---
title: "കായണ്ണ സ്വദേശിക്കെതിരെ നടന്ന വധശ്രമത്തില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും "
english_title: "The accused was sentenced to 10 years rigorous imprisonment and fined for attempted murder against a Kayanna native"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29009/the-accused-was-sentenced-to-10-years-rigorous-imprisonment-and-fined-for-attempted-murder-against-a-kayanna-native"
published_at: "2022-02-28T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d023e169ee_vvvv - Copy (3) - Copy.JPG"
keywords: []
---

# കായണ്ണ സ്വദേശിക്കെതിരെ നടന്ന വധശ്രമത്തില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും 

> **Lead Summary:** ** കോഴിക്കോട്: **കായണ്ണ സ്വദേശിയെ കത്തികൊണ്ട് കുത്തി വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോഴിക്കോട് ജില്ല അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി.

## Article Content

** കോഴിക്കോട്: **കായണ്ണ സ്വദേശിയെ കത്തികൊണ്ട് കുത്തി വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോഴിക്കോട് ജില്ല അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി.

കായണ്ണ തയ്യുള്ള പറമ്പില്‍ ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വയനാട് പുല്‍പ്പള്ളി സ്വദേശി അബ്ദുള്‍ നാസറിനാണ് ഇന്ത്യന്‍ ശിക്ഷാനിയമം 307 വകുപ്പ് പ്രകാരം 10 വര്‍ഷം കഠിനതടവിനും 50000 രൂപ പിഴ ഒടുക്കുന്നതിനും 326 വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിന തടവിനും 10000 രൂപ പിഴ ഒടുക്കുന്നതിനും വിധിച്ചത്.

കോഴിക്കോട് ജില്ല അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് (1 )കെ അനില്‍കുമാര്‍ വിധിച്ചു. കോടതി കല്‍പ്പിച്ചപിഴ ഒടുക്കാത്ത പക്ഷം പ്രതി യഥാക്രമം ഒരു വര്‍ഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം.

പിഴ സംഖ്യ കേസില്‍ പരിക്കേറ്റ ഷാജിക്ക് നല്‍കേണ്ടതാണെന്നും കോടതി പറഞ്ഞു. 2017 ജൂണ്‍ മാസം ഇരുപത്തിയഞ്ചാം തീയതി പുലര്‍ച്ചെ ഒരു മണി സമയത്ത് പേരാമ്പ്ര സലീം എന്നയാള്‍ നടത്തുന്ന ബീഫ് സ്റ്റാള്‍നോട് ചേര്‍ന്ന ഷെഡിന്റെ വശത്തുള്ള മുറിയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതി നാസറും പരിക്കേറ്റ ഷാജിയും ബീഫ് സ്റ്റാളിലെ ജീവനക്കാരായിരുന്നു. പ്രതിക്ക് ഷാജിയോടുള്ള മുന്‍ വിരോധമാണ് സംഭവത്തിലേക്ക് നയിച്ചത്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 12 /969 നമ്പര്‍ കെട്ടിടത്തിലെ മുറിയില്‍ വെച്ചാണ് പ്രതി ഷാജിയെ കത്തികൊണ്ട് വയറിന് ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ചു കൊല്ലാന്‍ ശ്രമിച്ചത്.

ഷാജി ദീര്‍ഘകാലം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 16 സാക്ഷികളെ വിസ്തരിച്ചു, 19 രേഖകളും ഒരു തൊണ്ടിമുതലും തെളിവിലേക്ക് ഹാജരാക്കി.

പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി സുനില്‍കുമാര്‍ ആണ് കേസിലെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക് അഡ്വ നിതിത ചക്രവര്‍ത്തിനി എന്നിവര്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29009/the-accused-was-sentenced-to-10-years-rigorous-imprisonment-and-fined-for-attempted-murder-against-a-kayanna-native)