---
title: "തളര്‍ച്ചയിലും അക്ഷരങ്ങളെ കൂടെകൂട്ടി ശരണ്യ യാത്ര തുടങ്ങി: ഹൃദയസ്പന്ദനങ്ങള്‍ നാളെ പ്രകാശനം ചെയ്യും "
english_title: "Saranya Yatra begins with the letters in despair: HRIDAYA SPANANAGAL will be released tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29982/saranya-yatra-begins-with-the-letters-in-despair-hridaya-spananagal-will-be-released-tomorrow"
published_at: "2022-03-05T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62238a8dcd387_vvvv - Copy (3) - Copy copy.jpg"
keywords: []
---

# തളര്‍ച്ചയിലും അക്ഷരങ്ങളെ കൂടെകൂട്ടി ശരണ്യ യാത്ര തുടങ്ങി: ഹൃദയസ്പന്ദനങ്ങള്‍ നാളെ പ്രകാശനം ചെയ്യും 

> **Lead Summary:** **പേരാമ്പ്ര:** ഇണങ്ങിയും പിണങ്ങിയും കളിച്ചുല്ലസിച്ച് കലാലയത്തില്‍ പാറിപറന്ന് നടക്കുമ്പോഴാണ് ശരണ്യക്ക് കൈവിരലിന് ചെറിയ വിറയല്‍ അനുഭവപ്പെട്ടത്. പിന്നീട് സംസാരത്തിലും എഴുത്തിലും തുടങ്ങിയ ബുദ്ധിമുട്ട് ക്രമേണ നടത്തത്തിലും കണ്ടു തുടങ്ങി.

## Article Content

**പേരാമ്പ്ര:** ഇണങ്ങിയും പിണങ്ങിയും കളിച്ചുല്ലസിച്ച് കലാലയത്തില്‍ പാറിപറന്ന് നടക്കുമ്പോഴാണ് ശരണ്യക്ക് കൈവിരലിന് ചെറിയ വിറയല്‍ അനുഭവപ്പെട്ടത്. പിന്നീട് സംസാരത്തിലും എഴുത്തിലും തുടങ്ങിയ ബുദ്ധിമുട്ട് ക്രമേണ നടത്തത്തിലും കണ്ടു തുടങ്ങി.

സെറിബ്രല്‍ അറ്റാക്‌സിയ രോഗ ലക്ഷണങ്ങള്‍ ശരണ്യയില്‍ കണ്ടു തുടങ്ങിയോടെ സ്വ്പനങ്ങളും പ്രതീക്ഷകളും പാടെ തകര്‍ന്നു. ഇതോടെ പഠനവും മുടങ്ങി. പിന്നീട് ശരണ്യയുടെ ലോകം വീട് മാത്രമായി ചുരുങ്ങി.

കൂട്ടുകാര്‍ക്കൊപ്പം കലാലയത്തില്‍ കളിച്ചുല്ലസിച്ച് നടന്ന ശരണ്യക്ക് കൂട്ടായി പുസ്തകങ്ങളും മൊബൈല്‍ ഫോണും മാത്രമായി. ഇത് പുതിയ ഒരു േലാകത്തേക്കാണ് ശരണ്യയെ കൈപിടിച്ചുയര്‍ത്തിയത്.

തന്റെ സ്വപ്നങ്ങള്‍ കുഞ്ഞു കവിതകളായി മൊബൈല്‍ ഫോണിലെ വോയ്‌സ് ടൈപ്പിലൂടെ പുറം ലോകത്തെത്തി. ഒറ്റപ്പെടലും, വേദനയും, സൗഹൃദവും, പ്രണയവും, രാഷ്ട്രീയവമെല്ലാം കവിതയ്ക്ക് വിഷയമായി.

ശരണ്യയുടെ വീട്ടില്‍ മാത്രമായി ഒതുങ്ങിയ കവിത നാളെ പുറം ലോകത്തെത്തുകയാണ്. ഹൃദയ സ്പന്ദനങ്ങള്‍ എന്ന പ്രഥമാ കവിതാ സമാഹാരത്തിന്റെ പ്രകാശനം നാളെ വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് പോലീസ് ക്ലബ്ബില്‍ നടക്കും.

ഡോ.സോമന്‍ കടലൂരും, കവയിത്രി ആര്യ ഗോപിയും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്യുക. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട മുംബൈയില്‍ സ്ഥിരതാമസക്കാരനായ ചെങ്ങന്നൂര്‍ സ്വദേശിയായ വിജയ കുമാര്‍ നായരെന്ന വലിയ മനുഷ്യനാണ് കവിതകള്‍ പുസ്തക രൂപത്തിലാക്കാന്‍ സഹായിച്ചതെന്ന് ശരണ്യ പറഞ്ഞു.

അരിക്കുളം കാരയാട് ആനപ്പൊയില്‍ ഗംഗാധരന്റെയും ശോഭനയുടെയും രണ്ടാമത്തെ മകളാണ് ശരണ്യ. കാരയാട് എ.എല്‍.പി, കൊഴുക്കല്ലൂര്‍ എ.യു.പി, മേപ്പയ്യൂര്‍ എച്ച്.എസ്.എസ്, വാകയാട് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു പ്ലസ്ടുവരെ പഠനം.

പ്ലസ്ടുവിന് ശേഷം ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ മാനേജ്‌മെന്റ് ചെയ്തു. ബീക്കോം രണ്ടാം വര്‍ഷമെത്തിയപ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ചികില്‍സകള്‍ പലതും ചെയ്തു. ഇപ്പോള്‍ ബംഗളൂര് നിംഹാന്‍സിലാണ് ചികില്‍സിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29982/saranya-yatra-begins-with-the-letters-in-despair-hridaya-spananagal-will-be-released-tomorrow)