---
title: "എരവട്ടൂരില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് ഗര്‍ഭിണിയായ ആട് അടക്കം അഞ്ച് വളര്‍ത്തുമൃഗങ്ങള്‍ ചത്തു"
english_title: "Five domestic animals, including a pregnant goat, died after being bitten by stray dogs in Eravatur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30092/five-domestic-animals-including-a-pregnant-goat-died-after-being-bitten-by-stray-dogs-in-eravatur"
published_at: "2022-03-06T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622479e11ac9f_vvvv - Copy (3) - Copy copy.jpg"
keywords: []
---

# എരവട്ടൂരില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് ഗര്‍ഭിണിയായ ആട് അടക്കം അഞ്ച് വളര്‍ത്തുമൃഗങ്ങള്‍ ചത്തു

> **Lead Summary:** ** പേരാമ്പ്ര:** ഒരുകൂട്ടം തെരുവ് നായ്ക്കളുടെ കടിയേറ്റ് എരവട്ടൂര്‍ ആനേരിക്കുന്ന് ഭാഗത്ത് ഏഴ് വളര്‍ത്ത് മൃഗങ്ങള്‍ ചത്തു. പേരാമ്പ്ര പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ പുതുക്കെ പുറത്ത് മീത്തല്‍ മീനാക്ഷിയുടെ മൂന്ന് ആടും, മൂരുക്കണ്ടി മീത്തല്‍ മറിയത്തിന്റെ രണ്ടാടിനെയുമാണ് തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്.

## Article Content

** പേരാമ്പ്ര:** ഒരുകൂട്ടം തെരുവ് നായ്ക്കളുടെ കടിയേറ്റ് എരവട്ടൂര്‍ ആനേരിക്കുന്ന് ഭാഗത്ത് ഏഴ് വളര്‍ത്ത് മൃഗങ്ങള്‍ ചത്തു. പേരാമ്പ്ര പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ പുതുക്കെ പുറത്ത് മീത്തല്‍ മീനാക്ഷിയുടെ മൂന്ന് ആടും, മൂരുക്കണ്ടി മീത്തല്‍ മറിയത്തിന്റെ രണ്ടാടിനെയുമാണ് തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്.

ഇതില്‍ മറിയത്തിന്റെ ഒരാട് പൂര്‍ണ്ണ ഗര്‍ഭണിയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2 മീറ്റര്‍ ഉയരത്തില്‍ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കൂടിന്റെ വാതില്‍ കടിച്ച് പൊളിച്ചാണ് നായ്ക്കള്‍ കൂട്ടാത്തോടെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നത്.

40,000 രൂപയോളം വിലവരുന്ന ആടുകളെയാണ് രണ്ടു വനിതകള്‍ക്കും കൂടി നഷ്ടപ്പെട്ടത്. എരവട്ടൂര്‍ ടൗണിലും മറ്റ് സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു.

ആ നേരിക്കുന്ന്, കൈയ്യേലി, നാരായണവിലാസം സ്‌ക്കൂള്‍ പരിസരം, നരിക്കിലാപുഴ, കണ്ണോത്ത്ക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കള്‍ അലഞ്ഞുതിരിയുന്നത് ജനങ്ങള്‍ക്കു ഭീഷണിയാകുകയാണ്.

രാത്രികാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലെത്തുന്നവരാണ് ഇതു മൂലം ഏറെ വലയുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ആരാധനാലയങ്ങളിലും പോകുന്നവരുമാണ് നായ്ക്കളുടെ ഭീഷണി കൂടുതല്‍ നേരിടുന്നത്.

രാത്രി കനാല്‍ മുക്ക് ടൗണിലൂടെ നടന്നുപോകുന്നവര്‍ നായ്ക്കളുടെ ആക്രമണ ഭീതിയിലാണ് പോകുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നതും, അറവ് ശാലകളില്‍ നിന്നും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും ഇവ പെരുകുന്നതിനു ഇടയാക്കുന്നു.

കനാല്‍ മുക്ക് ടൗണില്‍ പകല്‍ സമയങ്ങളില്‍ പോലും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടക്കുന്നത് ഭീതിയോടെയാണ്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

പേരാമ്പ്ര സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍ ജഢം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. തെരുവ് നായയുടെ കടിയേറ്റ് വളര്‍ത്തുമൃഗങ്ങള്‍ ചത്തതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.

ഉപജീവനമാര്‍ഗ്ഗമായ വളര്‍ത്തുമൃഗങ്ങള്‍ ചത്തതോടെ കുടുംബങ്ങള്‍ക്കുണ്ടായ സമ്പത്തികപ്രയാസം പരിഹരിക്കുന്നതിന് മൃഗ സംരക്ഷണ വകുപ്പും, പഞ്ചായത്തും ചേര്‍ന്ന് ധനസഹായം നല്‍കണമെന്ന് സി.പി.ഐ.എം എരവട്ടൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ.വനജ അധികൃതരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30092/five-domestic-animals-including-a-pregnant-goat-died-after-being-bitten-by-stray-dogs-in-eravatur)