---
title: "ചെങ്ങോടുമല; പാരിസ്ഥിതികാനുമതി നാളെ പരിഗണിക്കും: തടസ ഹരജിയുമായി സമരസമിതി."
english_title: "chengodumala; Environmental permit to be considered tomorrow: Strike committee with obstruction petition."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30545/chengodumala-environmental-permit-to-be-considered-tomorrow-strike-committee-with-obstruction-petition"
published_at: "2022-03-08T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ചെങ്ങോടുമല; പാരിസ്ഥിതികാനുമതി നാളെ പരിഗണിക്കും: തടസ ഹരജിയുമായി സമരസമിതി.

> **Lead Summary:** ** കൂട്ടാലിട :** ചെങ്ങോടുമല കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതിക്ക് വേണ്ടി ഡെല്‍റ്റ റോക്‌സ് പ്രൊഡക്റ്റ് കമ്പനി കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി മുമ്പാകെ നല്‍കിയ അപേക്ഷ നാളെ പരിഗണിക്കും.

## Article Content

** കൂട്ടാലിട :** ചെങ്ങോടുമല കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതിക്ക് വേണ്ടി ഡെല്‍റ്റ റോക്‌സ് പ്രൊഡക്റ്റ് കമ്പനി കേന്ദ്ര പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി മുമ്പാകെ നല്‍കിയ അപേക്ഷ നാളെ പരിഗണിക്കും.

അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സമരസമിതിയിലെ നാലു പേര്‍ കേന്ദ്ര സമിതി ചെയര്‍മാന്‍ ഉള്‍പ്പെടെ 15 അംഗങ്ങള്‍ക്കും ഹരജി നല്‍കിയിട്ടുണ്ട്. കൂടാതെ സമരസമിതി ഹൈക്കോടതിയില്‍ റിട്ടും ഫയല്‍ ചെയ്തിട്ടുണ്ട്.

നേരത്തെ സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതി ചെങ്ങോടുമല ഖനനത്തിന് അനുമതി നല്‍കരുതെന്ന് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനി കേന്ദ്ര സമിതിയെ സമീപിച്ചത്.

ഖനനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ കേന്ദ്ര വനം - പരിസ്ഥിതി വകുപ്പ് മന്ത്രിക്ക് 10000 ഇ മെയില്‍ അയക്കുന്ന ക്യംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ - കോളജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇതില്‍ പങ്കാളികളായിട്ടുണ്ട്.

സംസ്ഥാനത്ത് പഠനം നടത്തിയ സര്‍ക്കാര്‍ ഏജന്‍സികളെല്ലാം ചെങ്ങോടു മലയില്‍ ഖനനം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രം അനുമതി നല്‍കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമലയില്‍ ഖനനം നടന്നാല്‍ കോട്ടൂര്‍, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലെ 3000 കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30545/chengodumala-environmental-permit-to-be-considered-tomorrow-strike-committee-with-obstruction-petition)