---
title: "മലയോര ഹൈവേ പണി നിലച്ചത് അധികാരികളുടെ കെടുകാര്യസ്ഥത മൂലമെന്ന് ആരോപണം"
english_title: "Allegations that the halt in the construction of the hilly highway was due to mismanagement by the authorities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306636/allegations-that-the-halt-in-the-construction-of-the-hilly-highway-was-due-to-mismanagement-by-the-authorities"
published_at: "2025-08-05T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891d2d9c1317_nochad.JPG"
keywords: []
---

# മലയോര ഹൈവേ പണി നിലച്ചത് അധികാരികളുടെ കെടുകാര്യസ്ഥത മൂലമെന്ന് ആരോപണം

> **Lead Summary:** **പേരാമ്പ്ര: ** ചക്കിട്ടപാറ ടൗണില്‍ റോഡിന്റെ യഥാര്‍ത്ഥ വീതി നിര്‍ണ്ണയിക്കാന്‍ കഴിയാതെ ഇവിടെ മലയോര ഹൈവേയുടെ പണി മാസങ്ങളായി നിലച്ചിരിക്കുന്ന സാഹചര്യത്തിനു പിന്നില്‍ അധികാരികളുടെ കെടുകാര്യസ്ഥതയാണു കാരണമെന്നു കൊയിലാണ്ടി താലൂക്ക് വികസനസമിതി യോഗത്തില്‍ ആക്ഷേപം ഉന്നയിച്ച് സമിതി അംഗം രാജന്‍ വര്‍ക്കി.

## Article Content

**പേരാമ്പ്ര: ** ചക്കിട്ടപാറ ടൗണില്‍ റോഡിന്റെ യഥാര്‍ത്ഥ വീതി നിര്‍ണ്ണയിക്കാന്‍ കഴിയാതെ ഇവിടെ മലയോര ഹൈവേയുടെ പണി മാസങ്ങളായി നിലച്ചിരിക്കുന്ന സാഹചര്യത്തിനു പിന്നില്‍ അധികാരികളുടെ കെടുകാര്യസ്ഥതയാണു കാരണമെന്നു കൊയിലാണ്ടി താലൂക്ക് വികസനസമിതി യോഗത്തില്‍ ആക്ഷേപം ഉന്നയിച്ച് സമിതി അംഗം രാജന്‍ വര്‍ക്കി.

ആറാമത്തെ അളവ് ഇന്നു നടക്കുമെന്നാണ് സൂചന. 12 മീറ്റര്‍ വീതിയിലാണ് ഹൈവേ കാസര്‍കോട് നിന്നു തിരുവനന്തപുരത്തേക്ക് നടന്നു കൊണ്ടിരിക്കുന്നത്. പല ജില്ലകളിലും പണി പൂര്‍ത്തിയായി. മറ്റു ഭാഗങ്ങളില്‍ പ്രവര്‍ത്തി നടന്നു കൊണ്ടിരിക്കുന്നു.

ഇതില്‍ പെരുവണ്ണാമൂഴി - ചെമ്പ്ര റീച്ചില്‍ പെട്ട ചക്കിട്ടപാറ ടൗണില്‍ മാത്രമാണു പാതയുടെ വീതി നിര്‍ണയിക്കാന്‍ കഴിയാത്തത്. അംഗീകൃത സര്‍വേയര്‍മാരുടെ ഓരോ അളവിലും വ്യത്യസ്ത വീതിയാണ് കാണുന്നത്. ഇത് കെട്ടിട ഉടമകളിലും കച്ചവടക്കാരിലും തുടര്‍ച്ചയായ തര്‍ക്കത്തിനു കാരണമാവുകയാണ്.

ചക്കിട്ടപാറ ടൗണില്‍ റോഡിന്റെ വീതി നിര്‍ണയ സ്‌കെച്ച് ഇല്ലെന്നാണ് അധികൃത ഭാഷ്യം. മറ്റു സ്ഥലങ്ങളില്‍ ഇതുണ്ട്. പഴയ കാലത്ത് പലരും റോഡ് കൈയേറിയാണ് ബഹുനില കെട്ടിടങ്ങളും മതിലുകളും നിര്‍മ്മിച്ചത്. യഥാര്‍ത്ഥ അളവു വന്നാല്‍ ഇതില്‍ പലതും പൊളിക്കേണ്ടി വരും. ഇത്തരക്കാരെ രക്ഷിക്കാനാണ് ടൗണിന്റെ യഥാര്‍ത്ഥ വീതി അളവ് സ്‌കെച്ച് മറച്ചുവെച്ച് അളവു പ്രഹസനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

നാടിന്റെ വികസനത്തിനു തുരങ്കം വെക്കുന്ന ഈ നയം തിരുത്തണമെന്നാണ് കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ചക്കിട്ടപാറക്കാരനായ സമിതി അംഗം രാജന്‍ വര്‍ക്കി ആവശ്യപ്പെട്ടത്. കൈയ്യേറ്റക്കാരെ സംരംക്ഷിക്കുന്നത് നിര്‍ത്തി റവന്യൂ സര്‍വെ ടീം, ചക്കിട്ടപാറ പഞ്ചായത്ത്, കേരളാ റോഡ് ഫണ്ട് ബോര്‍ഡ് തുടങ്ങിയവര്‍ നാടിനൊപ്പം നില്‍ക്കണം.

പ്രശ്‌നത്തില്‍ ഇടപെട്ട് രംഗത്തു വന്നവരെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇല്ലെന്നു വാദിക്കുന്ന ചക്കിട്ടപാറ ടൗണിന്റെ ലഭ്യമായ സ്‌കെച്ചിന്റെ പകര്‍പ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ രാജന്‍ വര്‍ക്കി പ്രദര്‍ശിപ്പിച്ചു. ശേഷം വേദിയിലുണ്ടായിരുന്ന തഹസില്‍ദാരെ ഏല്‍പ്പിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306636/allegations-that-the-halt-in-the-construction-of-the-hilly-highway-was-due-to-mismanagement-by-the-authorities)