പേരാമ്പ്ര: ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ജവാദ് ഒരുപിടി സ്വപ്നങ്ങള്‍ ബാക്കിയാക്കി യാത്രയായി. പേരാമ്പ്രയില്‍ ഇന്ന് വൈകുന്നേരം ഉണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മരുതോങ്കര മൊയിലോത്തറ താഴത്ത് വളപ്പില്‍ അബ്ദുള്‍ ജവാദ് (23) ഒരു കുടുംബത്തിന്റെ സന്തോഷവും പ്രതീക്ഷയുമായിരുന്നു.
എസ്എഫ്‌ഐ സിയുആര്‍സി യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന അബ്ദുള്‍ ജവാദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാലിക്കര റീജ്യണ സെന്റര്‍ എംഎസ് ഡബ്ല്യു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. പഠനത്തിലും മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മുമ്പന്തിയിലായിരുന്നു ജവാദ്.

വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സബ് സെന്റര്‍ പെയിന്റ് ചെയ്യാനായി മുന്നിട്ടിറങ്ങുകയും പണി നടന്നുകൊണ്ടിരിക്കുകയുമായിരുന്നു. ഇതിനിടയില്‍ പെയിന്റ് വാങ്ങാനായി ജവാദ് ഇരുചക്ര വാഹനത്തില്‍ വരുന്നതിനിടയില്‍ കക്കാട് ബസ് സ്‌റ്റോപ്പിന് മുന്നില്‍ വെച്ച് കോഴിക്കോട് നിന്ന് കുറ്റ്യാടിക്ക് പോകുകയായിരുന്ന കെ എല്‍ 11 എജി 3339 ഒമേഗ ബസ് അബ്ദുള്‍ ജവാദ് സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
റോഡില്‍ വീണ ജവാദിന്റെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ജീവന്‍ പൊലിഞ്ഞ ജവാദിനെ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചു. പേരാമ്പ്രയില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും ശാശ്വതമായ ഒരു പരിഹാരം കാണാത്തതില്‍ വന്‍ പ്രതിഷേധത്തിലാണ് ജനങ്ങള്‍. പോലീസും മോട്ടോര്‍ വാഹന വകുപ്പും ശക്തമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം വന്‍ പ്രതിഷേധത്തിലേക്ക് പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് നേരത്തെയും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളും ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കുണ്ടുതോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
പിതാവ് അബ്ദുള്‍ ജലില്‍ (വടകര റവന്യൂ റിക്കവറി തഹസില്‍ദാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കും ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗവുമാണ്). മാതാവ് മുനീറ. സഹോദരന്‍ മനാഫ് (പ്ലസ് ടു വിദ്യാര്‍ത്ഥി ചാത്തങ്കോട്ടുനട എജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).
Leaving behind a handful of dreams, Jawad set off on his journey