---
title: "കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ പാതയോരത്തെ വന്‍ മരങ്ങള്‍ ഭീഷണിയാവുന്നു"
english_title: "Large trees on the roadside pose a threat on the Kuttiyadi-Perambra state highway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299037/large-trees-on-the-roadside-pose-a-threat-on-the-kuttiyadi-perambra-state-highway"
published_at: "2025-06-28T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f9236071f7_maramh.jpg"
keywords: []
---

# കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ പാതയോരത്തെ വന്‍ മരങ്ങള്‍ ഭീഷണിയാവുന്നു

> **Lead Summary:** **പേരാമ്പ്ര :** കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ വന്‍ മരങ്ങള്‍ യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കും ഭീഷണിയാവുന്നു. സംസ്ഥാന പാതയില്‍ പാലേരിയാണ് കാലപ്പഴക്കമുള്ള മരങ്ങള്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.

## Article Content

**പേരാമ്പ്ര :** കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ വന്‍ മരങ്ങള്‍ യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കും ഭീഷണിയാവുന്നു. സംസ്ഥാന പാതയില്‍ പാലേരിയാണ് കാലപ്പഴക്കമുള്ള മരങ്ങള്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നത്.

പാലേരി പേരാമ്പ്ര റോഡില്‍ കെയര്‍ നീതി ലബോറട്ടറിക്ക് സമീപമാണ് പ്രായാധിക്യമുള്ള മരുത് മരങ്ങള്‍ ഭീഷണിയാവുന്നത്. കനത്ത മഴയും കാറ്റും ഉള്ള സാഹചര്യത്തില്‍ ഈ മരങ്ങള്‍ ഏത് സമയത്തും കടപുഴകി വീഴുമെന്ന ആശങ്കയിലാണ് ഇവിടെയുള്ള സ്ഥാപനങ്ങളിലെ ജീനക്കാര്‍.

കഴിഞ്ഞ ദിവസം ഈ മരത്തിന്റെ ശിഖിരങ്ങള്‍ കാറ്റില്‍ അടര്‍ന്ന് വീണിരുന്നു. ഇതിന് സമീപത്തെ കടകളിലുള്ളവര്‍ ഭയന്ന് ഓടുകയായിരുന്നു. കഴിഞ്ഞ മാസം വന്‍ ശിഖിരം അടര്‍ന്ന് വീണ് മരത്തിന് ചുവട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ന്നിരുന്നു. ഇതിന് സമീപത്തായാണ് കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറും സ്ഥിതി ചെയ്യുന്നത്.

സമീപത്തെ കെട്ടിടത്തില്‍ ലബോറട്ടറിക്ക് പുറമേ എടിഎം, വര്‍ക്ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍ ഷോപ്പ്, ടൂള്‍സ് റെന്റ് ഷോപ്പ്, കേബിള്‍ നെറ്റ് വര്‍ക്ക് ഓഫീസ്, പുകയില്ലാത്ത അടുപ്പ് എന്നിവ കൂടാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മൂന്ന് കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഇവരെല്ലാം ഭയചിത്തരായാണ് ദിവസം കഴിച്ച് കൂട്ടുന്നത്.

മരം മുറിച്ച് മാറ്റണമെന്ന് നിരവധി തവണ അധികൃതരോട് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും എത്രയും പെട്ടന്ന് മരം മുറിച്ച് മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299037/large-trees-on-the-roadside-pose-a-threat-on-the-kuttiyadi-perambra-state-highway)