---
title: "കടിയങ്ങാട് ചെറുപുഴയെ വീണ്ടെടുക്കാന്‍ 5000 സന്നദ്ധ പ്രവര്‍ത്തകര്‍ 22ന് രംഗത്തിറങ്ങും"
english_title: "To recover Katiyangad Cherupuzha 5000 volunteers will perform on the 22nd"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30384/to-recover-katiyangad-cherupuzha-5000-volunteers-will-perform-on-the-22nd"
published_at: "2022-03-07T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62263218a7547_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കടിയങ്ങാട് ചെറുപുഴയെ വീണ്ടെടുക്കാന്‍ 5000 സന്നദ്ധ പ്രവര്‍ത്തകര്‍ 22ന് രംഗത്തിറങ്ങും

> **Lead Summary:** ** പേരാമ്പ്ര**: കടിയങ്ങാട് ചെറുപുഴയുടെ വീണ്ടെടുപ്പിനും പരിപാലനത്തിനും 501 അംഗ ബഹുജന കമ്മിറ്റിക്ക് രൂപം നല്‍കി. ചങ്ങരോത്ത് പര്യായി കോവുപ്പുറം മുതല്‍ കല്ലൂര്‍മൂഴി വരെയുള്ള അഞ്ചര കിലോമീറ്ററാണ് മാലിന്യങ്ങള്‍ നീക്കി കുളിക്കടവുകളും മറ്റുമൊരുക്കി സംരക്ഷിക്കുന്നത്.

## Article Content

** പേരാമ്പ്ര**: കടിയങ്ങാട് ചെറുപുഴയുടെ വീണ്ടെടുപ്പിനും പരിപാലനത്തിനും 501 അംഗ ബഹുജന കമ്മിറ്റിക്ക് രൂപം നല്‍കി. ചങ്ങരോത്ത് പര്യായി കോവുപ്പുറം മുതല്‍ കല്ലൂര്‍മൂഴി വരെയുള്ള അഞ്ചര കിലോമീറ്ററാണ് മാലിന്യങ്ങള്‍ നീക്കി കുളിക്കടവുകളും മറ്റുമൊരുക്കി സംരക്ഷിക്കുന്നത്.

ദേശീയ ജലദിനമായ മാര്‍ച്ച് 22-ന് അയ്യായിരം സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കി പുഴ വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കും.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് നേതൃത്വം നല്‍കുന്ന പദ്ധതി കുടുംബശ്രീയുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും പിന്തുണയോടെയാണ് നടപ്പാക്കുന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയാണ് ജനകീയ കമ്മിറ്റിയുടെ ചെയര്‍മാന്‍. പഞ്ചായത്ത് വികസന ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ.വി കുഞ്ഞിക്കണ്ണനാണ് ജനറല്‍ കണ്‍വീനര്‍.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മതിനെ ട്രഷററായും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. കടിയങ്ങാട് പാലത്തിനടുത്ത് പഞ്ചായത്ത് ഗ്രൗണ്ടില്‍ ചേര്‍ന്ന ബഹുജന സംഗമം ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗുരി ടി എന്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു.

ഉണ്ണി വേങ്ങേരി അധ്യക്ഷനായി. പ്രവര്‍ത്തന പരിപാടികള്‍ കെ.വി കുഞ്ഞിക്കണ്ണന്‍ വിശദീകരിച്ചു.

ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പ്രകാശ് കോടഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമ്മല്‍, എസ്.പി കുഞ്ഞമ്മദ്, ജി രവി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ കെ മുബഷിറ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഐ അനിതകുമാരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30384/to-recover-katiyangad-cherupuzha-5000-volunteers-will-perform-on-the-22nd)