---
title: "ഭൂമിയുടെ നികുതി അടക്കാന്‍ കഴിയാതെ ഉടമ വിഷമവൃത്തത്തില്‍ "
english_title: "The owner is in a dilemma of not being able to pay the land tax"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29228/the-owner-is-in-a-dilemma-of-not-being-able-to-pay-the-land-tax"
published_at: "2022-03-01T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e50da77ede_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഭൂമിയുടെ നികുതി അടക്കാന്‍ കഴിയാതെ ഉടമ വിഷമവൃത്തത്തില്‍ 

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ 10 വര്‍ഷമായി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടും നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് മുതുകാട്ടിലെ മുണ്ടനാട്ട് എം.പി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ 10 വര്‍ഷമായി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടും നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് മുതുകാട്ടിലെ മുണ്ടനാട്ട് എം.പി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതിനു വേണ്ടി മാത്യു കയറിയിറങ്ങാത്ത ഓഫീസുകളില്ല. ചക്കിട്ടപാറ വില്ലേജിലെ മുതുകാട്ടില്‍ കൂത്താളി കൂട്ടുകൃഷി ഫാമില്‍ പെട്ട 182 കുടുംബങ്ങള്‍ക്ക് 1982ല്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു.

ഇതില്‍ മാത്യുവിനും ഭാര്യ അന്നമ്മക്കും 2 ഏക്കര്‍ 53 സെന്റ് സ്ഥലമാണ് പട്ടയമായി ലഭിച്ചത്.തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ക്രയവിക്രയം ചെയ്തതിനു ശേഷം അവശേഷിച്ച 41 സെന്റ് സ്ഥലം മകള്‍ ബീനക്ക് ഇഷ്ടദാനമായി നല്‍കി.

ചക്കിട്ടപാറ വില്ലേജില്‍ പോക്കുവരവ് നടത്തുകയും 2007 മുതല്‍ 2012 വരെ സ്ഥലത്തിന്റെ നികുതി അടക്കുകയും ചെയ്തു. 2008 ല്‍ സ്ഥലം ഈടുവെച്ച് ചക്കിട്ടപാറ ഗ്രാമീണ ബാങ്കില്‍ നിന്ന് വായ്പ എടുക്കുകയും ചെയ്തിതിട്ടുണ്ട്.

കുടിക്കടവും ഇതിനകം ലഭിച്ചു. സ്ഥലത്തിന്റെ നികുതി അടക്കാന്‍ 2013 ല്‍ ചെന്നപ്പോള്‍ ഇങ്ങിനെയൊരു ഭൂമി താങ്കളുടെ പേരില്‍ ഇല്ലെന്നും അതുകൊണ്ടു തന്നെ നികുതി സ്വീകരിക്കാനാവില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

തന്റെ പേരിലുള്ള 41 സെന്റ് ഭൂമിയുടെ രേഖകള്‍ പരിശോധിക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല. മുഖ്യമന്ത്രി, റവന്യുമന്ത്രി, ജില്ലാ കലക്ടര്‍, കൊയിലാണ്ടി തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.

നാളിതുവരെ രേഖകള്‍ പരിശോധിക്കാനോ സ്ഥലം അളന്നു തിട്ടപ്പെടുത്താനോ ഉദ്യോഗസ്ഥര്‍ സന്നദ്ധരാവുന്നില്ലെന്നും മാത്യു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29228/the-owner-is-in-a-dilemma-of-not-being-able-to-pay-the-land-tax)