---
title: "വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു"
english_title: "Middle-aged man dies while undergoing treatment for injuries sustained in a car accident at ulliyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311271/middle-aged-man-dies-while-undergoing-treatment-for-injuries-sustained-in-a-car-accident-at-ulliyeri"
published_at: "2025-08-27T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aeb2d5ab143_rajan.JPG"
keywords: []
---

# വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

> **Lead Summary:** **ഉള്ള്യേരി:** പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ ഇന്നലെ സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനായ മധ്യവയസ്‌ക്കന്‍ മരിച്ചു.

## Article Content

**ഉള്ള്യേരി:** പേരാമ്പ്ര ഉള്ള്യേരി സംസ്ഥാന പാതയില്‍ ഇന്നലെ സ്വകാര്യ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനായ മധ്യവയസ്‌ക്കന്‍ മരിച്ചു.

നടുവണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന നൊച്ചോട്ട് കരുണാലയം മുരളീധരന്‍ (55) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്.

ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന എസി ബ്രദേഴ്സ് ബസില്‍ എതിരെ വന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.

ഉള്ള്യേരി ഭാഗത്തേക്ക് പോവുകയായിരുന്ന മരം കയറ്റിയ ലോറിയെ പിക്കപ്പ് വാനിന് ഒപ്പം മറി കടന്നെത്തിയതായിരുന്നു സ്‌ക്കൂട്ടര്‍.

ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ നാട്ടുകാര്‍ ചേര്‍ന്ന് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സംസ്‌ക്കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഷൈജ നൊച്ചോട്ട് (മഹിള കോണ്‍ഗ്രസ് നടുവണ്ണൂര്‍ മണ്ഡലം പ്രസിഡന്റ്, ബാലുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് നിര്‍വ്വാഹകസമിതി അംഗം, ജനശ്രീ മിഷന്‍ ബാലുശ്ശേരി ബ്ലോക്ക് ട്രഷറര്‍, പേരാമ്പ്ര ധന്‍രത്‌ന ഇന്ത്യ നിധി ലിമിറ്റഡ് ഡയറക്ടര്‍).

മക്കള്‍ ഹരികൃഷ്ണന്‍ ( ഫെച്ച് ഇന്റര്‍ നാഷണല്‍ കമ്പനി താമരശ്ശേരി), വിഷ്ണുമായ (സികെജി കോളെജ് ബിരുദ വിദ്യാര്‍ത്ഥി). പിതാവ് പരേതനായ അപ്പു നായര്‍. മാതാവ് പരേതയായ മാളുക്കുട്ടി അമ്മ.

സഹോദരങ്ങള്‍ കരുണാകരന്‍ (റിട്ട. സബ് ഇന്‍സ്‌പെക്ടര്‍), രാമചന്ദ്രന്‍ (വിമുക്ത ഭടന്‍), സേതുമാധവന്‍ (റിട്ട. മേജര്‍), രത്‌ന കുമാരി. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311271/middle-aged-man-dies-while-undergoing-treatment-for-injuries-sustained-in-a-car-accident-at-ulliyeri)