---
title: "'അതിരില്ലാത്ത ആവിഷ്‌കാരം', പേരാമ്പ്രയിലെ ചിത്രകാരന്മാര്‍ ഒന്നിച്ചു; 'ദി ക്യാമ്പ് പേരാമ്പ്ര'യുടെ പന്ത്രണ്ടാമത് ചിത്രപ്രദര്‍ശന ക്യാമ്പിന് തുടക്കമായി"
english_title: "'Unbounded Expression', the artists of Perambra together; the twelfth art exhibition camp of 'The Camp Perambra' has begun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/308372/unbounded-expression-the-artists-of-perambra-together-the-twelfth-art-exhibition-camp-of-the-camp-perambra-has-begun"
published_at: "2025-08-13T23:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cd6f3c7644_chi.jpg"
keywords: []
---

# 'അതിരില്ലാത്ത ആവിഷ്‌കാരം', പേരാമ്പ്രയിലെ ചിത്രകാരന്മാര്‍ ഒന്നിച്ചു; 'ദി ക്യാമ്പ് പേരാമ്പ്ര'യുടെ പന്ത്രണ്ടാമത് ചിത്രപ്രദര്‍ശന ക്യാമ്പിന് തുടക്കമായി

> **Lead Summary:** കോഴിക്കോട് : ചിത്രകലയില്‍ നമ്മള്‍ നമ്മളെ തന്നെ കണ്ടെത്താനും അനുഭവിക്കാനും പരിശ്രമിക്കണമെന്ന് ലളിതകല അക്കാദമി മെമ്പര്‍ സുനില്‍ അശോകപുരം. കോഴിക്കോട് മാനാഞ്ചിറ ലളിതകല അക്കാദമി ഹാളില്‍ നടന്ന 'ദി ക്യാമ്പ് പേരാമ്പ്ര'യുടെ പന്ത്രണ്ടാമത് ചിത്രപ്രദര്‍ശന ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കോഴിക്കോട് : ചിത്രകലയില്‍ നമ്മള്‍ നമ്മളെ തന്നെ കണ്ടെത്താനും അനുഭവിക്കാനും പരിശ്രമിക്കണമെന്ന് ലളിതകല അക്കാദമി മെമ്പര്‍ സുനില്‍ അശോകപുരം. കോഴിക്കോട് മാനാഞ്ചിറ ലളിതകല അക്കാദമി ഹാളില്‍ നടന്ന 'ദി ക്യാമ്പ് പേരാമ്പ്ര'യുടെ പന്ത്രണ്ടാമത് ചിത്രപ്രദര്‍ശന ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ പ്രായ വിഭാഗക്കാരുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത വ്യക്തികളുടെ വ്യത്യസ്ത ആശയ പ്രദര്‍ശനം കൂടിയാണ് 'ദി ക്യാമ്പ് പേരാമ്പ്ര' ചിത്രപ്രദര്‍ശനം എന്ന് അദ്ദേഹം പറഞ്ഞു. ചിത്രം വലിയ വിലയില്‍ വില്‍ക്കുന്നു എന്നതിലുപരി കലയെ നിലനിര്‍ത്തികൊണ്ട് കഴിവുകളെ തെളിയിച്ചു കൊണ്ട് മുന്നോട്ട് പോകണം എന്നും അത് ഒരുപാട് ആളുകള്‍ക്ക് ഊര്‍ജം പകരുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശികമായി വീട്ടുമുറ്റങ്ങളില്‍ ചിത്രരചനയും ചര്‍ച്ചകളും സംഘടിപ്പിച്ചു കൊണ്ട് ചിത്രകലയെ ജനകീയമാക്കാന്‍ പര്യാപ്തമായ 'വരേം വാര്‍ത്താനോം' പ്രോഗ്രാമുകള്‍ കൂടാതെ അയല്‍ ജില്ലയിലടക്കം വിവിധ കേന്ദ്രങ്ങളില്‍ ഇരുപതോളം ചിത്രകല ക്യാമ്പുകള്‍ നടത്തുവാനും ഓണ്‍ലൈനായും അല്ലാതെയും നിരവധി പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കുവാനും മുന്‍കൈ എടുത്ത ദി ക്യാമ്പ് പേരാമ്പ്രയുടെ പന്ത്രണ്ടാമത് ചിത്രപ്രദര്‍ശനമാണ് ആഗസ്റ്റ് 13 മുതല്‍ 19 വരെ കോഴിക്കോട് ലളിത അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്നത്.

