---
title: "സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട സംഭവം; നടപടിയുമായി ആര്‍ടിഒ"
english_title: "Incident of a private bus hitting a biker; action by the RTO"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307254/incident-of-a-private-bus-hitting-a-biker-action-by-the-rto"
published_at: "2025-08-08T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895b60e415c6_abuse.JPG"
keywords: []
---

# സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട സംഭവം; നടപടിയുമായി ആര്‍ടിഒ

> **Lead Summary:** **വടകര:** വടകര ദേശീയപാതയില്‍ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ നടപടിയുമായി ആര്‍ടിഒ. ഇടിച്ച സ്വകാര്യബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബസ് ഓടിച്ച ഡ്രൈവര്‍ സതീഷിന്റെയും കണ്ടക്ടര്‍ പി.പി ദിലീഷിന്റെയും ലൈസന്‍സാണ് വടകര ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തത്.

## Article Content

**വടകര:** വടകര ദേശീയപാതയില്‍ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ നടപടിയുമായി ആര്‍ടിഒ. ഇടിച്ച സ്വകാര്യബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബസ് ഓടിച്ച ഡ്രൈവര്‍ സതീഷിന്റെയും കണ്ടക്ടര്‍ പി.പി ദിലീഷിന്റെയും ലൈസന്‍സാണ് വടകര ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തത്.

സതീഷിന്റെ ലൈസന്‍സ് ആറ് മാസത്തേക്കും പി.പി ദിലീഷിന്റെ ലൈസന്‍സ് ഒരു മാസത്തേക്കും സസ്പെന്‍ഡ് ചെയ്തതായി ആര്‍ടിഒ ഓഫീസര്‍ പി രാജേഷ് അറിയിച്ചു. അപകടത്തിന് ശേഷം പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയ്യെടുക്കാത്തതിനാണ് കണ്ടക്ടര്‍ക്കെതിരെ നടപടി.

രണ്ടുപേരും അഞ്ച് ദിവസത്തെ റോഡ് സുരക്ഷാ ട്രൈനിങ്ങിന് ഐഡിടിആര്‍ എടപ്പാളില്‍ പങ്കെടുക്കണം. കൂടാതെ, മെഡിക്കല്‍ കോളേജില്‍ ഒരു മാസം സേവനം നടത്തുകയും വേണം. വടകര കരിമ്പനപാലം സ്വദേശി ആകാശിനെയാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടാലെന്റ്‌റ് ബസ് തട്ടി തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് തെറിച്ച് വീണ ആകാശിന് ഗുരുതരമായി പരിക്കേറ്റു.

ആകാശ് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബസിന് പിന്നാലെയെത്തിയ വാഹന യാത്രികരാണ് പരിക്കേറ്റ ആകാശിനെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിന് പിന്നാലെ നിര്‍ത്താതെ പോയ സ്വകാര്യ ബസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുതിയ സ്റ്റാന്റിലെത്തി ബസിന് മുകളില്‍ കൊടി കെട്ടി തടഞ്ഞു.

പുതിയ സ്റ്റാന്റില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ സ്വകാര്യ ബസ് തടയാന്‍ നേതൃത്വം നല്‍കിയ ആളാണ് ആകാശ് എന്നും ബോധപൂര്‍വ്വം ഇടിച്ച് തെറിപ്പിച്ചതായി സംശയമുണ്ടെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. വടകര സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയും അന്വേഷണം ശക്തമാക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307254/incident-of-a-private-bus-hitting-a-biker-action-by-the-rto)