മുതുകാട് : കുളത്തൂര്‍ ആദിവാസി ഉന്നതിയില്‍ നടന്ന ദുരൂഹ മരണങ്ങളില്‍ സമഗ്രാന്വേഷണം വേണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ് ആവശ്യപ്പെട്ടു.
മരണം നടക്കുന്ന ഉന്നതിയിലെ ആളുകള്‍ പ്രക്ഷോഭങ്ങളിലേക്ക് പോകാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടക്കാതെ മിക്ക മരണങ്ങളും ആത്മഹത്യെയെന്ന പേരില്‍ എഴുതി തള്ളപ്പെടുകയാണ്. 2018 ജൂലൈയില്‍ നടന്ന അനുവിന്റെ മരണവും ആത്മഹത്യയെന്ന പേരില്‍ എഴുതിതള്ളിയിരുന്നു. എന്നാല്‍ മരണപ്പെട്ട അനുവിന്റെ അമ്മയുടെ മരണത്തില്‍ നടന്ന അന്വേഷണത്തിലാണ് ആദ്യമരണവും കൊലപാതകമാണെന്ന് തെളിഞ്ഞത്. എന്നാല്‍ പിന്നീട് നടന്ന മരണങ്ങളില്‍ കാര്യമായ അന്വേഷണം നടത്താതെ ആത്മഹത്യയെന്ന് എഴുതിതള്ളാന്‍ പോലീസ് തിടുക്കം കാട്ടുകയാണെന്നും രാഗേഷ് ആരോപിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധാനം ചെയുന്ന വാര്‍ഡ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷന്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷന്‍, എല്‍ഡിഎഫ് കണ്‍വീനറിന്റെ നിയോജകമണ്ഡലം തുടങ്ങിയവര്‍ നേരിട്ട് പ്രതിനിധാനം ചെയ്യുന്നതും ശ്രദ്ധിക്കുന്നതുമായ ആദിവാസി ഉന്നതിയിലാണ് തുടര്‍ മരണങ്ങള്‍ സംഭവിക്കുന്നത് എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ആദിവാസി ഉന്നതിയില്‍ നടക്കുന്ന ലഹരി ഉപയോഗം കുറക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ കാര്യക്ഷമമായ ഇടപെടല്‍ കാണാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മരണം നടന്ന വീട് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. ചക്കിട്ടപ്പാറ മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി, ജെയിംസ് മാത്യു, സായൂജ് അമ്പലക്കണ്ടി, എബിന്‍ കുംബ്ലാനി, റഷീദ് പുറ്റംപൊയില്‍, അരുണ്‍ തോമസ്, വിപിന്‍ ജോസഫ്, ജെയിന്‍ ജോണ്‍ എന്നിവരും പി.കെ രാഗേഷിന് ഒപ്പമുണ്ടായിരുന്നു.
A thorough investigation is needed into the mysterious deaths at Kulathur tribal village; PK Ragesh