---
title: "രാത്രി യാത്ര ദുരിതമായി; കെഎസ്ആര്‍ടിസി ബസ് തകരാറില്‍ പ്രതിഷേധം"
english_title: "Night travel was a nightmare; Protest against KSRTC bus breakdown"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307592/night-travel-was-a-nightmare-protest-against-ksrtc-bus-breakdown"
published_at: "2025-08-10T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689828f1859a1_busr.jpg"
keywords: []
---

# രാത്രി യാത്ര ദുരിതമായി; കെഎസ്ആര്‍ടിസി ബസ് തകരാറില്‍ പ്രതിഷേധം

> **Lead Summary:** **കോഴിക്കോട്:** ശനിയാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് നിന്ന് തൊട്ടില്‍പാലത്തേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി മലബാര്‍ ബസ് ക്രിസ്ത്യന്‍ കോളേജിന് സമീപം തകരാറിലായതോടെ യാത്രക്കാര്‍ക്ക് ദുരിതയാത്രയായി. നിറഞ്ഞ യാത്രക്കാരെ റോഡില്‍ ഇറക്കേണ്ടി വന്ന സംഭവം വലിയ പ്രതിഷേധത്തിനിടയായി. സ്ത്രീകളും കൈക്കുഞ്ഞുകളും, വിദ്യാര്‍ത്ഥിനികളും, മറ്റ് ജീവനക്കാരുമടക്കം നിരവധി പേരാണ് ബസിലുണ്ടായിരുന്നത്.

## Article Content

**കോഴിക്കോട്:** ശനിയാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് നിന്ന് തൊട്ടില്‍പാലത്തേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി മലബാര്‍ ബസ് ക്രിസ്ത്യന്‍ കോളേജിന് സമീപം തകരാറിലായതോടെ യാത്രക്കാര്‍ക്ക് ദുരിതയാത്രയായി. നിറഞ്ഞ യാത്രക്കാരെ റോഡില്‍ ഇറക്കേണ്ടി വന്ന സംഭവം വലിയ പ്രതിഷേധത്തിനിടയായി. സ്ത്രീകളും കൈക്കുഞ്ഞുകളും, വിദ്യാര്‍ത്ഥിനികളും, മറ്റ് ജീവനക്കാരുമടക്കം നിരവധി പേരാണ് ബസിലുണ്ടായിരുന്നത്.

ബസ് തകരാറിലായ വിവരം കെഎസ്ആര്‍ടിസി അധികാരികളെ അറിയിച്ചെങ്കിലും പകരം സംവിധാനം ഒരുക്കാന്‍ തയ്യാറായില്ലെന്നതാണ് യാത്രക്കാരുടെ ആക്ഷേപം. ഏറെ സമയം വൈകിയാണ് ഒരു സൂപ്പര്‍ഫാസ്റ്റ് ബസ് എത്തിയതെങ്കിലും അതിലും നിറഞ്ഞ യാത്രക്കാരുണ്ടായതിനാല്‍ കുറച്ച് പേര്‍ക്ക് മാത്രമേ കയറാനായുള്ളൂ. ബാക്കി യാത്രക്കാര്‍ക്ക് യാത്ര തുടരാനാകാതെ വന്നതോടെ, ചിലര്‍ റോഡിന്റെ നടുവില്‍ ബസ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചു. സംഭവത്തില്‍ ബസ് ജീവനക്കാരുമായും യാത്രക്കാരുമായും വാക്കേറ്റം ഉണ്ടായി. യാത്രക്കാരില്‍ ചിലര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇടപെട്ടു. ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് മറ്റൊരു ബസ് എത്തിയെങ്കിലും, അതില്‍ ചിലര്‍ക്കെ മാത്രമാണ് യാത്ര തുടരാനായത്. ശേഷിച്ചവര്‍ക്ക് രാത്രി സമയത്തും റോഡില്‍ ബസിനായി കാത്തിരിക്കേണ്ടി വന്നു.

രാത്രികാലത്ത് ഈ റൂട്ടില്‍ ഓടുന്ന ബസുകളുടെ എണ്ണം കുറവാണെന്നും, പഴക്കം ചെന്ന വാഹനങ്ങള്‍ യാത്രയ്ക്കിടെ തകരാറിലാകുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നതുമാണെന്ന് ഡ്രൈവര്‍മാര്‍ സമ്മതിക്കുന്നു. കോഴിക്കോട്‌ പേരാമ്പ്ര തൊട്ടില്‍പാലം റൂട്ടിന് ഉയര്‍ന്ന വരുമാനം ഉണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ അധികൃതര്‍ ഇടപെടാറില്ലെന്നതാണ് യാത്രക്കാരുടെ പരാതി.

രാത്രി 11 മണിക്ക് ശേഷം തൊട്ടില്‍പ്പാലം ട്രാക്കിന് സമീപം തലശ്ശേരി ഭാഗത്തേക്ക് ഒരേ സമയം നാലും അഞ്ചും ബസുകള്‍ നിര്‍ത്തിയിട്ടതായും കാണാം. ഇതില്‍ ചിലത് റൂട്ട് മാറ്റി പേരാമ്പ്ര - കുറ്റ്യാടി - നാദാപുരം വഴി തലശേരിയിലേക്ക് പോയാല്‍ രാത്രിയാത്രാ ക്ലേശത്തിന് പരിഹാരമാവും. ഈ ആവശ്യം യാത്രക്കാര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. വകുപ്പ് മന്ത്രി കഴപ്പെടെ ഫോട്ടോ സഹിതം പരാതി നല്‍കിയിട്ടും നാളിതുവരെ നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

 രാത്രി യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാന്‍ അടിയന്തിര നടപടികള്‍ വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്. എന്നാല്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും കൃത്യസമയത്ത് സത്യസന്ധതയോടെ ഡ്യൂട്ടി ചെയ്യുന്നത് വളരെ ആശ്വാസകരമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307592/night-travel-was-a-nightmare-protest-against-ksrtc-bus-breakdown)