---
title: " അധികൃതര്‍ കനിയുന്നില്ല; ജീവിതയാത്രക്ക് കാവുന്തറയിലെ മൊയ്തീന്‍കോയക്ക് വേണം സൗഹൃദപാത"
english_title: "Authorities are not sympathetic; Moideen Koya in Kavunthara needs a friendly road for his journey of life"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299799/authorities-are-not-sympathetic-moideen-koya-in-kavunthara-needs-a-friendly-road-for-his-journey-of-life"
published_at: "2025-07-01T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863a772cb41f_aqwe.jpg"
keywords: []
---

#  അധികൃതര്‍ കനിയുന്നില്ല; ജീവിതയാത്രക്ക് കാവുന്തറയിലെ മൊയ്തീന്‍കോയക്ക് വേണം സൗഹൃദപാത

> **Lead Summary:** ആശുപത്രിയിലേക്കും മറ്റാവശ്യങ്ങള്‍ക്കും പുറത്തേക്ക് പോകാന്‍ വീട്ടില്‍ നിന്നും പ്രധാന റോഡിലേക്കുള്ള മണ്‍പാതയിലൂടെ യാത്ര സാധ്യമല്ല. വീട്ടില്‍ നിന്നും നൂറ് മീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിര്‍മിച്ച പെട്ടിക്കടയില്‍ നിന്നുള്ള തുച്ഛ വരുമാനമാണ് മൊയ്തീന്‍ കോയയുടെ ഏക വരുമാന മാര്‍ഗം.

## Article Content

ആശുപത്രിയിലേക്കും മറ്റാവശ്യങ്ങള്‍ക്കും പുറത്തേക്ക് പോകാന്‍ വീട്ടില്‍ നിന്നും പ്രധാന റോഡിലേക്കുള്ള മണ്‍പാതയിലൂടെ യാത്ര സാധ്യമല്ല. വീട്ടില്‍ നിന്നും നൂറ് മീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിര്‍മിച്ച പെട്ടിക്കടയില്‍ നിന്നുള്ള തുച്ഛ വരുമാനമാണ് മൊയ്തീന്‍ കോയയുടെ ഏക വരുമാന മാര്‍ഗം.

ഭാര്യയും കുഞ്ഞും മാതാവും അടങ്ങുന്ന കുടുംബത്തിനൊരാശ്വാസമാണ് ഈ പെട്ടിക്കട. നാട്ടുകാരുടെ സഹായത്തോടെയാണ് കട തുടങ്ങിയത്. വീട്ടില്‍ നിന്നും കടയിലേക്ക് പോകണമെങ്കില്‍ പരസഹായം വേണം. മഴക്കാലം വന്നതോടെ മണ്‍ പാതയിലൂടെയുള്ള യാത്ര അതീവ ദുഷ്‌കരമായി.

സുഹൃത്തുക്കള്‍ കൈകളില്‍ എടുത്തുകൊണ്ടു പോയാണ് കടയില്‍ എത്തിക്കുന്നത്. കൈകളും കാലുകളും തളര്‍ന്നതിനാല്‍ ഇരുചക്ര വാഹനത്തില്‍ യാത്ര സുരക്ഷിതവുമല്ല. സഹായിക്കാന്‍ ആളുകള്‍ ഇല്ലാത്ത സമയത്ത് പുറത്തേക്കുള്ള യാത്ര അസാധ്യമാണ്.

പ്രധാന റോഡിലേക്കുള്ള മണ്‍പാത 65 മീറ്റര്‍ ഉണ്ട്. കയറ്റമുള്ള മണ്‍പാത കോണ്‍ക്രീറ്റ് ചെയ്താന്‍ യാത്ര സുഖമമാകും. മെഡിക്കല്‍ ബോര്‍ഡ് ഒന്നില്‍ കൂടുതല്‍ വൈകല്യം രേഖപ്പെടുത്തിയ (സിമ്മെട്രിക് സെന്റന്‍ മോട്ടോര്‍ ന്യൂറോപ്പതി) സര്‍ട്ടിഫിക്കറ്റുമായി മൊയ്തീന്‍ കോയ മുട്ടാത്ത വാതിലുകളില്ല.

മുഖ്യമന്ത്രിയുടെ നവകേരള യാത്രയില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതകരെയും അപേക്ഷയുമായി സമീപിച്ചെങ്കിലും ആരും സഹായഹസ്തവുമായി എത്തിയില്ല. പരസഹായമില്ലാതെ പെട്ടിക്കടയിലെത്താനും ആശുപത്രിയില്‍ പോകാനും മൊയ്തീന്‍ കോയയുടെ വീട്ടിലേക്കുള്ള വഴി ഭിന്നശേഷി സൗഹൃദമാക്കാന്‍ അധികൃതര്‍ കരുണ കാണിക്കണമെന്നാണ് സുഹൃത്തുക്കളും സ്ഥിരം സഹായികളുമായ എ.കെ ഫാസി, ഷാഹില്‍, ടി.പി ഷാമില്‍, റിഹാദ്, ഫവാസ് ഇക്ബാല്‍, പി ഷാമില്‍ എന്നിവരുടെ അഭ്യര്‍ത്ഥന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299799/authorities-are-not-sympathetic-moideen-koya-in-kavunthara-needs-a-friendly-road-for-his-journey-of-life)