'ENDLESS EXPRESSION' എന്ന് പേരിട്ടിരിക്കുന്ന ഈ ഷോയില്‍ 22 ചിത്രകൃത്തുക്കളുടെ ചിത്രാവിഷ്‌കാരങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. തികച്ചും വ്യക്തിപരമായ സ്വതന്ത്ര ആത്മാവിഷ്‌കാരങ്ങള്‍ എന്ന നിലയിലാണ് ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ നിലകൊള്ളുന്നത്.

ചിത്ര-ശില്പകല മേഖലകള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് കലാ-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ചിത്രകാരുടെ സ്വതന്ത്ര കൂട്ടായ്മയാണ് 'ദി ക്യാമ്പ് പേരാമ്പ്ര'. ചിത്രകലയെ ജനകീയമാക്കുന്നതിനോടൊപ്പം സമൂഹത്തിലെ സര്‍വ്വ വ്യക്തികളിലും പ്രായഭേദമന്യേ ഉള്‍ച്ചേര്‍ന്നിരിക്കുന്ന കലാഭിരുചിയും ആസ്വാദനക്ഷമതയും സര്‍ഗാത്മകതയും ഉണര്‍ത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ട് കൂടുതല്‍ അനായാസവും ആഹ്ലാദകരവുമായ സമൂഹജീവിതം സാധ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് 2021ല്‍ രൂപീകരിക്കപ്പെട്ട ഈ കൂട്ടായ്മയുടെ പ്രഥമ ലക്ഷ്യം.

ചിത്രകലാസാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സാമൂഹ്യ സേവനരംഗത്തും ഇടപെടാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ കൂട്ടായ്മ. കഴിഞ്ഞ വയനാട് ദുരന്തത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് വേണ്ടി സ്വന്തം പെയിന്റിംഗുകള്‍ വിറ്റ് ധനസമാഹരണം നടത്തി മുഖ്യമന്ത്രിയുടെ ഫബിലേക്ക് സംഭാവന ചെയ്യാനും പൊതുവിദ്യാലയത്തില്‍ സൗജന്യമായി ചിത്രങ്ങള്‍ വരച്ച് മോടികൂട്ടാനും ക്യാമ്പ് അംഗങ്ങള്‍ മുന്നോട്ട് വന്നത് മാതൃകയാണ് .

ആര്‍.ബാലകൃഷ്ണന്‍, അഭിലാഷ് തിരുവോത്ത്, അനുപമ അവിട്ടം, അസ്സല്‍ മേപ്പയൂര്‍, ബാബു പുറ്റംപൊയില്‍, ബഷീര്‍ ചിത്രകൂടം, ബിജു ഇടത്തില്‍, ദേവരാജ് കന്നാട്ടി, ജെസ്സി ജോസ്, ലിതേഷ് കരുണാകരന്‍, നന്ദന രശ്മി സുരേഷ്, നിതേഷ് തെക്കേലത്ത്, പ്രജീഷ് പേരാമ്പ്ര, രാജീവന്‍ കെ. സി, രമേശ് കോവുമ്മല്‍, കെ.റജി കുമാര്‍, രഞ്ജിത്ത് പട്ടാണിപ്പാറ, ഋതുപര്‍ണ രാജീവ്, സിനോജ് ജോസ്, ഡോ.സോമനാഥന്‍ പി, ശ്രീജേഷ് പി എം, സുരേഷ് കുമാര്‍ പി.കെ എന്നിവരുടെ സൃഷ്ടികളാണ് എക്‌സിബിഷനില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത് .

ചടങ്ങിന് എക്‌സിബിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീജേഷ് പി എം സ്വാഗതം പറഞ്ഞു. 'ദി ക്യാമ്പ് പേരാമ്പ്ര' പ്രസിഡന്റ് പ്രേംരാജ് അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ രാജേന്ദ്രന്‍ പുല്ലൂര്‍, സുധീഷ് കെ എന്നിവര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു. 'ദി ക്യാമ്പ് പേരാമ്പ്ര' ജോയിന്റ് സെക്രട്ടറി കെ സി രാജീവന്‍ നന്ദിയും പറഞ്ഞു. പ്രദര്‍ശനം 19 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/308372/unbounded-expression-the-artists-of-perambra-together-the-twelfth-art-exhibition-camp-of-the-camp-perambra-has-begun)