---
title: "ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നയിക്കുന്ന കുറ്റവിചാരണ യാത്രക്ക് തുടക്കമായി"
english_title: "The Changaroth constituency congress committee has started its campaign for the investigation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310498/the-changaroth-constituency-congress-committee-has-started-its-campaign-for-the-investigation"
published_at: "2025-08-23T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9d51d73abb_ler.jpg"
keywords: []
---

# ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നയിക്കുന്ന കുറ്റവിചാരണ യാത്രക്ക് തുടക്കമായി

> **Lead Summary:** **ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നയിക്കുന്ന കുറ്റവിചാരണ യാത്രക്ക് തുടക്കമായി. ചെറിയ കുമ്പളത്ത് നടന്ന ചടങ്ങില്‍ ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ ജാഥാ ലീഡര്‍ മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

## Article Content

**ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നയിക്കുന്ന കുറ്റവിചാരണ യാത്രക്ക് തുടക്കമായി. ചെറിയ കുമ്പളത്ത് നടന്ന ചടങ്ങില്‍ ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ ജാഥാ ലീഡര്‍ മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ച സി പി എം വാര്‍ഡ് വിഭജനം മുതല്‍ കരട് പട്ടിക നിശ്ചയിക്കുന്നതിലും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകമായ ക്രമക്കേട് നടത്തിയതായി അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയില്‍ ബി ജെ പി ചെയ്തു കൊണ്ടിരിക്കുന്നത് കേരളത്തില്‍ സി പി എം ചെയ്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നരേന്ദ്ര മോദിയും പിണറായി വിജയനും വോട്ട് കള്ളന്മാരാണെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ ഉബൈദ് വാഴയില്‍ അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ ഇ.വി. രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ആനേരി നസീര്‍, യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എസ്. സുനന്ദ്, കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ജാനിബ് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ കെ.എം അഭിജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍. ഇ ലിനീഷ് നന്ദിയും പറഞ്ഞു.

നാളെ (ഞായര്‍) കല്ലൂരില്‍ നിന്ന് പ്രയാണം ആരംഭിക്കുന്ന കുറ്റ വിചാരണയാത്ര പുറവൂര്‍, പാറക്കെട്ട് മുതുവണ്ണാച്ച, കൂന്നിയോട്, പാറക്കടവ്, കൈതേരി മുക്ക്, തോട്ടത്താം കണ്ടി, ഇടിവെട്ടി, പാലേരി, കന്നാട്ടി, തരിപ്പിലോട്, ജാനകിവയല്‍, കടിയങ്ങാട് പാലം, കിടിയങ്ങാട്, മഹിമ, ആവടുക്ക എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പന്തിരിക്കരയില്‍ സമാപിക്കും. സമാപന സമ്മേളനം കെ പി സി സി ഉപാധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310498/the-changaroth-constituency-congress-committee-has-started-its-campaign-for-the-investigation)