---
title: "വിദ്യാര്‍ത്ഥിക്ക് മെനിഞ്ചൈറ്റിസ്; സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി രക്ഷിതാവ്"
english_title: "Student has meningitis; parent makes serious allegations against school"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299927/student-has-meningitis-parent-makes-serious-allegations-against-school"
published_at: "2025-07-01T23:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864293975ac5_ARO.jpg"
keywords: []
---

# വിദ്യാര്‍ത്ഥിക്ക് മെനിഞ്ചൈറ്റിസ്; സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി രക്ഷിതാവ്

> **Lead Summary:** **പേരാമ്പ്ര: **വിദ്യാര്‍ത്ഥിക്ക് ഗുരുതര രോഗം പിടിപെട്ടത് സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലമെന്ന് രക്ഷിതാവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **വിദ്യാര്‍ത്ഥിക്ക് ഗുരുതര രോഗം പിടിപെട്ടത് സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലമെന്ന് രക്ഷിതാവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പേരാമ്പ്ര സെന്റ്  ഫ്രാന്‍സിസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന കൂത്താളി പള്ളിയാറക്കണ്ടി റിയാന്‍ സാത്വികന് വൈറല്‍ മെനിഞ്ചൈറ്റിസ് പിടിപെട്ടത് മുണ്ടിനീരില്‍ നിന്നാണെന്നും ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുണ്ടിനീര് ഉണ്ടായിരുന്ന വിവരം സ്‌ക്കൂള്‍ അധികൃതര്‍ മറച്ചുവെച്ചതാണ് തന്റെ മകന് മാരക രോഗം പിടിപെടാന്‍ കാരണമെന്നും രക്ഷിതാവ് പറഞ്ഞു.

ഡിസംബര്‍ 31 ന് രാവിലെ സ്‌കൂളില്‍ പോയ കുട്ടിക്ക് നിര്‍ത്താതെ ഛര്‍ദ്ദി ഉണ്ടാവുകയും ക്ലാസ് അധ്യാപിക കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറാകാതെ കുട്ടിയെ അവിടെ ഇരുത്തുകയാണ് ചെയ്തതെന്നും താന്‍ എത്തിയതിനു ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മാതാവ് ശ്രീചിത്ര പറഞ്ഞു.

മുണ്ടിനീരിന്റെ അണുക്കള്‍ തലച്ചോറില്‍ ബാധിച്ച് വൈറല്‍ മെനിഞ്ചൈറ്റിസ് പിടിപെട്ടതിനെ തുടര്‍ന്ന് വലിയ രീതിയില്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടും സ്‌കൂളിന്റെ ഭാഗത്തു നിന്ന് യാതൊരു സഹകരണവും ഉണ്ടായില്ല എന്നും കുഞ്ഞുങ്ങളുടെ ജീവന് ഒരു വിലയും നല്‍കാതെ പ്രവര്‍ത്തിച്ച ഈ സ്‌കൂള്‍ പ്രതിഷേധം ശക്തമായ തോടെയാണ് അവധി നല്‍കാന്‍ തയ്യാറായതെന്നും അവര്‍ പറഞ്ഞു.

മരണത്തിന്റെ വക്കിലെത്തിയ തന്റെ മകന്‍ ഈശ്വര കടാക്ഷം കൊണ്ട് രക്ഷപ്പെടുകയായിരുന്നെന്നും കുട്ടി ഗുരുതരാവഥയിലായിരുന്നിട്ടും സ്‌ക്കൂള്‍ അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.

സാത്വികിന്റെ ചികിത്സക്ക് 5 ലക്ഷം രൂപയോളം ചിലവായെന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ഒരു മാസക്കാലം ചികിത്സിച്ചതായും കുട്ടിയുടെ വീട്ടുകാര്‍ക്കുണ്ടായ ഈ അവസ്ഥക്ക് സ്‌കൂളിലെ അധ്യാപകരും മാനേജ്‌മെന്റും സമാധാനം പറയണമെന്നും ശ്രീചിത്ര പറഞ്ഞു.

ചികില്‍ത്സക്ക് ചിലവായ തുകക്കും ഇനിയുള്ള തുടര്‍ ചികിത്സക്കും ശരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്കും സ്‌കൂളിന്റെ അശ്രദ്ധ കാരണമാണെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും ചികിത്സക്ക് ചിലവായ തുക നഷ്ടപരിഹാരമായി ലഭിക്കണമന്നും കുടുംബം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കലക്ടര്‍, ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ശ്രീചിത്ര പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗം ശ്രീവിലാസ് ബിനോയ്, ശ്രീചിത്രയുടെ മാതാവ് കാര്‍ത്തിക തുടങ്ങിയവര്‍ പങ്കെടുത്തു.

**
**

**

**

**

**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299927/student-has-meningitis-parent-makes-serious-allegations-against-school)