പേരാമ്പ്ര: പേരാമ്പ്രയില്‍ ഇന്ന് വൈകുന്നേരം ബസ് ഇടിച്ച് കോളെജ് വിദ്യാര്‍ത്ഥി മരണമടഞ്ഞ സംഭവത്തില്‍ കുറ്റ്യാടി - കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസുകളെ ക്ഷുഭിതരായ ജനങ്ങള്‍ തടഞ്ഞപ്പോള്‍ യാത്രക്കാര്‍ക്ക് ആശ്വാസവുമായി കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി.
ഇത് വൈകുന്നേരം ജോലി കഴിഞ്ഞ് എത്തുന്നവര്‍ക്കും മറ്റു യാത്രക്കാര്‍ക്കും വലിയ ആശ്വാസമാണ് നല്‍കിയത്. ശനിയാഴ്ചയും പിഎസ് സി പരീക്ഷയും ഉള്ള ദിവസവും കുടിയായപ്പോള്‍ വൈകുന്നേരത്തെ യാത്രാ തിരക്ക് കൂടുതലാണ്. വിവിധ ഇടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരും ശനിയാഴ്ച വീടുകളിലെത്താന്‍ കുടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ഈ സമയത്താണ് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ സ്വകാര്യ ബസുകള്‍ തടഞ്ഞത്. തുടര്‍ന്ന് ഈ റൂട്ടില്‍ സ്വകാര്യ ബസുകളുടെ ഓട്ടം നിലച്ചു.

കുറ്റ്യാടിക്കും കോഴിക്കോടിനും ഇടയിലുള്ള സ്ഥലങ്ങളിലും ബസ് ലഭിക്കാന്‍ യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടു. യാത്രക്കാരുടെ പ്രയാസം പരിഹരിക്കാന്‍ ഒന്നിന് പുറകെ മറ്റൊന്നായി നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തിയതോടെ യാത്രാ പ്രശ്നത്തിന് പരിഹാരമായി. വൈകിട്ട് പേരാമ്പ്ര പട്ടണത്തില്‍ ബസ് കാത്തു നില്‍ക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്ന് യാത്രക്കാര്‍ പരിഭ്രാന്തരാവുന്നതിനിടയിലാണ് കെഎസ്ആര്‍ടിസി ബസുകളുടെ വരവ്. ആദ്യമാദ്യം എത്തിയ ബസുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടെങ്കിലും പിന്നീട് തിരക്കില്ലാതെ യാത്ര ചെയ്യാവുന്ന നിലയായി.
നിരവധി അപകടങ്ങള്‍ സംഭവിക്കുന്നത് കൊണ്ട് ഈ റൂട്ടില്‍ ദേശസാല്‍ക്കരണം നടത്തണമെന്ന ജനങ്ങളുടെ ആവശ്യം ഉയരുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ ഇത്തരം സമയോജിത ഇടപെടല്‍ ഗുണകരമായിരിക്കുമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. കെഎസ്ആര്‍ടിസിയുടെ ഈ ഇടപെടല്‍ എന്ത് കൊണ്ടും ബിഗ് സല്യൂട്ടിന് അര്‍ഹമാണ്.
Big salute to KSRTC at perambra