---
title: "പെരുമ ഫെസ്റ്റ് : വ്യാപാരോത്സവത്തിന്റെ നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യണം; യൂത്ത് ലീഗ്"
english_title: "Peruma Fest: Draw for the trade festival should be held and prizes should be distributed; Youth League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299926/peruma-fest-draw-for-the-trade-festival-should-be-held-and-prizes-should-be-distributed-youth-league"
published_at: "2025-07-01T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864263b9f62e_ARE.jpg"
keywords: []
---

# പെരുമ ഫെസ്റ്റ് : വ്യാപാരോത്സവത്തിന്റെ നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യണം; യൂത്ത് ലീഗ്

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ ഏപ്രില്‍ 5 മുതല്‍ 12 വരെ നടന്ന പേരാമ്പ്ര പെരുമ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ നറുക്കെടുപ്പ് അടിയന്തരമായി നടത്തി സമ്മാനാര്‍ഹരെ കണ്ടെത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യണമെന്ന് പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാര്‍ത്ത സമ്മേളനം അറിയിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ ഏപ്രില്‍ 5 മുതല്‍ 12 വരെ നടന്ന പേരാമ്പ്ര പെരുമ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ നറുക്കെടുപ്പ് അടിയന്തരമായി നടത്തി സമ്മാനാര്‍ഹരെ കണ്ടെത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യണമെന്ന് പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാര്‍ത്ത സമ്മേളനം അറിയിച്ചു.

വ്യാപാരോത്സവവുമായി ബന്ധപ്പെട്ട് വലിയ കലക്ഷന്‍ പേരാമ്പ്ര ടൗണ്‍ കേന്ദ്രീകരിച്ച് വ്യാപാരികളില്‍ നിന്ന് നടത്തിയിട്ടുണ്ട്, കൂടാതെ വ്യാപാരോത്സവത്തിന്റെ ടോക്കണുകള്‍ വിതരണം ചെയ്തും ഇത്തരത്തിലുള്ള വ്യാപക കളക്ഷന്‍ നടന്നിട്ടുണ്ട്. ഇതിന്റെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

ഫെസ്റ്റുമായി ബന്ധപ്പെട്ട പേരാമ്പ്ര ടൗണിന്റെ ഹൃദയഭാഗത്തുള്ള ഏക്കര്‍ കണക്കിന് വയലുകള്‍ നൂറുകണക്ക് ലോഡ് മണ്ണിട്ടുകൊണ്ട് നികത്തിയിട്ടുണ്ട്. ഇത് എന്ത് കൊണ്ട് പൂര്‍വസ്ഥിതിയില്‍ ആകുന്നില്ല എന്നത് വ്യക്തമാക്കണമെന്നും പേരാമ്പ്ര ഫെസ്റ്റുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകള്‍ മാസങ്ങള്‍ പിന്നിട്ടിട്ടും അവതരിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പേരാമ്പ്ര ഫെസ്റ്റ് നേതൃത്വം തയ്യാറായിട്ടില്ല. അടിയന്തരമായി വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഫെസ്റ്റിന്റെ അഡ്വര്‍ടൈസിങ് ചുമതല നല്‍കിയ കോണ്‍ട്രാക്ട് ആര്‍ക്കാണ് എന്നുള്ളതും അതുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയും പുറത്തു വിടണം. ഫെസ്റ്റിന്റെ സോഷ്യല്‍ മീഡിയ ചുമതല നല്‍കിയത് ആര്‍ക്കാണ് ഇതിന് വേണ്ടി എത്ര തുക ചിലവഴിച്ചു എന്നത് വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഈ ഫെസ്റ്റ് നടന്നിട്ടുള്ളത്. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട ഈ ഭരണസമിതി മറുപടി പറയേണ്ടതുണ്ട്. സാധാരണക്കാരുടെ നിരവധി പ്രശ്‌നങ്ങള്‍ പേരാമ്പ്രയില്‍ നിലനില്‍ക്കുമ്പോഴാണ് അത്തരം പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് മറക്കുന്നതിനും അഴിമതി നടത്തുന്നതിനും വേണ്ടി കൂടിയാണ് ഇത്തരത്തിലുള്ള ഒരു ഫെസ്റ്റ് സംഘടിപ്പിക്കപ്പെട്ടത്.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും വില്ലേജ് ഓഫീസറുടെയും അനുവാദത്തോടുകൂടിയാണ് പേരാമ്പ്ര ഫെസ്റ്റിനു വേണ്ടി വയലുകള്‍ നികത്തിട്ടുള്ളത്. ഇത് ഏത് നിയമത്തിന്റെ പേരിലാണ് എന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

പേരാമ്പ്രയിലെ മിക്ക സ്ഥാപനങ്ങളിലൂടെയും വ്യാപാരോത്സവത്തിന്റെ ടോക്കണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കും വ്യാപാരോത്സവ നറുക്കെടുപ്പ് നടക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്തമുണ്ട്. എത്രയും പെട്ടെന്ന് വ്യാപാരോത്സവ നറുക്കെടുപ്പ് നടത്തി സമ്മാനം വിതരണം ചെയ്യുന്നതോടൊപ്പം തന്നെ ഫെസ്റ്റിന്റ വരവ് ചിലവ് അവതരിപ്പിക്കാന്‍ കൂടി തയാറാവണമെന്നും അവര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സി.കെ ഹാഫിസ്, ആര്‍.എം നിഷാദ്, സഈദ് അയനിക്കല്‍, യാസര്‍ കക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299926/peruma-fest-draw-for-the-trade-festival-should-be-held-and-prizes-should-be-distributed-youth-league)