---
title: "മഞ്ഞപ്പിത്തം പടരുന്നു; സ്വകാര്യ ആശുപത്രിയിലെ 20 ഓളം ജീവനക്കാര്‍ക്ക് രോഗബാധ"
english_title: "Jaundice spreads; Around 20 employees of a private hospital infected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306861/jaundice-spreads-around-20-employees-of-a-private-hospital-infected"
published_at: "2025-08-06T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68932348db1ac_gfgddf.jpg"
keywords: []
---

# മഞ്ഞപ്പിത്തം പടരുന്നു; സ്വകാര്യ ആശുപത്രിയിലെ 20 ഓളം ജീവനക്കാര്‍ക്ക് രോഗബാധ

> **Lead Summary:** **വടകര: **വടകരയിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപകം. സ്വകാര്യ ആശുപത്രിയിലെ 20 ഓളം ജീവനക്കാര്‍ക്ക് രോഗം ബാധിച്ചു. വടകര ആശ ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചത്. മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചതോടെ ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചു.

## Article Content

**വടകര: **വടകരയിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപകം. സ്വകാര്യ ആശുപത്രിയിലെ 20 ഓളം ജീവനക്കാര്‍ക്ക് രോഗം ബാധിച്ചു. വടകര ആശ ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചത്. മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചതോടെ ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചു.

ചോറോട്, ആയഞ്ചേരി, തിരുവള്ളൂര്‍ പഞ്ചായത്തുകളില്‍ നിന്നും നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചികിത്സ തേടി നിരവധി പേര്‍ ആശുപത്രികളിലെത്തുന്നുണ്ട്.

നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയിലെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ച പാശ്ചാത്തലത്തില്‍ നഗരസഭ ആരോഗ്യ വിഭാഗം കുടിവെള്ളം പരിശോധനക്ക് എടുത്തിട്ടുണ്ട്.

മലാപറമ്പിലെ റീജനല്‍ ലബോറട്ടറിയിലേക്ക് അയച്ച വെള്ളത്തിന്റെ പരിശോധന റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭ്യമാകും.

റിപ്പോര്‍ട്ട് പുറത്തു വന്നാലെ വെള്ളത്തിലൂടെയാണോ പകര്‍ന്നതെന്ന് വ്യക്തമാവുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലും പരിസരത്തും ജല അതോറിറ്റിയുടെ കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. ദേശീയ പാത നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ അഴുക്കുചാലുകള്‍ പലയിടത്തും തകര്‍ന്ന് കിടക്കുകയാണ്.

മഴയില്‍ മലിനജലം കുടിവെള്ളത്തിലേക്ക് കലര്‍ന്നിട്ടുണ്ടോയെന്ന് ആരോഗ്യ വകുപ്പ് പരിശോധിക്കും. രോഗബാധയെ തുടര്‍ന്ന് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി.

തിളപ്പിച്ചാറ്റിയ കുടിവെള്ളം മാത്രമേ നല്‍കാവൂവെന്ന് നിര്‍ദേശം നല്‍കി. പരിസര ശുചിത്വം പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306861/jaundice-spreads-around-20-employees-of-a-private-hospital-infected)