---
title: "പുനരുപയോഗം അഭിമാനമാണ് റിയൂസ് ഹീറോസ് - റിയല്‍ ഹീറോസ് ക്യാമ്പയിനുമായി ശുചിത്വ മിഷന്‍"
english_title: "Reuse Heroes - Real Heroes Campaign is a pride of recycling - Suchitha Mission"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293227/reuse-heroes-real-heroes-campaign-is-a-pride-of-recycling-suchitha-mission"
published_at: "2025-05-30T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839cec4cccac_kaka.JPG"
keywords: []
---

# പുനരുപയോഗം അഭിമാനമാണ് റിയൂസ് ഹീറോസ് - റിയല്‍ ഹീറോസ് ക്യാമ്പയിനുമായി ശുചിത്വ മിഷന്‍

> **Lead Summary:** **പേരാമ്പ്ര:** വിദ്യാര്‍ത്ഥി ലോകം പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പഴയ തലമുറയുടെ രീതികളില്‍ നിന്നും മാറി പുതിയ കുട, ചെരുപ്പ്, ബാഗ്, യൂണിഫോം... എന്നിവയുടെ ഉപയോഗം ഗമയും അഭിമാനവുമായി കാണുന്ന ശീലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നുണ്ട്. പഴയത് ഉപയോഗിച്ചാല്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ചെറുതായി പോകുമോ എന്ന ചിന്തയും പരസ്യ കമ്പോളങ്ങളുടെ പിടിമുറുക്കവുമാണ് ഒരു പരിധി വരെ ഇതിന് കാരണം.

## Article Content

**പേരാമ്പ്ര:** വിദ്യാര്‍ത്ഥി ലോകം പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പഴയ തലമുറയുടെ രീതികളില്‍ നിന്നും മാറി പുതിയ കുട, ചെരുപ്പ്, ബാഗ്, യൂണിഫോം... എന്നിവയുടെ ഉപയോഗം ഗമയും അഭിമാനവുമായി കാണുന്ന ശീലം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നുണ്ട്. പഴയത് ഉപയോഗിച്ചാല്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ചെറുതായി പോകുമോ എന്ന ചിന്തയും പരസ്യ കമ്പോളങ്ങളുടെ പിടിമുറുക്കവുമാണ് ഒരു പരിധി വരെ ഇതിന് കാരണം.

ഇവിടെ; പുനരുപയോഗം അഭിമാനമാണ്, പ്രകൃതി വിഭവങ്ങളാല്‍ നിര്‍മ്മിതമായ എല്ലാ വസ്തുക്കളുടെയും പുനരുപയോഗം ഭൂമിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും, പുനരുപയോഗം മാലിന്യ ഉല്‍പ്പാദനം കുറയ്ക്കും എന്നീ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളിലും പൊതു സമൂഹത്തിലും എത്തിക്കുന്നതിനായി 'റിയൂസ് ഹീറോസ്, റിയല്‍ ഹീറോസ്' എന്ന പേരില്‍ ക്യാമ്പയിന് ഒരുങ്ങുകയാണ്. ജില്ലാ ശുചിത്വ മിഷന്‍ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.

ഇതിന്റെ ഭാഗമായി; പഴയ കുട, ചെരുപ്പ്, വാട്ടര്‍ ബോട്ടില്‍, ചോറ്റ് പാത്രം... എന്നിവയില്‍ ഏതെങ്കിലും ഒന്നുമായി പുതിയ അധ്യയന വര്‍ഷം വിദ്യാലയങ്ങളില്‍ എത്തുന്നവര്‍ക്ക് 'അ+ സാക്ഷ്യപത്രവും', അല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും പുനരുപയോഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന 'ബി പോസിറ്റീവ്' സാക്ഷ്യപത്രവും ലഭ്യമാക്കും. ക്യാമ്പയിനെ പ്രോല്‍സാഹിപ്പിക്കുന്ന ക്ലാസ്സ് അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇതേ മാതൃകയില്‍ പ്രോല്‍സാഹന സാക്ഷ്യപത്രങ്ങള്‍ നല്‍കും. ക്യാമ്പയിനോട് സത്യസന്ധത പുലര്‍ത്തേണ്ടത് പങ്കെടുക്കുന്നവരുടെ ഉത്തരവാദിത്തമാണ്.

രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ ഇമെയില്‍ വിലാസത്തിലേക്കാവും സാക്ഷ്യപത്രങ്ങള്‍ ലഭ്യമാവുക. ഇതിനായി ശുചിത്വ മിഷന്‍ നല്‍കുന്ന ലിങ്കില്‍ പുനരുപയോഗ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ആകര്‍ഷകമായ ഫോട്ടോകള്‍ സഹിതം വിദ്യാര്‍ത്ഥികളും അധ്യാപകരും വിദ്യാലയങ്ങളും അപേക്ഷ സമര്‍പ്പിക്കണം. ഒന്ന് മുതല്‍ 10-ാം ക്ലാസ്സ് വരെയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പരിപാടിയുടെ ഭാഗമാവാം. ജൂണ്‍ 2 ന് തുടങ്ങി ജൂലൈ 5 ന് ക്യാമ്പയിന്‍ അവസാനിക്കും.

ക്യാമ്പയിന്റെ ഉള്ളടക്കവുമായി ബന്ധപ്പെടുത്തി മികച്ച ചിത്രങ്ങളും വീഡിയോകളും മറ്റ് ക്രിയേറ്റീവുകളും തയ്യാറാക്കി അയക്കുന്ന 10 വീതം വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കും പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും ലഭ്യമാക്കും. വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വിദ്യാര്‍ത്ഥി സൗഹൃദ ബോധവല്‍ക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. (0495 2370677) വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട ലിങ്ക്?? https://suchitwamissionkozhikode.in/

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293227/reuse-heroes-real-heroes-campaign-is-a-pride-of-recycling-suchitha-mission)