---
title: "സ്വകാര്യ ബസുകളുടെ അമിതവേഗത തുടരുന്നു; നിയന്ത്രിക്കാനാകാതെ അധികൃതര്‍"
english_title: "Private buses continue to speed; authorities unable to control"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295797/private-buses-continue-to-speed-authorities-unable-to-control"
published_at: "2025-06-12T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a94bf5661e_abuss.JPG"
keywords: []
---

# സ്വകാര്യ ബസുകളുടെ അമിതവേഗത തുടരുന്നു; നിയന്ത്രിക്കാനാകാതെ അധികൃതര്‍

> **Lead Summary:** **പേരാമ്പ്ര : **കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ അമിത വേഗത തുടരുന്നു. നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും അമിത വേഗത കുറക്കാതെ ഈ റൂട്ടില്‍ ചില ബസുകള്‍ ചീറിപ്പായുകയാണ്.

## Article Content

**പേരാമ്പ്ര : **കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ അമിത വേഗത തുടരുന്നു. നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും അമിത വേഗത കുറക്കാതെ ഈ റൂട്ടില്‍ ചില ബസുകള്‍ ചീറിപ്പായുകയാണ്.

ഇന്ന് കാലത്ത് പേരാമ്പ്രയില്‍ സ്‌കൂള്‍ ബസ്സിന്റെ പുറകില്‍ സ്വകാര്യ ബസ് ഇടച്ച് അപകടം ഉണ്ടായി. പേരാമ്പ്ര കല്ലോട് എല്‍പി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടിന് പോവുകയായിരുന്ന കെ എൽ 56 ഡി 6791 എസ്സാര്‍ എന്ന സ്വകാര്യ ബസാണ് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ബസിനു പിറകില്‍ ഇടിച്ചത്.

അമിത വേഗതയും അശ്രദ്ധയുമാണ് അപകട കാരണമെന്ന് പറയുന്നു. ഈ റൂട്ടില്‍ സ്വകാര്യ ബസുകളുടെ അമിത വേഗത അപകടത്തിന് കാരണമാവുന്നതായി നാട്ടുകാര്‍ പറഞ്ഞു. സ്‌കൂള്‍ സമയത്തു പോലും ബസുകളുടെ അമിത വേഗതയിലുള്ള മത്സര ഓട്ടം അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. സ്‌കൂള്‍ സമയത്ത് ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തി കുട്ടികളെ കയറ്റാറിലെന്നുള്ള പരാതിയുമുണ്ട്. ഒരു സേഫ്റ്റിയുമില്ലാതെയുള്ള ബസുകളുടെ ഓട്ടം കാരണം നിരവധി അപകടങ്ങളാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ ദിവസവും പേരാമ്പ്രയില്‍ വെച്ച് അമിത വേഗതയിലെത്തിയ സ്വകാര്യബസ് വിദ്യാര്‍ത്ഥികളെ തട്ടുമെന്ന വിധേനയാണ് കടന്നുപോയത്. അന്ന് വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് ഈ ബസ് തടയുകയും ചെയ്തിരുന്നു.

നിരവധി അപകടങ്ങള്‍ നടന്നിട്ടും അധികൃതര്‍ വേണ്ട നടപടി എടുക്കുന്നില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്. കൂടാതെ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെയും ബസുകള്‍ യഥാസമയം അറ്റകുറ്റപണികള്‍ നടത്താതെയുമാണ് മിക്ക സ്വകാര്യ ബസുകളും ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നത്.

മഴക്കാലമായതോടെ ചില ബസുകള്‍ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയാണ്. ബസിന്റെ സൈഡ് ഗ്ലാസുകള്‍ പൊട്ടിയ സ്ഥലത്ത് ഗ്ലാസുകള്‍ മാറ്റിസ്ഥാപിക്കാതെ പരസ്യ ബോര്‍ഡ് വച്ച് മറച്ചിരിക്കുന്ന നിലയിലുമാണ്. ഇത്തരം ബസുകളില്‍ യാത്രക്കാര്‍ മഴയത്ത് നനഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥയുമാണുള്ളത്. എന്നാല്‍ ഈ റൂട്ടിലെ മറ്റ് ചില ബസുകളില്‍ ഫാനും, മൊബൈല്‍ ചാര്‍ജ് പോര്‍ട്ടുകളും ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും നല്‍കി വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295797/private-buses-continue-to-speed-authorities-unable-to-control)