---
title: "ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിസിന് വാഹനങ്ങള്‍ കൈമാറി "
english_title: "Vehicles handed over to the Institute of Pain and Palliative Medicine"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306373/vehicles-handed-over-to-the-institute-of-pain-and-palliative-medicine"
published_at: "2025-08-04T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689051d0d2625_aster1.jpg"
keywords: []
---

# ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിസിന് വാഹനങ്ങള്‍ കൈമാറി 

> **Lead Summary:** **കോഴിക്കോട്: **ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആസ്റ്റര്‍ വൊളണ്ടിയേഴ്സിന്റെയും സഹകരണത്തോടെ മെഡിക്കല്‍ കോളെജ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിശീലന വിഭാഗമായ ഐപിഎം ന് രണ്ട് വാഹനങ്ങള്‍ കൈമാറി.

## Article Content

**കോഴിക്കോട്: **ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആസ്റ്റര്‍ വൊളണ്ടിയേഴ്സിന്റെയും സഹകരണത്തോടെ മെഡിക്കല്‍ കോളെജ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിശീലന വിഭാഗമായ ഐപിഎം ന് രണ്ട് വാഹനങ്ങള്‍ കൈമാറി.

വിവിധ തരം രോഗങ്ങള്‍ കൊണ്ടും മറ്റും കിടപ്പിലായവരുടെയും, അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിചരണത്തിനും ആവശ്യമായ ഹോം കെയര്‍ വാഹനങ്ങളാണ് മുന്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള കൈമാറി ഉദ്ഘാടനം ചെയ്തത്.

വേദന അനുഭവിക്കുന്നവന്റെ മാനസികാവസ്ഥ നേരത്തെ തിരിച്ചറിയുകയും കുറ്റമറ്റ ചികിത്സയിലൂടെയും മറ്റും അവര്‍ക്ക് ആശ്വാസം നല്‍കുന്നതിലൂടെ ആസ്റ്റര്‍ മിംസ് സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. മിംസിലെ മുഴുവന്‍ തൊഴിലാളികളുടെയും വാര്‍ഷിക ശമ്പള വിഹിതത്തിനെ ഒരു ഭാഗം പാലിയേറ്റീവ് കെയറിന് നല്‍കുന്ന 'ട്രാക്സ് വീ ലൈവ്' പദ്ധതിയെ അദ്ദേഹം പ്രശംസിക്കുകയും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണന അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിഹിതവും ഈ പദ്ധതിയിലേക്ക് കൈമാറി.

രോഗികളുടെ രോഗ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും അവരെ തിരിച്ച് ഉന്നത ജീവിത നിലവാരത്തിലേക്കെത്തിക്കുവാനും, കൂടാതെ ചികിത്സിക്കാന്‍ കഴിയാത്തതും ദീര്‍ഘകാലമായി കിടപ്പിലായതുമായ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും നിരന്തര പരിചരണം ആവശ്യമാണ്. ആസ്റ്റര്‍ മിംസ് കൈമാറിയ ഈ വാഹനങ്ങള്‍ അത്തരം രോഗികളുടെ പരിചരണത്തിന് കൂടുതല്‍ ശക്തി പകരുമെന്നും, ഇനി മുന്നോട്ടും ഇതുപോലുള്ള സാമൂഹിക മുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ ആസ്റ്റര്‍ മിംസിനൊപ്പം ഉണ്ടാവുമെന്നും വിഎച്ച്ഒ കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ പാലിയേറ്റീവ് ആന്‍ഡ് ലോംഗ് ടേം കെയര്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യക്ക് അകത്തും പുറത്തുമായി കോടി കണക്കിന് രൂപയുടെ സ്വാന്തന പ്രവര്‍ത്തനങ്ങള്‍ ആസ്റ്റര്‍ വൊളണ്ടിയേഴ്സിന്റെ സഹകരണത്തോടെ വിവിധ മേഖലയിലുള്ളവര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് സിഒ ഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു.

മെഡിക്കല്‍ സഹായം ലഭ്യമല്ലാത്ത ഗ്രാമ പ്രദേശങ്ങളിലെയും തീരദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇന്ത്യയില്‍ ഉടനീളം ആസ്റ്റര്‍ വൊളണ്ടിയേഴ്സിന്റെ 54 സൗജന്യ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുണ്ടെന്നും, അതില്‍ 17 എണ്ണം കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ചടങ്ങില്‍ കോഴിക്കോട് മിംസ് സിഎം എസ് ഡോ. അബ്രഹാം മാമന്‍, ഐപിഎം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എന്‍.എം. മുജീബ് റഹ്‌മാന്‍, നാരായണ മൂസത് (ചെയര്‍മാന്‍, പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, കോഴിക്കോട്), ശ്രീകുമാര്‍ (സെക്രട്ടറി, പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, കോഴിക്കോട്) തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306373/vehicles-handed-over-to-the-institute-of-pain-and-palliative-medicine)