പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ബസ് ഡ്രൈവറായ പേരാമ്പ്ര സ്വദേശി ആദം ഷാഫിയുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ അഞ്ച് ദിവസത്തെ നിര്‍ബന്ധിത പരിശീലനത്തില്‍ പങ്കെടുക്കാനും ഉത്തരവ്.
ഇന്നലെ വൈകിട്ടാണ് പേരാമ്പ്രയില്‍ ഒമേഗ ബസ് കയറി മരുതോങ്കര സ്വദേശി അബ്ദുല്‍ ജവാദ് മരിച്ചത്. സ്വകാര്യ ബസുകളുടെ മത്സര ഓട്ടമാണ് അപകടം വരുത്തിയതെന്ന് ആരോപിച്ച് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഇന്ന് ബസുകള്‍ തടയുമെന്ന് യുവജന സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.

രാവിലെ മുതല്‍ പേരാമ്പ്രയില്‍ പ്രതിഷേധം തുടങ്ങി. റോഡ് ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ പൊലീസ് ജീപ്പില്‍ റീത്ത് വെക്കാനും ശ്രമം നടന്നു. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് സ്വകാര്യ ബസില്‍ കയറ്റാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ സ്വകാര്യ ബസില്‍ നിന്നും ബലം പ്രയോഗിച്ച് മോചിപ്പിച്ചു. കൂടുതല്‍ പൊലീസ് എത്തിയാണ് മുഴുവന്‍ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയത്. സംഭവത്തില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരും പ്രതിഷേധാവുമായെത്തി.
റോഡ് ഉപരോധിച്ച എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധം കണക്കിലെടുത്ത് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഒന്നും നിരത്തിലിറങ്ങിയില്ല. ഇന്നലെ നടന്ന അപകടത്തില്‍ കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒമേഗ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
The incident where a student died in a bus accident; the motor vehicle department is taking action