---
title: " എസ്പിസി പദ്ധതിയുടെ പതിനഞ്ചാം ജന്മദിനത്തില്‍ സെറിമോണിയല്‍ പരേഡ് നടത്തി"
english_title: "Ceremonial parade held on the 15th birthday of the SPC project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306086/ceremonial-parade-held-on-the-15th-birthday-of-the-spc-project"
published_at: "2025-08-02T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ddbb42e6be_alk.jpg"
keywords: []
---

#  എസ്പിസി പദ്ധതിയുടെ പതിനഞ്ചാം ജന്മദിനത്തില്‍ സെറിമോണിയല്‍ പരേഡ് നടത്തി

> **Lead Summary:** **പേരാമ്പ്ര:** സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 15-ാം ജന്മദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സെറിമോണിയല്‍ പരേഡ് നടത്തി.

## Article Content

**പേരാമ്പ്ര:** സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 15-ാം ജന്മദിനത്തോടനുബന്ധിച്ച് പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സെറിമോണിയല്‍ പരേഡ് നടത്തി.

സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് 2010 ല്‍ കേരളത്തില്‍ രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ്.

127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചു.

പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കുക, എന്‍സിസി, എന്‍എസ്എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളര്‍ത്തുകയും വിദ്യാര്‍ഥികളില്‍ പ്രകൃതിസ്‌നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുകയും സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടാനും ദുരന്തഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനും അവരെ പ്രാപ്തരാക്കുകയും ഇതിലൂടെ സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയാണിത്.

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ മേപ്പയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആവള ഹൈസ്‌കൂള്‍, പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പേരാമ്പ്ര, നൊച്ചാട്, വടക്കുമ്പാട്, പയ്യോളി സ്റ്റേഷന്‍ പരിധിയിലെ പയ്യോളി ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ സീനിയര്‍ കേഡറ്റുകളും പങ്കെടുത്തു.

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും അണിനിരന്ന ജനാവലിയെ സാക്ഷി നിര്‍ത്തി മുഖ്യാതിഥിയായി പരേഡിന്റെ അഭിവാദ്യം കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു ഐപിഎസ് സ്വീകരിച്ചു.

എസ്പിസി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറും റൂറല്‍ ജില്ലാ അഡീഷണല്‍ എസ്.പിയുമായ എ.പി ചന്ദ്രന്‍, പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍കുമാര്‍, പേരാമ്പ്ര എസ്എച്ച്ഒ ജംഷിദ്, പേരാമ്പ്ര സ്‌കൂള്‍ പ്രധാനധ്യാപകന്‍ സുനില്‍കുമാര്‍, എസ്പിസി എഡിഎന്‍ഒ സുനില്‍ തുഷാര, തുടങ്ങിയവര്‍ പരേഡിന് നേതൃത്വം നല്കി. ആവള എച്ച്എസ്എസ് സീനിയര്‍ കേഡറ്റ് പി.എസ് ഇന്‍ഷിക, പരേഡ് കമാന്റര്‍ ആയും പയ്യോളി ഹൈസ്‌ക്കൂള്‍ സീനിയര്‍ കേഡറ്റ് ആയ നൈനിക പ്രശാന്ത് സെക്കന്റ് എന്‍ കമാണ്ടറായും പരേഡിന് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306086/ceremonial-parade-held-on-the-15th-birthday-of-the-spc-project)