---
title: "ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം രൂക്ഷമായി"
english_title: "The spread of African voices is intense at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307280/the-spread-of-african-voices-is-intense-at-chakkittapara"
published_at: "2025-08-08T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895cdec36780_och.JPG"
keywords: []
---

# ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം രൂക്ഷമായി

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്ത് മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം രൂക്ഷമായി. വാര്‍ഡ് 10, 11 വാര്‍ഡുകളില്‍ പെട്ട കൃഷിയിടങ്ങളിലാണ് കൂടുതലായി ഇത് കണ്ടു വരുന്നത്. കൃഷി നാശം, ആരോഗ്യ ഹാനി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി ജനങ്ങള്‍ പറയുന്നു. നൂറുകണക്കിന് ഒച്ചുകള്‍ മണ്ണിനടിയില്‍ മുട്ടയിട്ട് പെരുകി, കൃഷിയിടങ്ങളും വീടുകളും നാശിപ്പിക്കുന്നു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്ത് മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം രൂക്ഷമായി. വാര്‍ഡ് 10, 11 വാര്‍ഡുകളില്‍ പെട്ട കൃഷിയിടങ്ങളിലാണ് കൂടുതലായി ഇത് കണ്ടു വരുന്നത്. കൃഷി നാശം, ആരോഗ്യ ഹാനി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി ജനങ്ങള്‍ പറയുന്നു. നൂറുകണക്കിന് ഒച്ചുകള്‍ മണ്ണിനടിയില്‍ മുട്ടയിട്ട് പെരുകി, കൃഷിയിടങ്ങളും വീടുകളും നാശിപ്പിക്കുന്നു.

ചേമ്പ്, ചേന, ചീര, കയ്പ, പടവലം, പച്ചമുളക് തുടങ്ങി എല്ലാ ചെടികളും തിന്നു നശിപ്പിക്കുകയാണ്. വാഴയിലും, കുരുമുളക് വള്ളിയിലും കയറിപ്പറ്റുകയാണ് ചെയ്യുന്നത്. തെങ്ങ്, കമുക്, മുരിങ്ങ, മാവ് തുടങ്ങിയ വൃക്ഷങ്ങള്‍ ഒച്ചുകളുടെ വിഹാരകേന്ദ്രമാണ്. പ്രദേശവാസികള്‍ ഒരുമിച്ച് പോരാടി നശിപ്പിച്ചാലും, ഇത് വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

ഒച്ചുകള്‍ വീടിന്റെ പുറം ചുവരിലും അടുക്കളകളിലും കയറി സ്ഥാനം പിടിക്കുന്നു. ആഫ്രിക്കന്‍ ഒച്ചുകള്‍ എങ്ങനെ പ്രദേശത്ത് എത്തി എന്നും എങ്ങനെയാണ് ഒരു പ്രദേശം മുഴുവന്‍ കീഴടക്കി എന്നും സമഗ്രമായ പഠനം നടത്തണം. പ്രാദേശിക കൃഷി ഓഫീസിന്റെ സഹായത്തോടെ സമഗ്രപദ്ധതി തയ്യാറാക്കുകയും, പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

വിഷയം ചര്‍ച്ച ചെയ്യാനും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനുമായി ബന്ധപ്പെട്ടവരുടെ യോഗം ചേരും. ഭരണ സമിതി അംഗങ്ങള്‍, എ.ഡി.സി. അംഗങ്ങള്‍, കൃഷി വിദഗ്ധര്‍, ആരോഗ്യ വകുപ്പ്, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗമാണ് ചേരുന്നതെന്ന് ചക്കിട്ടപാറ കൃഷി ഓഫീസര്‍ രശ്മ നായര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307280/the-spread-of-african-voices-is-intense-at-chakkittapara)