---
title: "കാണികള്‍ക്ക് അപൂര്‍വ്വ കാഴ്ചയായി പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിലക്കളി "
english_title: "Perambra Elamaran Kulangara Bhagwati Temple is a rare sightNILAKKALI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31164/perambra-elamaran-kulangara-bhagwati-temple-is-a-rare-sightnilakkali"
published_at: "2022-03-11T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b683f4dea7_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കാണികള്‍ക്ക് അപൂര്‍വ്വ കാഴ്ചയായി പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിലക്കളി 

> **Lead Summary:** **പേരാമ്പ്ര:** ക്ഷേത്ര മുറ്റത്ത് വാദ്യക്കാര്‍ ചേര്‍ന്ന് താളം കൊട്ടി. അവര്‍ക്കു മുന്നില്‍ കെട്ടിയാട്ടക്കാരന്‍ താളത്തിനൊത്ത ചുവടുകള്‍ വെച്ചു.

## Article Content

**പേരാമ്പ്ര:** ക്ഷേത്ര മുറ്റത്ത് വാദ്യക്കാര്‍ ചേര്‍ന്ന് താളം കൊട്ടി. അവര്‍ക്കു മുന്നില്‍ കെട്ടിയാട്ടക്കാരന്‍ താളത്തിനൊത്ത ചുവടുകള്‍ വെച്ചു.

മുഖത്തെഴുത്ത് നടത്തി നെറ്റിയില്‍ വെള്ളി പോള, കേശാല്‍ എന്നിവയും അരയില്‍ വാല് ഉടുത്ത് ഒറ്റനാക്ക്, കച്ചിന്‍കര എന്നിവ കെട്ടി ഹസ്ത കടകം പരുത്തികണ്ണി തുടങ്ങിയവ കെട്ടിയ കൈകളില്‍ ഏറ്റുകോല്‍, ചെമ്പു കൊണ്ടുള്ള കളിവട്ട എന്നിവയുമായാണ് കൊട്ടിയാട്ടക്കാരന്‍ ക്ഷേത്ര മുറ്റത്ത് എത്തിയത്.

ക്ഷേത്രാചരങ്ങളില്‍ നിന്നും അന്യം നിന്നുപോയ ഈ അനുഷ്ഠാന കല പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഇന്നലെ വൈകുന്നേരം കെട്ടിയാടിയത്.

വാദ്യക്കാരുടെ താളത്തിന് കെട്ടിയാട്ടക്കാരന്‍ ചില പ്രത്യേക രീതിയിലുള്ള ചുവടുകള്‍ വെക്കും. പിന്നീട് ഏറ്റു കോലും കളിവട്ടയും ഉപയോഗിച്ച് ചില ജാല വിദ്യകളും കാണിക്കും. അപ്പോള്‍ വാദ്യക്കാര്‍ ആട്ടക്കാരനെ നോക്കി കളിയാലെ പോരായ്മകള്‍ രസകരമായ വാക്കുകളിലൂടെ പറയും.

അത് കേട്ട് ആട്ടക്കാരന്‍ തന്റെ കളിയില്‍ ചില കളരി അഭ്യാസങ്ങളാലുള്ള മറച്ചിലും പൊയ്ക്കാലിലുള്ള നടത്തവുമെല്ലാം കാണിച്ച് കാണികളില്‍ വിസ്മയം തീര്‍ക്കും. ഉത്സവകാലങ്ങളില്‍ ക്ഷേത്ര മുറ്റങ്ങളില്‍ മാത്രമാണ് ഈ കലാരൂപം അരങ്ങേറാറുള്ളൂ.

ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ദേവതകള്‍ക്ക് ഉത്സവ ദിനങ്ങളില്‍ കണ്ണേറ് തട്ടുമ്പോള്‍ അത് മാറ്റുന്നതിനു വേണ്ടിയാണ് തിരുമുന്‍പില്‍ നിലകളി എന്ന കലാരൂപം മലയ സമുദായക്കാര്‍ കെട്ടിയാടുന്നത് എന്നാണ് വിശ്വാസം.

ഒരിക്കല്‍ ഭഗവാന്‍ പരമശിവന് തന്റെ സൗന്ദര്യത്താല്‍ കണ്ണേറ് തട്ടി വളരെ ക്ഷീണിതനായി മാറുന്നു. പരമശിവിന് തട്ടിയ കണ്ണേറ് തീര്‍ക്കാന്‍ മലയരെ സൃഷ്ട്ടിച്ചുവെന്നും അവരാണ് പരമശിവനു തട്ടിയ കണ്ണേറ് തീര്‍ത്തതെന്നുമാണ് ഇതിനു പിന്നിലുള്ള ഐതിഹ്യം.

അതിന്റെ ചുവടുപിടിച്ചാണ് പിന്നീട് മലയ സമുദായക്കാര്‍ ഈ കലാരൂപം കെട്ടിയാടി വരുന്നത്. എന്നാാല്‍ മലബാറിലെ ചുരുക്കം ക്ഷേത്രങ്ങളിലെ ഇന്ന് ഈ കലാരൂപം കെട്ടിയാടുന്നുള്ളൂ.

ക്ഷേത്ര ഊരായ്മക്കാര്‍ നിലക്കളിയെ വേണ്ട വിധം ശ്രദ്ധിക്കാതെ പോകുന്നത് കൊണ്ടാണ് ഇത്. കെട്ടിയാടാന്‍ മലയ സമുദായത്തില്‍ നിന്നും പുതുതലമുറ കടന്നു വരാത്ത അവസ്ഥയും മുന്നിലുണ്ട്.

നല്ല മെയ് വഴക്കം ആവശ്യമുള്ള നിലക്കളി കഴിഞ്ഞ ദിവസം ക്ഷേത്ര മുറ്റത്ത് കെട്ടിയാടിയത് വാളൂര്‍ കേയിലോത്തിലെ സബീഷ് ആണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31164/perambra-elamaran-kulangara-bhagwati-temple-is-a-rare-sightnilakkali)