മേപ്പയ്യൂര്‍: യമന്‍ ജയിലില്‍ മരണശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയില്‍ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആര്‍ജെഡി ദേശീയ സമിതി അംഗം സലീം മടവൂര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന സോഷ്യലിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കറുത്തെടുത്ത് കുഞ്ഞിക്കണ്ണന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് വളരാനുള്ള ഫലഭൂയിഷ്ടമായ മണ്ണൊരുക്കാന്‍ ചില ന്യൂനപക്ഷ സംഘടനകള്‍ മത്സരിക്കുകയാണെന്നും സുംബ ഡാന്‍സും, സ്‌കൂള്‍ സമയമാറ്റവും ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന സമരപരിപാടികള്‍ സമൂഹത്തില്‍ വിപരീതഫലമാണ് സൃഷ്ടിക്കുകയെന്നത് മത സംഘടനകള്‍ തിരിച്ചറിയണമെന്നും നാട്ടിന്‍ പുറത്തെ മദ്രസകളില്‍ കുട്ടികളെ അയക്കാതെ സിബിഎസ്ഇ സ്‌കൂളുകളില്‍ കുട്ടികളെ അയക്കുന്നവരാണ് സമയമാറ്റത്തിനെതിരെ സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനകള്‍ നടത്തുന്ന സിബിഎസ്ഇ സ്‌കൂളുകള്‍ 10.30 ന് തുടങ്ങി മാതൃക കാണിക്കണമെന്നും സലീം മടവൂര്‍ ആവശ്യപ്പെട്ടു.
ആര്‍ജെഡി പഞ്ചായത്ത് പ്രസിഡന്റ് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി.പി. ദാനിഷ്, സുനില്‍ ഓടയില്‍, പി. ബാലകൃഷ്ണന്‍ കിടാവ്, എ.എം. കുഞ്ഞികൃഷ്ണ, കെ.എം. ബാലന്‍, കെ.കെ. നിഷിത, കീഴലാട്ട് കൃഷ്ണന്‍, എന്‍.പി. ബിജു, പി.കെ. ശങ്കരന്‍, സുരേഷ് ഓടയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
The release of Nimishapriya: Hatred propaganda must be stopped; Saleem Madavoor