruvannamoozhi-to-enjoy-the-natural-beauty"
published_at: "2022-02-26T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a5b979003c_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പ്രകൃതിഭംഗി മനം കുളിര്‍ക്കെ ആസ്വദിച്ച് പെരുവണ്ണാമൂഴിയിലൂടെ ബോട്ട് യാത്ര 

> **Lead Summary:** **പേരാമ്പ്ര: **പശ്ചിമ ഘട്ടത്തിന്റ ഭംഗി ആസ്വദിച്ചും മനസ്സില്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചും ജലാശയത്തിലെ ഓളപ്പരപ്പുകളെ തഴുകിയുമുള്ള യാത്ര നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ.

## Article Content

**പേരാമ്പ്ര: **പശ്ചിമ ഘട്ടത്തിന്റ ഭംഗി ആസ്വദിച്ചും മനസ്സില്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചും ജലാശയത്തിലെ ഓളപ്പരപ്പുകളെ തഴുകിയുമുള്ള യാത്ര നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ.

എങ്കില്‍ തയ്യാറായിക്കൊള്ളൂ. പെരുവണ്ണാമൂഴി റിസോര്‍വോയറില്‍ സോളാര്‍ ബോട്ട് യാത്രയാരംഭിക്കുന്നു. കുന്നുകളും ചെറു താഴ് വരകളും നിറഞ്ഞ വനഭൂമി ചുറ്റിയുള്ള യാത്രയില്‍ ആനയും കാട്ടുപോത്തും കലമാനും കേഴമാനിനെയുമൊക്കെ കാണാന്‍ കഴിയുന്ന നയനസുന്ദരമായ യാത്ര.

ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സോളാര്‍ ബോട്ട് സവാരി നാളെ കാലത്ത് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ബോട്ട് യാത്ര ആരംഭിക്കുന്നതോടെ പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മലബാറിലെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നായ കുറ്റ്യാടി ഇറിഗേഷന്‍ പ്രോജെക്ടിന്റെ ഭാഗമായുള്ള അണക്കെട്ടാണ് പെരുവണ്ണാമൂഴി.

108 സ്‌ക്വയര്‍ കിലോമീറ്റര്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടതാണീ റിസര്‍വോയര്‍. മലബാര്‍ വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പെരുവണ്ണാമുഴി, നിരവധി വന്യ ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ്.

സംസ്ഥാന ടൂറിസം വകുപ്പ് 3.14 കോടി രൂപ ചെലവില്‍ നടപ്പാക്കിയ പെരുവണ്ണാമൂഴി ഡാം ടൂറിസം വികസനപദ്ധതിയും ഈയടുത്താണ് പൂര്‍ത്തിയായത്.

ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം, കൃഷി വിജ്ഞാനകേന്ദ്രം, പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ്, കൂത്താളി ജില്ലാ കൃഷിഫാം, പെരുവണ്ണാമൂഴിയിലെയും ജാനകിക്കാടിലെയും ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍, മുതല വളര്‍ത്തു കേന്ദ്രം, റിസര്‍വോയറിലെ കൂട് മത്സ്യ കൃഷി, ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ആസ്ഥാനം തുടങ്ങി പെരുവണ്ണാമൂഴിയിലും സമീപത്തുമുള്ള നിരവധി കേന്ദ്രങ്ങളും സഞ്ചാരികളുടെ മനം കവരുന്നവയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28652/boat-ride-through-peruvannamoozhi-to-enjoy-the-natural-beauty)