---
title: "പൂഴിത്തോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "Inaugurated the work of the Poozhithode bridge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307551/inaugurated-the-work-of-the-poozhithode-bridge"
published_at: "2025-08-09T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68978d707b7ed_poozhi.jpg"
keywords: []
---

# പൂഴിത്തോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** പെരുവണ്ണാമൂഴി: പൂഴിത്തോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര, നാദാപുരം നിയോജകമണ്ഡലങ്ങളെ ചക്കിട്ടപ്പാറ, മരുതോങ്കര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പൂഴിത്തോട് പാലം യഥാര്‍ഥ്യമാകുന്നതോടെ പരിഹാരമാകുന്നത് പ്രദേശവാസികളുടെ ഏറെക്കാലത്തെ യാത്രാപ്രശ്നമാണ്.

## Article Content

പെരുവണ്ണാമൂഴി: പൂഴിത്തോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര, നാദാപുരം നിയോജകമണ്ഡലങ്ങളെ ചക്കിട്ടപ്പാറ, മരുതോങ്കര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പൂഴിത്തോട് പാലം യഥാര്‍ഥ്യമാകുന്നതോടെ പരിഹാരമാകുന്നത് പ്രദേശവാസികളുടെ ഏറെക്കാലത്തെ യാത്രാപ്രശ്നമാണ്.

പൂഴിത്തോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പാലങ്ങള്‍ യഥാര്‍ഥ്യമാകുന്നതോടെ നാടിന്റെ മുഖച്ഛായ മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാലം വരുന്നതിന് മുമ്പും ശേഷവും എന്ന രീതിയിലാണ് ഒരു നാടിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.

കടന്തറ പുഴക്ക് കുറുകെ 16.75 കോടി രൂപ ചെലവിട്ടാണ് പാലം നിര്‍മിക്കുന്നത്. 2026 മെയ് 31നകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ പൂഴിത്തോടുകാര്‍ക്ക് മരുതോങ്കരയില്‍ വേഗത്തിലെത്താം.

മരുതോങ്കര ഭാഗത്ത് 130 മീറ്റര്‍ നീളത്തില്‍ വലിയ പാലവും പൂഴിത്തോട് ഭാഗത്ത് ഒരു സ്പാനോട് കൂടി 16 മീറ്റര്‍ നീളത്തില്‍ ചെറിയ പാലവുമാണ് നിര്‍മിക്കുന്നത്. 7.50 മീറ്റര്‍ നീളത്തില്‍ കാരേജ്വേയും 1.50 മീറ്റര്‍ വീതിയില്‍ ഇരുവശത്തും നടപ്പാതയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലാണ് ഇരുപാലങ്ങളും. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ഡിസൈന്‍ യൂണിറ്റാണ് പാലം രൂപകല്‍പന ചെയ്തത്.

പാലത്തിന്റെ പൂഴിത്തോട് ഭാഗത്ത് കരിങ്കല്‍ പാര്‍ശ്വഭിത്തിയോടുകൂടി 500 മീറ്റര്‍ നീളത്തിലും എക്കല്‍ ഭാഗത്ത് 20 മീറ്റര്‍ നീളത്തിലും ബി എം ആന്‍ഡ് ബി സി ഉപരിതലത്തോട് കൂടിയ അനുബന്ധ റോഡും നിര്‍മിക്കും. നിലവിലെ റോഡ് വീതി കൂട്ടുകയും ചെയ്യും.

ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എസ് അജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ സി.കെ ശശി, ബാബുരാജ്, ബിന്ദു വത്സന്‍, ഇ.എം ശ്രീജിത്ത്, വാര്‍ഡ് അംഗം കെ.എ ജോസുകുട്ടി, ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.വി ഷിനി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307551/inaugurated-the-work-of-the-poozhithode-bridge)