---
title: "പേരാമ്പ്രയിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മഹിളകള്‍ രംഗത്ത്"
english_title: "Women protest against immoral activities in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298805/women-protest-against-immoral-activities-in-perambra"
published_at: "2025-06-27T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e3d5c60a4b_mahila.jpg"
keywords: []
---

# പേരാമ്പ്രയിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മഹിളകള്‍ രംഗത്ത്

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തിച്ചുവരുന്ന ആയുഷ ആയുര്‍വേദ മസാജ് സെന്ററിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സമഗ്ര അന്വേഷണവും ശക്തമായ നടപടികളും ഉണ്ടാവണം എന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ അസോസിയേഷന്‍ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രവര്‍ത്തിച്ചുവരുന്ന ആയുഷ ആയുര്‍വേദ മസാജ് സെന്ററിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സമഗ്ര അന്വേഷണവും ശക്തമായ നടപടികളും ഉണ്ടാവണം എന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ അസോസിയേഷന്‍ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധത്തിന് ഏരിയ സെക്രട്ടറി സുജാത മനക്കല്‍, പ്രസിഡണ്ട് നഫീസ കൊയിലോത്ത്, അജിത കൊമ്മിണിയോട്, പി.എം സുലഭ, പ്രഭാ ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബസ്റ്റാന്‍ഡ് പരിസരം ലഹരി ഉപഭോക്താക്കളുടെയും വില്‍പ്പനക്കാരുടെയും കേന്ദ്രമാകുന്നതില്‍ പൊലീസിന്റെ അശ്രദ്ധയുണ്ട് എന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇതുവഴി കടന്നുപോകാന്‍ ഏറെ പ്രയാസം നേരിടേണ്ടിവരുന്ന സാഹചര്യം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പൊലീസ് സ്റ്റേഷന്റെ കണ്‍മുമ്പില്‍ തന്നെ ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ എതിര്‍ക്കാന്‍ തയ്യാറാകാത്ത സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്നും, ഇത്രയും വൈകാതെ പ്രശ്‌നം പരിഹരിക്കാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും മഹിളാ അസോസിയേഷന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും ഇതുപോലെയുള്ള മറ്റു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്ത നാട്ടുകാരില്‍ ചര്‍ച്ചാവിഷയമാകുന്ന സാഹചര്യത്തില്‍, ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന് വലിയ ഉത്തരവാദിത്തം ഉണ്ടെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കോഴിക്കോട് എസ്.പി യുടെയും പേരാമ്പ്ര ഡിവൈഎസ്പിയുടെയും നേതൃത്വത്തില്‍ നടന്ന റെയ്ഡ് വഴി അനാശാസ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അഭിനന്ദനം അര്‍ഹിക്കുന്ന നടപടിയായിരുന്നുവെന്നും ഇനിയും ഇത്തരം ശക്തമായ നടപടികള്‍ തുടര്‍ച്ചയായി വേണമെന്നും മഹിളാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298805/women-protest-against-immoral-activities-in-perambra)