---
title: "ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പേരാമ്പ്ര പൊലീസിന്റെ പിടിയില്‍"
english_title: "The accused in the case of embezzling crores has been caught by the Perambra police after three years"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307399/the-accused-in-the-case-of-embezzling-crores-has-been-caught-by-the-perambra-police-after-three-years"
published_at: "2025-08-09T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896d9d6c5f6a_alp.JPG"
keywords: []
---

# ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പേരാമ്പ്ര പൊലീസിന്റെ പിടിയില്‍

> **Lead Summary:** പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത 10-ാം ക്ലാസുകാരനെ പറഞ്ഞ് പറ്റിച്ചും ഭീഷണിപ്പെടുത്തിയും രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കേസിലെ പ്രതിയെ പേരാമ്പ്ര പൊലീസ് പിടികൂടി.

## Article Content

പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത 10-ാം ക്ലാസുകാരനെ പറഞ്ഞ് പറ്റിച്ചും ഭീഷണിപ്പെടുത്തിയും രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കേസിലെ പ്രതിയെ പേരാമ്പ്ര പൊലീസ് പിടികൂടി.

സംഭവശേഷം ബന്ധുക്കളുമായി വളരെ രഹസ്യമായി മാത്രം ബന്ധപ്പെട്ട പ്രതി യുപിയിലും വാരണാസിയിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ വാരാണസിയില്‍ നിന്നും വന്ന ഒരു കോള്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചതില്‍ പ്രതി വാരാണസിയിലുണ്ടെന്ന സൂചന ലഭിച്ച് പേരാമ്പ്ര പൊലീസ് അവിടെയുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഈ സമയം പ്രതി കേരളത്തിലേക്ക് കടന്നിരുന്നു.

പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി.എം സുനില്‍ കുമാറും, ചന്ദ്രനും തിരുവനന്തപുരത്തെത്തി അന്വേഷണം നടത്തിയതില്‍ കഴക്കൂട്ടത്ത് പാങ്ങാപ്പാറ ശ്രീ ശാസ്താ റോഡില്‍ ശ്രീ കാര്യം വാര്‍ഡിലുള്ള കുറ്റിച്ചാല്‍ എന്ന സ്ഥലത്തുള്ള ഒരു അമ്പലത്തില്‍ ഭാഗവത സപ്താഹ ദിവസം താടിയും മുടിയും നീട്ടി വളര്‍ത്തിയ പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ വന്ന് പോയതായി വിവരം ലഭിച്ചു. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ പ്രതിയുടെ അച്ഛന്‍ വാടകക്ക് താമസിക്കുന്ന സ്ഥലം കണ്ടെത്തി.

രാത്രി മണിക്കൂറുകളോളം പ്രതിയെ കണ്ടെത്താന്‍ കാത്തിരുന്നു. വാടകക്ക് താമസിക്കുന്നതിനാല്‍ വീട്ടിലുള്ള പ്രതിയെക്കുറിച്ച് നാട്ടുകാരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. അധികം പുറത്തിറങ്ങാറില്ലെങ്കിലും പ്രതി കുറച്ച് ദിവസമായി നാട്ടിലെത്തിയെന്ന് മനസിലായി. പിന്നീട് സാഹസിക നീക്കത്തിലൂടെ പ്രതി കസ്റ്റഡിയിലായി. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് ചെറുക്കാന്‍ നോക്കിയ വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും തന്ത്രപരമായി പ്രതിയേയും കൊണ്ട് ശ്രീകാര്യത്തേക്കും പിന്നീട് അവിടേക്ക് പാര്‍ട്ടിക്കാരും മറ്റും പിന്‍തുടര്‍ന്ന് വന്നതിനാല്‍ തമ്പാനൂരിലേക്കും കൊണ്ടുവന്നു. അതിനിടയില്‍ പൊലീസിന്റെ വലയിലായെന്ന് ബോധ്യപ്പെട്ട പ്രതി നെഞ്ചുവേദനയും മാനസിക അസ്വസ്ഥതയും അഭിനയിച്ച് പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു.

പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച് എല്ലാ പരിശോധനയും പൂര്‍ത്തിയായി പൂര്‍ണ ആരോഗ്യവാനാണെന്ന് ബോധ്യപ്പെട്ട ശേഷം പേരാമ്പ്ര സ്റ്റേഷനിലെത്തിച്ചു. കോളെജ് അധ്യാപകരായ രക്ഷിതാക്കളുടെ 10-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് 2022 ഫെബ്രുവരി മുതല്‍ ഏപ്രില്‍ മാസം വരെയുള്ള കാലയളവില്‍ 9, 191 39 / ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 2023 ഫെമ്പ്രുവരി 20 ന് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. 3 വര്‍ഷമായിട്ടും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തത് പൊലീസിനെ ഏറെ വട്ടംചുറ്റിച്ചിരുന്നു. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ജംഷിദ് പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടാനായത് പേരാമ്പ്ര പൊലീസിന്റെ അന്വേഷണ മികവിന് മറ്റൊരു പൊന്‍ തൂവല്‍ കൂടിയായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307399/the-accused-in-the-case-of-embezzling-crores-has-been-caught-by-the-perambra-police-after-three-years)