---
title: "വടകരയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി; നട്ടം തിരിഞ്ഞ് യാത്രക്കാര്‍"
english_title: "Private buses stop service in Vadakara; passengers divert"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299520/private-buses-stop-service-in-vadakara-passengers-divert"
published_at: "2025-06-30T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68623f117cff8_BUSSS.jpg"
keywords: []
---

# വടകരയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി; നട്ടം തിരിഞ്ഞ് യാത്രക്കാര്‍

> **Lead Summary:** **വടകര: ** തലശ്ശേരി വടകര ദേശീയ പാത ഗതാഗതക്കുരുക്കിനാല്‍ സ്തംഭിച്ചു. വടകരയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി. ഗതാഗത സ്തംഭനത്തില്‍ നട്ടം തിരിഞ്ഞ് യാത്രക്കാര്‍.

## Article Content

**വടകര: ** തലശ്ശേരി വടകര ദേശീയ പാത ഗതാഗതക്കുരുക്കിനാല്‍ സ്തംഭിച്ചു. വടകരയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തി. ഗതാഗത സ്തംഭനത്തില്‍ നട്ടം തിരിഞ്ഞ് യാത്രക്കാര്‍.

വടകരയ്ക്ക് അടുത്ത് കൈനാട്ടിയില്‍ ചരക്ക് ലോറികള്‍ തകരാറിലായി ഇടുങ്ങിയ റോഡില്‍ നിലച്ചതാണ് മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കിന് കാരണമായത്. ഇന്ന് പുലര്‍ച്ച് 6 മണിക്ക് ആരംഭിച്ച ഗതാഗത സ്തംഭനം പന്ത്രണ്ട് മണി പിന്നിട്ടിട്ടും മാറിയിട്ടില്ല. മുഖ്യമന്ത്രി ഇന്ന് വൈകിട്ട് വടകരയില്‍ എത്താനിരിക്കെയാണ് റോഡുകളില്‍ ഇത്തരത്തില്‍ ഗതാഗതം താറുമാറായത്.

വാഹനങ്ങള്‍ ദേശീയ പാതയ്ക്ക് പുറത്തെ സംസ്ഥാന പാതയിലേക്ക് വഴിമാറ്റി തിരിച്ചതോടെ ഇതുവഴിയും യാത്ര ദുഷ്‌ക്കരമായി. ഇടവഴികളില്‍ വരെ വാഹനങ്ങള്‍ പരക്കം പായാന്‍ തുടങ്ങിയത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതോടെയാണ് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചത്.

കടുത്ത അലംഭാവമാണ് ദേശീയ പാത അധികൃതര്‍ ഈ മേഖലയില്‍ തുടരുന്നത്. ഒച്ചിഴയുന്ന വേഗത്തിലാണ് ഇവിടെ ദേശീയ പാതയുടെ നിര്‍മ്മാണ പ്രവൃത്തി. രാപകല്‍ പണിയെടുക്കുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്ക് 360 രൂപയാണ് കരാര്‍ കമ്പനി പ്രതിഫലമായി നല്‍കുന്നത്.

കേരളത്തില്‍ നിര്‍മ്മാണ മേഖലയില്‍ ആയിരത്തോളം രൂപ കൂലിയുണ്ടെന്ന് അറിഞ്ഞ് ഇതില്‍ പലരും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ ജോലിക്ക് കയറിയിട്ടുണ്ട്. ദേശീയ പാത നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ പല പ്രവൃത്തിയും അശാസ്ത്രീയമാണ് എന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ആകാശ പാതയാണ് വടകര നഗരത്തില്‍ ഒരുക്കേണ്ടത്. ഇതിനായി നിര്‍മ്മിച്ച തൂണുകള്‍ ഉയര്‍ന്നപ്പോള്‍ നേരത്തെ കോണ്‍ഗ്രീറ്റില്‍ വാര്‍ത്ത ഭീമുകള്‍ക്ക് നീളം കുറഞ്ഞുപോയ സംഭവം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299520/private-buses-stop-service-in-vadakara-passengers-divert)